Wednesday, October 14, 2026
Home » ലിയോ പതിനാലാമൻ മാർപാപ്പ: ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി
മാർപാപ്പ

ലിയോ പതിനാലാമൻ മാർപാപ്പ: ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി

by Editor

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ഒക്ടോബർ 13 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷം മാർപാപ്പയെ ആശുപത്രിയിലെ അദ്ദേഹത്തിന്റെ മുറിയിലേക്ക് മാറ്റിയതായി വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.

മാർപാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം (lower lobe) ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും, അദ്ദേഹത്തിന് ‘ലങ് അഡിനോകാർസിനോമ’ (lung adenocarcinoma) എന്ന ഒരുതരം ശ്വാസകോശ അർബുദം സ്ഥിരീകരിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനകളിൽ തന്നെ ഡോക്ടർമാർ ഇത് സംശയിച്ചിരുന്നു. ഏതാണ്ട് 3 മണിക്കൂറോളം അദ്ദേഹം ഓപ്പറേഷൻ തിയേറ്ററിലായിരുന്നു. അതിൽ ശസ്ത്രക്രിയയ്ക്ക് മാത്രം ഏകദേശം 90 മിനിറ്റ് സമയമെടുത്തു. നിലവിൽ വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചതനുസരിച്ച് ശസ്ത്രക്രിയ വിജയകരമായിരുന്നു, മറ്റ് സങ്കീർണ്ണതകൾ ഒന്നുമില്ല.

ശസ്ത്രക്രിയയ്ക്ക് ശേഷം 71-കാരനായ മാർപാപ്പ ആശുപത്രിയിലെ തന്റെ മുറിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താനായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 11 ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ത്രികാലജപ പ്രാർത്ഥനയ്ക്കിടെ മാർപാപ്പ തന്നെയാണ് തന്റെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയ വിവരവും വരും ദിവസങ്ങളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന കാര്യവും വിശ്വാസികളെ നേരിട്ട് അറിയിച്ചത്.

ചരിത്രത്തിൽ അമേരിക്കയിൽ നിന്നും മാർപാപ്പ പദവിയിലെത്തിയ ആദ്യ വ്യക്തിയായ ലിയോ പതിനാലാമൻ മാർപാപ്പ. പൊതുവെ സജീവമായ ജീവിതശൈലി പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ടെന്നീസ്, നീന്തൽ തുടങ്ങിയ കായിക വിനോദങ്ങളിൽ സജീവമായ അദ്ദേഹത്തിൻ്റെ പെട്ടെന്നുള്ള ഈ ആശുപത്രിവാസം വിശ്വാസികളിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

നവംബർ ആറ് മുതൽ 17 വരെ ഉറുഗ്വേ, അർജൻറീന, പെറു എന്നീ രാജ്യങ്ങളിലേക്ക് നടത്താൻ നിശ്ചയിച്ചിട്ടുള്ള സുപ്രധാന അന്താരാഷ്ട്ര പര്യടനത്തെ ഈ ശസ്ത്രക്രിയയും തുടർന്നുള്ള വിശ്രമവും ബാധിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. ആരോഗ്യപരമായ കാര്യങ്ങൾക്കൊപ്പം തന്നെ, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന തൻ്റെ സമാധാനാഹ്വാനം കഴിഞ്ഞ ദിവസത്തെ പ്രാർത്ഥനാ വേളയിലും അദ്ദേഹം ആവർത്തിച്ചു. യുദ്ധം സാധാരണക്കാരുടെ ജീവിതത്തെയും പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിലെ ധാന്യ കയറ്റുമതിയെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും മാർപാപ്പ പ്രത്യേക നന്ദിയും അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!