Wednesday, October 28, 2026
Home » ആന്ധ്രാപ്രദേശിനെയും ഒഡിഷയെയും ഭീതിയിലാഴ്ത്തി ‘അർണബ്’ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു.
ആന്ധ്രാപ്രദേശിനെയും ഒഡിഷയെയും ഭീതിയിലാഴ്ത്തി 'അർണബ്' ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു.

ആന്ധ്രാപ്രദേശിനെയും ഒഡിഷയെയും ഭീതിയിലാഴ്ത്തി ‘അർണബ്’ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു.

by Editor

വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റ് ബുധനാഴ്ച (ഒക്ടോബർ 28) ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ആന്ധ്രാപ്രദേശ് തീരത്ത് കരതൊടും. ആന്ധ്രയിലെ ബപ്പത്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള യാനത്തിന് സമീപത്തുകൂടിയാകും ഇത് കരയിലേക്ക് പ്രവേശിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചിട്ടുണ്ട്.

‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ അതീവ ജാഗ്രതയിലാണ് ആന്ധ്രാപ്രദേശും ഒഡിഷയും. കാറ്റ് ശക്തി പ്രാപിച്ച് തുടങ്ങിയതോടെ ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്ധമായി. ഒഡിഷയിൽ മഴ കനത്തു. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും, പരമാവധി 140 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

സുരക്ഷ മുൻനിർത്തി ആന്ധ്രയിലെ കാക്കിനട ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരുന്നു. കാക്കിനടയിൽ നിന്ന് മാത്രം ഇതിനകം 89,000 പേരെ ഒഴിപ്പിച്ചു കഴിഞ്ഞു. ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്.

ഒക്ടോബർ 29 വരെ മത്സ്യത്തൊഴിലാളികൾ ആരും കടലിൽ പോകരുതെന്ന് കർശന നിർദേശമുണ്ട്. തീരദേശത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ദുരന്തനിവാരണ സേനകളെ (NDRF) അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാക്കി നിർത്തുകയും ചെയ്തിട്ടുണ്ട്. 1970-ന് ശേഷം 61 ചുഴലിക്കാറ്റുകളാണ് ആന്ധ്ര നേരിട്ടത്. ഇതിൽ 11എണ്ണം അതിതീവ്ര വിഭാഗത്തിൽപ്പെട്ടതായിരുന്നു. ആ അനുഭവസമ്പത്ത് വച്ചാണ് രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ നടപടികൾ സംസ്ഥാനം കൈക്കൊള്ളുന്നത്. ആന്ധ്രയിലും ഒഡിഷയിലും സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി 53 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ അർണബ് ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!