Saturday, October 24, 2026
Home » ഇറാനെതിരെ ഇസ്രയേലുമായി ചേർന്ന് കനത്ത ആക്രമണത്തിന് യുഎസ് ഒരുങ്ങുന്നു? ആക്രമണം ഉണ്ടായാൽ തിരിച്ചടി ഭയാനകമായിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്.
ഇറാനും യുഎസും

ഇറാനെതിരെ ഇസ്രയേലുമായി ചേർന്ന് കനത്ത ആക്രമണത്തിന് യുഎസ് ഒരുങ്ങുന്നു? ആക്രമണം ഉണ്ടായാൽ തിരിച്ചടി ഭയാനകമായിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്.

by Editor

വാഷിങ്ടൺ: ഇറാനെതിരെ ഇസ്രയേലുമായി ചേർന്ന് കനത്ത സൈനിക ആക്രമണത്തിന് അമേരിക്ക (യുഎസ്) പദ്ധതി തയ്യാറാക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, നവംബർ ആദ്യവാരം നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷമേ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ സംയുക്ത ആക്രമണത്തിന് അന്തിമ അനുമതി നൽകാൻ സാധ്യതയുള്ളൂ എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, വീണ്ടുമൊരു ആക്രമണമുണ്ടായാൽ ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ അതിരൂക്ഷമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്തിമ അനുമതി ലഭിച്ചാൽ ഇസ്രയേലുമായി ചേർന്ന് സംയുക്ത ആക്രമണം പുനരാരംഭിക്കാൻ യുഎസ് സൈന്യം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇറാന്റെ ആണവനിലയങ്ങൾ, എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. നവംബറിന് മുൻപ് കപ്പൽ വ്യൂഹങ്ങളും യുദ്ധവിമാനങ്ങളും ഉൾപ്പെടെയുള്ള വലിയൊരു സൈനിക സന്നാഹം അമേരിക്ക മേഖലയിൽ സജ്ജമാക്കുന്നുണ്ട് എന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ സൈനിക നീക്കം പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീണ്ടുമൊരു യുദ്ധമുണ്ടായാൽ രാജ്യാന്തര വിപണിയിൽ എണ്ണവില ക്രമാതീതമായി ഉയരുമെന്ന് അന്താരാഷ്ട്ര നാണയ നിധിയും (IMF) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒക്ടോബർ 27-ന് ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിന് മുൻപ് അടിയന്തരമായി ആക്രമണം നടത്തേണ്ട സൈനിക സാഹചര്യമില്ലെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (IDF) ചീഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നേരിട്ട് കണ്ട് പുതിയ ആക്രമണ പദ്ധതികൾ ചർച്ച ചെയ്‌തിരുന്നു. ഇറാന്റെ പ്രധാന ഊർജ്ജ നിലയങ്ങൾ, ആണവ കേന്ദ്രങ്ങൾ, ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ താവളങ്ങൾ എന്നിവയാണ് ഇത്തവണ സഖ്യസേന പ്രധാനമായും ലക്ഷ്യമിടുന്നത് എന്നാണ് സൂചനകൾ. ഇതിന്റെ ഭാഗമായി സിറിയ, ഇറാഖ് വ്യോമാതിർത്തികൾ വഴി ഇസ്രയേലിന്റെ നിരവധി യുദ്ധവിമാനങ്ങളും ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളും ഉൾപ്പെടെ വലിയൊരു സൈനികാഭ്യാസം അടുത്തിടെ നടത്തിയിരുന്നു.

തങ്ങൾക്കെതിരെ പുതിയ ആക്രമണമുണ്ടായാൽ അത് കേവലം എണ്ണ നിലയങ്ങളിൽ മാത്രം ഒതുങ്ങില്ലെന്നും, ഗൾഫ് മേഖലയിലെ ഡേറ്റാ സെന്ററുകൾ, കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ എന്നിവയെല്ലാം തകർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. തിരിച്ചടിക്ക് യാതൊരു നിയന്ത്രണങ്ങളും അതിർവരമ്പുകളും ഉണ്ടാകില്ലെന്ന് ഇറാന്റെ സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ 7 രാജ്യങ്ങളെ ഇത് ബാധിക്കുമെന്നാണ് ഭീഷണി.

ആഗോള എണ്ണക്കടത്തിന്റെ പ്രധാന ചാനലായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഇതിനകം ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. സുരക്ഷാ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ യുഎസ് അടിയന്തരമായി ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും വിദേശകാര്യ മന്ത്രിമാർ ഇസ്താംബൂളിൽ അടിയന്തര യോഗം ചേരുകയാണ്.

സൗദി അറേബ്യക്ക് പ്രതിരോധമൊരുക്കാൻ യു കെ

Send your news and Advertisements

You may also like

error: Content is protected !!