സിഡ്‌നി: മരണാനന്തര ചടങ്ങുകളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട്, മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിനും ദഹിപ്പിക്കുന്നതിനും പകരം പ്രകൃതിദത്തമായ ജൈവവസ്തുവാക്കി മാറ്റുന്ന ‘ഹ്യൂമൻ കോമ്പോസ്റ്റിങ്’ (Human Composting) അഥവാ ‘ടെറാമേഷൻ’ (Terramation) രീതിക്ക് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് (NSW) പാർലമെൻ്റ് നിയമപരമായ അംഗീകാരം നൽകി. ഇത്തരമൊരു നിയമം പാസാക്കുന്ന ഓസ്‌ട്രേലിയയിലെ ആദ്യത്തെ സംസ്ഥാനമാണ് ന്യൂ സൗത്ത് വെയിൽസ്.
പരമ്പരാഗതമായ അടക്കം ചെയ്യലിനും ദഹിപ്പിക്കലിനും പുറമെ ഒരു മൂന്നാമത്തെ സംസ്കാര രീതിയായിട്ടാണ് ഇതിന് അനുമതി നൽകിയിരിക്കുന്നത്. മൃതദേഹം വൈക്കോൽ, ലൂസേൺ (lucerne), മരപ്പൊടി തുടങ്ങിയ സസ്യവിഭവങ്ങൾ നിറഞ്ഞ ഒരു പ്രത്യേക പെട്ടിയിൽ (Vessel) അടക്കം ചെയ്യും. കൃത്യമായ താപനിലയും വായുസഞ്ചാരവും ക്രമീകരിക്കുന്നതിലൂടെ ശരീരത്തിലെ ബാക്ടീരിയകളും പ്രകൃതിദത്തമായ സൂക്ഷ്മാണുക്കളും ചേർന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ മൃതദേഹത്തെ പോഷകസമൃദ്ധമായ മണ്ണാക്കി മാറ്റുന്ന രീതിയാണ് ‘ടെറാമേഷൻ’.
പ്രക്രിയ പൂർത്തിയായ ശേഷം ലഭിക്കുന്ന ജൈവവസ്‌തു കുടുംബങ്ങൾക്ക് കൈമാറാനും, ബന്ധപ്പെട്ട നിയമങ്ങളും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും അനുവദിക്കുന്ന സാഹചര്യങ്ങളിൽ തോട്ടങ്ങളിലും സ്‌മാരകവൃക്ഷങ്ങൾ വളർത്തുന്നതിനും ഉപയോഗിക്കാനുമാകും. എന്നാൽ ലഭിക്കുന്ന വസ്തുവിനെ സാധാരണ മണ്ണിന് തുല്യമായി കാണാനാകില്ലെന്നും അതിൻ്റെ ഉപയോഗം ബന്ധപ്പെട്ട ചട്ടങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വിധേയമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാരമ്പരാഗത സംസ്കാര രീതികൾ വഴിയുണ്ടാകുന്ന വലിയ തോതിലുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുക, സെമിത്തേരികൾക്കായി വലിയ അളവിൽ ഭൂമി കണ്ടെത്തേണ്ടി വരുന്നത് ഒഴിവാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സ്വതന്ത്ര എം.പി അലക്സ് ഗ്രീൻവിച്ച് (Alex Greenwich) അവതരിപ്പിച്ച ബില്ലിലൂടെയാണ് ഈ ചരിത്രപരമായ മാറ്റം സാധ്യമായത്. നിയമം പാസായെങ്കിലും ഇതിനായുള്ള പ്രത്യേക സൗകര്യങ്ങളോടുകൂടിയ കേന്ദ്രങ്ങൾ 2028-ഓടെ മാത്രമേ പ്രവർത്തനം ആരംഭിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.

