പാമ്പാടി: കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് യുവതികൾ മരണപ്പെട്ടു. മീനടം വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസ് (25), പാമ്പാടി കടുംവുംഭാഗം ഫാദർ കുര്യാക്കോസിന്റെ മകൾ കൃപ മെറിൻ കുര്യൻ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഇന്ന് രാവിലെ 9 മണിയോടെ കോത്തല 13 മൈൽ ജംക്‌ഷനു സമീപമാണ് അപകടമുണ്ടായത്. ആഷ്‌ലിയുടെ വാഹനത്തിലാണ് ഇരുവരും സഞ്ചരിച്ചത്. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് എതിരെ വന്ന ബസിനടിയിലേക്ക് ഇരുവരും തെറിച്ചു വീഴുകയായിരുന്നു. ഇരുവരും സംഭവസ്‌ഥലത്ത് തന്നെ മരിച്ചു. റോഡരികിൽ നിന്നിരുന്ന വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാനായി മുൻപേ പോയ കാർ ബ്രേക്ക് ചെയ്‌തപ്പോഴാണ് അപകടമെന്ന് ദൃക്‌സാഷികൾ പറയുന്നു.
ഓസ്ട്രേലിയയിൽ എംഎസ് ഡബ്ല്യു പഠനം പൂർത്തീകരിച്ച് നാട്ടിലെത്തിയതായിരുന്നു കൃപ. മാർച്ചിൽ കോൺവെക്കേഷൻ നടക്കാനിരിക്കുകയായിരുന്നു. ആഷ്‌ലി ബെംഗളൂരുവിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയിരുന്നു. ഇരുവരും സ്‌കൂളിൽ സഹപാഠികൾ ആയിരുന്നു. നാട്ടിലെത്തുമ്പോൾ ഒന്നിച്ച് പോകാറുണ്ടായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി. സംസ്ക്‌കാരം പിന്നീട്.

