Saturday, October 17, 2026
Home » ഇന്ത്യയുടെയും ചൈനയുടെയും എതിർപ്പിന് മുന്നിൽ വഴങ്ങി ട്രംപ്; റഷ്യൻ എണ്ണ വാങ്ങാം; അധിക തീരുവകളിലും ഇളവ്.
ഇന്ത്യ യുഎസ് റഷ്യ

ഇന്ത്യയുടെയും ചൈനയുടെയും എതിർപ്പിന് മുന്നിൽ വഴങ്ങി ട്രംപ്; റഷ്യൻ എണ്ണ വാങ്ങാം; അധിക തീരുവകളിലും ഇളവ്.

by Editor

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിക്കാൻ സാധ്യതയുണ്ടായിരുന്ന ഉപരോധങ്ങളിലും അധിക തീരുവകളിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇളവ് പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 18-ന് പ്രാബല്യത്തിൽ വരാനിരുന്ന കടുത്ത നിയമത്തിലെ വ്യവസ്ഥകളാണ് ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് താൽക്കാലികമായി ഒഴിവാക്കിയത്.

റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട്’ സെപ്റ്റംബർ 18-നാണ് ട്രംപ് ഒപ്പുവെച്ചത്. ഇത് നടപ്പിലാക്കാനുള്ള 30 ദിവസത്തെ കാലാവധി ഒക്ടോബർ 18-ന് അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ നാടകീയമായ നിലപാടുമാറ്റം.

റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ അധിക തീരുവ ചുമത്തിയാൽ അത് ഉഭയകക്ഷി ബന്ധങ്ങളെയും ആഗോള വ്യാപാര കരാറുകളെയും ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യ, അധിക താരിഫുകൾ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷിതവും മിതമായ നിരക്കിലുള്ളതുമായ ഊർജ ലഭ്യത ഉറപ്പാക്കുകയാണ് രാജ്യത്തിന്‍റെ ഊർജ നയമെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. യുഎസിന്‍റെ പുതിയ പ്രഖ്യാപനത്തെ ചൈനയും എതിർത്തിരുന്നു.

ആഗോളതലത്തിൽ റഷ്യൻ എണ്ണയുടെ 70 ശതമാനത്തോളം വാങ്ങുന്നത് ഇന്ത്യയും ചൈനയുമാണ്. ഇന്ത്യ വാങ്ങുന്ന റഷ്യൻ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് നിർമ്മിക്കുന്ന ഡീസൽ യുഎസ് വിപണിയിൽ പോലും എത്താറുണ്ട്. ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയാൽ അത് യുഎസിലെ ഡീസൽ വിതരണത്തെയും ബാധിക്കുമെന്ന അവസ്ഥയുണ്ടായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്ന പശ്ചാത്തലത്തിൽ, റഷ്യൻ എണ്ണയ്ക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തുന്നത് വിപണിയിൽ കനത്ത വിലക്കയറ്റത്തിന് കാരണമാകുമെന്ന് യുഎസ് ഭയക്കുന്നുണ്ട്. നവംബറിൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആഭ്യന്തരമായി ഇന്ധനവിലയും ഡീസൽ വിലയും ഉയരുന്നത് ഭരണകൂടത്തിന് തിരിച്ചടിയാകുമെന്നും ട്രംപ് കരുതുന്നു.

ട്രംപിന്റെ പുതിയ തീരുമാനത്തോടെ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കനത്ത തിരിച്ചടിയാകുമായിരുന്ന 100% അധിക തീരുവയുടെ ഭീഷണി തൽക്കാലം ഒഴിവായി. ഇന്ത്യയ്ക്ക് സ്വന്തം ഊർജ്ജ സുരക്ഷ മുൻനിർത്തി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിലവിലെ രീതിയിൽ തന്നെ തുടരാൻ സാധിക്കും. ട്രംപ് ഈ ഉപരോധങ്ങൾ പൂർണ്ണമായി റദ്ദാക്കിയിട്ടില്ല, പകരം തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് താൽക്കാലികമായി സസ്പെൻഡ് ചെയ്യുക (Waiver) മാത്രമാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഭാവിയിൽ അമേരിക്കയ്ക്ക് ഈ ഭീഷണി വീണ്ടും ഉയർത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

യുഎസിനെ സമ്മർദ്ദത്തിലാക്കാൻ പുതിയ നീക്കങ്ങളുമായി ഇറാൻ; ഇറാനെതിരെ വീണ്ടും അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണ സാധ്യത

Send your news and Advertisements

You may also like

error: Content is protected !!