Saturday, October 17, 2026
Home » മാസപ്പടി കേസിൽ പിണറായി വിജയന് ഇഡിയുടെ സമൻസ്: 23 -ന് ചോദ്യം ചെയ്യലിന് ഹാജരാകണം
പിണറായി വിജയൻ

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡിയുടെ സമൻസ്: 23 -ന് ചോദ്യം ചെയ്യലിന് ഹാജരാകണം

by Editor

തിരുവനന്തപുരം: സിഎംആർഎൽ-എക്സ്‌സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. ഒക്ടോബർ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഈ മാസം 14-നാണ് ഇസിഐആർ രജിസ്റ്റർ ചെയ്തത്. വിജിലൻസ് കേസെടുത്ത് മൂന്നാം ദിവസമാണ് ഇഡി ഇസിഐആർ (Enforcement Case Information Report) രജിസ്റ്റർ ചെയ്തത്. പിണറായിക്കും റിയാസിനും എതിരായ കേസുകളിൽ രണ്ട് പ്രത്യേക ഇ സി ഐ ആറുകളാണ് ഇഡി രജിസ്റ്റർ ചെയ്തത്. ആദ്യ കേസിൽ പിണറായിയും രണ്ടാം കേസിൽ റിയാസുമാണ് ഒന്നാം പ്രതികൾ. മുഹമ്മദ് റിയാസിനെതിരെയുള്ള കേസ് പ്രത്യേകം അന്വേഷിക്കും. അഴിമതി തടയൽ പ്രകാരമുള്ള വിജിലൻസ് കേസ് എടുത്തതോടെയാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്.

അതേസമയം കേസ് സുപ്രീം കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം. നിയമസഭ നടക്കുന്ന കാര്യവും ഇ.ഡിയെ അറിയിക്കാനാണ് ആലോചന. കേസിൽ മുഹമ്മദ് റിയാസിനും ഇ.ഡി ഉടൻ സമൻസ് അയച്ചേക്കുമെന്നാണ് വിവരം. സിഎംആർഎൽ കേസിലെ പിണറായി വിജയൻ്റെ ഹർജി അനുഭാവപൂർവം പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. വെക്കേഷൻ ബെഞ്ച് പരിഗണിക്കാനാവുമോയെന്ന് നോക്കാമെന്നും ഇല്ലെങ്കിൽ 26 ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസും സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് പരിഗണിച്ചില്ല. സിംഗിൾ ബെഞ്ച് വിധിയിൽ തൻ്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. തുടർന്ന് സിഎംആർ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. രണ്ട് കേസിലും പിണറായിയുടെ മകൾ ടി. വീണ പ്രതിയാണ്. മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി.

Send your news and Advertisements

You may also like

error: Content is protected !!