Saturday, October 24, 2026
Home » സൗദിയിൽ രണ്ടിടത്ത് മിസൈൽ ആക്രമണം, ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കി.

സൗദിയിൽ രണ്ടിടത്ത് മിസൈൽ ആക്രമണം, ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കി.

by Editor

റിയാദ്: യമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളും ലക്ഷ്യമാക്കി നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. ഇന്ന് പുലർച്ചെയും തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായി. എന്നാൽ സൗദി വ്യോമപ്രതിരോധ സേന മിസൈൽ ആകാശത്തുവെച്ച് തന്നെ വിജയകരമായി വെടിവെച്ചിട്ടു.

ആക്രമണ ഭീഷണിയെത്തുടർന്ന് ഇന്ന് പുലർച്ചെ 4 മണിയോടെ സൗദി സിവിൽ ഡിഫൻസ് റിയാദ് (Riyadh), നജ്‌റാൻ (Najran), വാദി അൽ ദവാസിർ (Wadi Al-Dawasir) എന്നീ മേഖലകളിൽ അടിയന്തര സൈറണുകളും മൊബൈൽ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിരുന്നു. മിസൈലുകൾ തകർത്തതിന് ശേഷം ഈ പ്രദേശങ്ങളിലെല്ലാം അപായസാഹചര്യം ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു.

സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നതു തുടരുകയാണ്. റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്ടോബർ 31 വരെയും, ജിദ്ദ, ദമ്മാം, മദീന സർവീസുകൾ ഒക്ടോബർ 27 വരെയും റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് ഒക്ടോബർ 24 വരെയുള്ള എല്ലാ സൗദി സർവീസുകളും നിർത്തിവെച്ചിരുന്നു. ഇന്നത്തെ പുതിയ സാഹചര്യം വിലയിരുത്തിയ ശേഷം സർവീസുകൾ നീട്ടണോ എന്ന കാര്യത്തിൽ കമ്പനികൾ ഉടൻ തന്നെ അടുത്ത തീരുമാനം പ്രഖ്യാപിക്കും. ആകാശ എയർ ഒക്ടോബർ 27 വരെയുള്ള തങ്ങളുടെ സൗദി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് സൗദിയിലെ വിവിധ നഗരങ്ങളിലേക്കുള്ള ഒട്ടേറെ സർവീസുകൾ മുടങ്ങിയത് പ്രവാസി മലയാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പെട്ടെന്നുള്ള വിമാന റദ്ദാക്കലുകൾ കാരണം ഉംറ നിർവഹിക്കാൻ മക്കയിലും മദീനയിലുമെത്തിയ നാലായിരത്തോളം ഇന്ത്യൻ തീർത്ഥാടകർ സൗദിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വലിയ വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ കൃത്യമായ വിവരങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ സൗദിയിലെ ഇന്ത്യൻ എംബസി നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്.

സൗദിയിലെ എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു; ഒരു ഇന്ത്യക്കാരന് പരുക്ക്

Send your news and Advertisements

You may also like

error: Content is protected !!