റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ മിസൈലാക്രമണം. ശനിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ഈ ആക്രമണത്തെ തുടർന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരുക്കേറ്റു. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചതോടെ കൊച്ചിയിൽ നിന്നുള്ള സൗദി സർവീസുകൾ റദ്ദാക്കി.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നാല് പേർ സൗദി അറേബ്യക്കാരാണ്. ഒരാൾ അമേരിക്കൻ പൗരനാണ്. ബംഗ്ലാദേശ്, ജോർദാൻ, ഈജിപ്‌ത്, പലസ്തീൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവരും മരിച്ചവരിലുണ്ട്. റിയാദിന് പിന്നാലെ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു.
വിമാനത്താവളത്തിൽ സ്ഫോടനം നടന്നു എന്ന അഭ്യൂഹങ്ങൾക്കിടെ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗുരുതരമായ സാഹചര്യം വിമാനത്താവളത്തിൽ നിലനിൽക്കുന്നു എന്ന് ഐറിഷ് എംബസിയും അറിയിക്കുന്നു. റിയാദിൽ ഇറങ്ങേണ്ട രണ്ടു സൗദി വിമാനങ്ങളുടെ ലാൻഡിംഗ് ജിദ്ദയിലേക്ക് മാറ്റി. ഇതിനു മുൻപ് വ്യാഴം, വെള്ളി ദിവസങ്ങളിലായി വിമാനത്താവളത്തിന് നേരെയും സൗദിയ എയർലൈൻസിന്റെ വിമാനത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. ഇതിൽ ക്യാപ്റ്റൻ ഹമൂദ് അലി അൽഖൽതാമി എന്ന സൗദി പൈലറ്റ് ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടിരുന്നു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെർമിനലിന് (ആഭ്യന്തര സർവീസ് വിഭാഗം) നേരെയാണ് മിസൈൽ പതിച്ചത്. വിമാനത്തിനായി കാത്തുനിന്ന തീർത്ഥാടകർ ഉൾപ്പെടെ നിരവധി പേർക്ക് ഇതിൽ പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് ടെർമിനലിൽ നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുകയും എയർപോർട്ട് പൂർണ്ണമായി അടച്ചിടുകയും ചെയ്തു. ഡസനിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും പലരുടെയും നില ഗുരുതരമാണെന്നുമാണ് അൽജസിറ റിപ്പോർട്ട് ചെയ്യുന്നത്.
തങ്ങളുടെ അധീനതയിലുള്ള യെമനിലെ സൻആ, ഹുദൈദ വിമാനത്താവളങ്ങൾക്ക് നേരെ സൗദി നടത്തുന്ന ഉപരോധത്തിന് പകരമായി, സൗദിയിലെ മുഴുവൻ വിമാനത്താവളങ്ങളും അടച്ചുപൂട്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹൂതികൾ വ്യക്തമാക്കിയിട്ടുണ്ട്. പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവ ഒഴികെയുള്ള സൗദി വ്യോമപാതയിലൂടെയുള്ള വിമാന സർവീസുകൾ ഒഴിവാക്കണമെന്ന് അവർ വ്യോമയാന കമ്പനികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഹൂതികൾക്ക് നേരെ അതിശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ‘വൻകിട സൈനിക നീക്കം’ സഖ്യസേന ആരംഭിക്കുകയും, ഹൂതികളുടെ 130-ലധികം സൈനിക താവളങ്ങൾ ബോംബിട്ട് തകർക്കുകയും ചെയ്തു. റിയാദിന് നേരെ മിസൈലുകൾ തൊടുത്തുവിടാൻ ഹൂതികൾ ഉപയോഗിച്ച 3 മിസൈൽ ലോഞ്ചെർസ് സൗദി സഖ്യസേന കണ്ടെത്തി തകർത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. കടൽമാർഗ്ഗമുള്ള അന്താരാഷ്ട്ര വ്യാപാര പാതയായ ബാബ് അൽ മന്ദബ് കടലിടുക്കും സമീപത്തുള്ള പെരിം ദ്വീകും ഹൂതികളുടെ കൈകളിൽ നിന്നും സൗദി അനുകൂല യെമൻ സൈന്യം തിരിച്ചുപിടിച്ചതായും റിപ്പോർട്ടുകളുണ്ട്.
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് അമേരിക്ക, ബ്രിട്ടൻ, അയർലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങൾ സൗദിയിലുള്ള തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം (Travel Advisory) നൽകിയിട്ടുണ്ട്. എയർപോർട്ട് പരിസരങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിർദ്ദേശം. കൂടാതെ യുറോപ്യൻ വ്യോമയാന ഏജൻസി (EASA) സൗദി വ്യോമപാതയിലൂടെയുള്ള യാത്രകൾക്ക് പുതിയ നിയന്ത്രണങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്.
ഹൂതികൾക്കെതിരെ സൗദി അറേബ്യ നടത്തുന്ന പ്രത്യാക്രമണങ്ങളിൽ അമേരിക്കയും പങ്കുചേർന്നേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. റിയാദ് ആക്രമണത്തെക്കുറിച്ച് വ്യക്തമാക്കിയ അദ്ദേഹം, “ഞങ്ങൾ ഇതിൽ പങ്കാളികളായേക്കാം, സാഹചര്യങ്ങൾ പരിശോധിച്ച ശേഷം വളരെ പെട്ടെന്ന് തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കും” എന്ന് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജനവാസ മേഖലകളെയും സാധാരണക്കാരായ യാത്രക്കാർ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണത്തിൽ ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. “ഇത് ഒട്ടും നല്ല കാര്യല്ല, ഇതിൽ ഞാൻ ഒട്ടും സന്തുഷ്ടനല്ല” എന്ന് അദ്ദേഹം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. റിയാദിലെ യു.എസ് എംബസി (U.S. Mission Saudi Arabia) തങ്ങളുടെ പൗരന്മാർക്കായി അടിയന്തര സുരക്ഷാ മുന്നറിയിപ്പ് (Security Alert) പുറപ്പെടുവിച്ചു. അമേരിക്കൻ പൗരന്മാർ കിങ് ഖാലിദ് വിമാനത്താവളത്തിലേക്കും അതിന്റെ പരിസര പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് എംബസി ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

