Monday, October 19, 2026
Home » ‘പ്രക്ഷോഭങ്ങൾക്ക് കാരണം കുടിയേറ്റം, ഇനിയെങ്കിലും അതിർത്തികൾ അടയ്ക്കൂ’: ഡൊണാൾഡ് ട്രംപ്
ഡോണൾ‍ഡ് ട്രംപ്.

‘പ്രക്ഷോഭങ്ങൾക്ക് കാരണം കുടിയേറ്റം, ഇനിയെങ്കിലും അതിർത്തികൾ അടയ്ക്കൂ’: ഡൊണാൾഡ് ട്രംപ്

by Editor

വാഷിങ്ടൺ: ഫ്രാൻസിൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനെതിരെയും പൊതുസേവനങ്ങളിലെ പോരായ്മകൾക്കെതിരെയും നടക്കുന്ന കടുത്ത പ്രക്ഷോഭങ്ങൾക്ക് കാരണം കുടിയേറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഫ്രാൻസിലെ സ്ഥിതിഗതികളെ രൂക്ഷമായി വിമർശിച്ചത്.

ഫ്രാൻസിലെ അക്രമസംഭവങ്ങൾക്ക് കാരണം അനിയന്ത്രിതമായ കുടിയേറ്റമാണെന്ന് ആരോപിച്ച ട്രംപ്, രാജ്യം കൂടുതൽ തകരുന്നതിന് മുൻപ് അതിർത്തികൾ അടച്ച് നിയന്ത്രണം ഏറ്റെടുക്കാൻ ഫ്രഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. ഫ്രാൻസ് ഇപ്പോൾ കത്തിക്കൊണ്ടിരിക്കുകയാണ്. തീർത്തും വ്യത്യസ്‌തമായ പശ്ചാത്തലത്തിൽ നിന്നും ഹൃദയത്തിൽ വെറുപ്പുമായി എത്തിയ ആളുകളുടെ കുടിയേറ്റമാണ് ഒരിക്കൽ പ്രതാപത്തിലായിരുന്ന ആ രാജ്യത്തെ തകർത്തത്. കാര്യങ്ങൾ കൈവിട്ടുപോകുന്നതിന് മുൻപ് അതിർത്തികൾ അടയ്ക്കാനും നിയന്ത്രണം ഏറ്റെടുക്കാനും സമയമായിരിക്കുന്നു എന്നും ട്രംപ് കുറിച്ചു.

ഫ്രാൻസിലുണ്ടായതിന് സമാനമായ കലാപങ്ങൾ അമേരിക്കയിൽ ഉണ്ടാകാത്തത് തൻ്റെ ഭരണകൂടം സ്വീകരിച്ച കർശനമായ അതിർത്തി നിയന്ത്രണങ്ങൾ കാരണമാണെന്ന് ട്രംപ് അവകാശപ്പെട്ടു. നേരത്തെ യു.എസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും ഫ്രാൻസിലെ ആക്രമണങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നിൽ കുടിയേറ്റമാണെന്ന് ആരോപിച്ചിരുന്നു. ട്രംപിൻ്റെ ആരോപണങ്ങൾക്ക് വിപരീതമായി, ഈ അക്രമങ്ങൾക്ക് പിന്നിൽ കുടിയേറ്റക്കാരാണെന്നതിന് ഫ്രഞ്ച് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ ഉടനീളം രണ്ടായിരത്തിലധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്തെ പുതിയ സാമ്പത്തിക-സാമൂഹിക നയങ്ങൾക്കെതിരെ ഫ്രാൻസിലുടനീളം ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം അഞ്ചര ലക്ഷത്തിലധികം ആളുകളാണ് തെരുവിലിറങ്ങിയത്. തലസ്ഥാനമായ പാരീസിൽ മാത്രം 1.1 ലക്ഷം പേർ അണിനിരന്നു. പല നഗരങ്ങളിലും പ്രതിഷേധം വൻ അക്രമ സംഭവങ്ങളിലേക്ക് വഴിമാറിയിട്ടുണ്ട്. പാരീസിൽ കടകളും റെസ്റ്റോറന്റുകളും അക്രമികൾ തകർത്തു.

ബോർഡെക്‌സിൽ ലൂയി വിറ്റൺ, ആപ്പിൾ തുടങ്ങിയ വൻകിട ബ്രാൻഡുകളുടെ ഷോറൂമുകൾ തകർക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ കവരുകയും ചെയ്തു. കൂടാതെ നഗരങ്ങളിലെ വിവിധ കെട്ടിടങ്ങൾക്ക് അക്രമികൾ തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. സാഹചര്യം വഷളായതോടെ രാജ്യത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

ഫ്രാൻസിൽ വൻതോതിലുള്ള അക്രമങ്ങളും നാശനഷ്ടങ്ങളും; പ്രക്ഷോഭം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു.

Send your news and Advertisements

You may also like

error: Content is protected !!