കൊളോൺ: ജർമനിയിലെ കൊളോൺ നഗരത്തിൽ 16 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ഹ്യൂമനോയ്ഡ് റോബോട്ട് ഉപയോഗിച്ച് അതിക്രമം നടത്തിയ സംഭവത്തിൽ രണ്ട് കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് മുന്നിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന പെൺകുട്ടിയെ, റോബോട്ട് ഉപയോഗിച്ച് ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.
ഇതിന്റെ ദൃശ്യങ്ങൾ തത്സമയം പ്രചരിപ്പിച്ച റോബട്ടിൻ്റെ ഉടമയായ പതിനാറുകാരനെയും ഇയാളുടെ 19 വയസ്സുള്ള സുഹൃത്തിനെയും പോലീസ് അറസ്‌റ്റ് ചെയ്തു. വെള്ള ഉടുപ്പും ട്രാക്ക് സ്യൂട്ട് പാന്റ്സും ഒരു വ്യാജ സ്വർണ്ണമാലയും ഒട്ടിക്കുന്ന മീശയും ധരിച്ച ആൻഡ്രോയിഡ് റോബട്ടിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൈനീസ് കമ്പനിയായ യൂണിട്രീ നിർമിച്ച, ഏകദേശം 1.2 മീറ്റർ ഉയരമുള്ള Unitree R1 Air എന്ന മോഡൽ റോബോട്ടാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ്, പ്രതികളുടെ വാഹനത്തിൽ നിന്ന് റോബോട്ട് കണ്ടെത്തുകയും അത് പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളുടെ മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോബോട്ട് മുൻകൂട്ടി പ്രോഗ്രാം ചെയ്തതനുസരിച്ചാണോ അതോ റിമോട്ട് കൺട്രോൾ വഴി കൗമാരക്കാർ മനഃപൂർവ്വം നിയന്ത്രിച്ചതാണോ എന്നാണ് സൈബർ വിഭാഗത്തിന്റെ സഹായത്തോടെ പോലീസ് അന്വേഷിക്കുന്നത്. സാങ്കേതികവിദ്യയുടെ ദുരുപയോഗത്തെക്കുറിച്ചും പൊതുസ്ഥലങ്ങളിലെ സുരക്ഷാ നിയമങ്ങളെക്കുറിച്ചും വലിയ ചർച്ചകൾക്ക് ഈ സംഭവം കാരണമായിട്ടുണ്ട്.

