Monday, October 26, 2026
Home » ഒക്ടോബർ ഏഴ് ഹമാസ് ആക്രമണത്തിനും തുടർന്നുണ്ടായ ഗാസ യുദ്ധത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് പരീക്ഷണത്തിന് ഇസ്രായേൽ
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഒക്ടോബർ ഏഴ് ഹമാസ് ആക്രമണത്തിനും തുടർന്നുണ്ടായ ഗാസ യുദ്ധത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് പരീക്ഷണത്തിന് ഇസ്രായേൽ

by Editor

ടെൽഅവീവ്: 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനും തുടർന്ന് ഗാസയിൽ ഉടലെടുത്ത ദീർഘകാല യുദ്ധത്തിനും ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിനൊരുങ്ങി ഇസ്രായേൽ. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന ബെഞ്ചമിൻ നെതന്യാഹുവിൻ്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന ജനഹിതപരിശോധന കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.

മൂന്ന് വർഷത്തോളമായി തുടരുന്ന ഗാസ, ലെബനൻ യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 27 ചൊവ്വാഴ്ച ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ഇസ്രായേൽ പാർലമെന്റായ ‘ക്നസെറ്റി’ലെ (Knesset) 120 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 1988-ന് ശേഷം ആദ്യമായാണ് ഇസ്രായേലിൽ ഒരു പാർലമെന്റ് കാലാവധി പൂർത്തിയാക്കി (നാല് വർഷം) കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പ് പൂർത്തിയായാലും ഒരു പുതിയ സർക്കാരുണ്ടാകാൻ ആഴ്‌ചകളോ മാസങ്ങളോ എടുത്തേക്കാം. ഇസ്രയേലിലെ സങ്കീർണമായ പാർലമെൻ്ററി മുന്നണി സംവിധാനമാണ് ഇതിന് കാരണം. ഭരണകക്ഷിയായ ലികുഡ് പാർട്ടിയെയും തീവ്ര വലതുപക്ഷ സഖ്യങ്ങളെയും നയിക്കുന്ന നെതന്യാഹുവിന് ഇത്തവണ ശക്തമായ വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്. തീവ്ര വലതുപക്ഷ, അൾട്രാ ഓർത്തഡോക്സ് പാർട്ടികളാണ് അദ്ദേഹത്തിന്റെ പ്രധാന സഖ്യകക്ഷികൾ.

മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് നയിക്കുന്ന യഷാർ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് പ്രധാന എതിരാളികൾ. മൂന്ന് വർഷം നീണ്ട യുദ്ധക്കെടുതികളിൽ തളർന്ന ജനങ്ങൾക്കിടയിൽ ഐസൻകോട്ടിൻ്റെ സ്വീകാര്യത വർധിച്ചിട്ടുണ്ട്. അവസാന നിമിഷങ്ങളിലെ അഭിപ്രായ സർവേകളിൽ ഐസൻകോട്ടിനാണ് നേരിയ മുൻതൂക്ഷം പ്രവചിക്കുന്നത്.

തിരഞ്ഞെടുപ്പ് ദിനം രാജ്യത്ത് പൊതു അവധിയായിരിക്കും. സ്കൂ‌ളുകളും സർക്കാർ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. ഭൂരിഭാഗം സ്ഥലങ്ങളിലും പ്രാദേശിക സമയം രാവിലെ ഏഴ് രാത്രി 10 വരെയാണ് വോട്ടെടുപ്പ്. 18 വയസ് പൂർത്തിയായ പൗരന്മാർക്ക് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. വിദേശത്തുള്ള പൗരന്മാർക്ക് ഇത്തവണ വോട്ടവകാശമില്ല. രാജ്യത്തെ 20 ശതമാനത്തോളം വരുന്ന അറബ് പൗരന്മാരുടെ പോളിങ് ശതമാനം ഇത്തവണത്തെ ഫലത്തിൽ വലിയ സ്വാധീനം ചെലുത്തും.

120 സീറ്റുകളുള്ള ഇസ്രയേൽ പാർലമെന്റ്റായ നെസ്‌സറ്റിലേക്ക് ആനുപാതിക പ്രാതിനിധ്യ രീതിയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർഥികൾക്കല്ല മറിച്ച് രാഷ്ട്രീയ പാർട്ടികൾക്കാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. പാർലമെൻ്റിൽ പ്രവേശിക്കാൻ ഒരു പാർട്ടിക്ക് കുറഞ്ഞത് 3.25 ശതമാനം വോട്ടുകൾ ലഭിക്കണം. തിരഞ്ഞെടുപ്പിൻ്റെ ഔദ്യോഗിക ഫലം നവംബർ നാലോടെയേ പുറത്തുവരൂ. ഇസ്രയേലിൽ ഒരു പാർട്ടിക്ക് മാത്രമായി ഒരിക്കലും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകളുടെ ഭൂരിപക്ഷം ആവശ്യമാണ്.

ഫലം വന്ന് ഏഴ് ദിവസത്തിനകം ഇസ്രയേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ് പാർട്ടികളുമായി ചർച്ചകൾ നടത്തും. മുന്നണി ഉണ്ടാക്കാൻ സാധ്യതയുള്ള നേതാവിനെ 28 ദിവസത്തെ സമയപരിധിയോടെ ക്ഷണിക്കും. ഇത് പരാജയപ്പെട്ടാൽ മറ്റ് നേതാക്കൾക്ക് അവസരം നൽകും. ഒരു കക്ഷിക്കും ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ രാജ്യം വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. സാധാരണയായി 20 മുതൽ 100 ദിവസം വരെ സർക്കാർ രൂപീകരണത്തിന് എടുക്കാറുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!