Wednesday, October 28, 2026
Home » ബ്രിസ്‌ബേനിൽ ബിഡിസിയുടെ പ്രൗഢഗംഭീര തുടക്കം; അരങ്ങേറ്റ നാടകവും പ്രഖ്യാപിച്ചു
ബ്രിസ്‌ബേനിൽ ബിഡിസിയുടെ പ്രൗഢഗംഭീര തുടക്കം; അരങ്ങേറ്റ നാടകവും പ്രഖ്യാപിച്ചു

ബ്രിസ്‌ബേനിൽ ബിഡിസിയുടെ പ്രൗഢഗംഭീര തുടക്കം; അരങ്ങേറ്റ നാടകവും പ്രഖ്യാപിച്ചു

by Editor

ബ്രിസ്ബെൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ മലയാള കലാ-സാംസ്കാരിക രംഗത്തിന് പുത്തൻ ഉണർവേകി ബ്രിസ്ബെൻ ഡ്രാമ ആൻഡ് കൾച്ചറൽ ഫോറം ഇൻകോർപ്പറേറ്റഡ് (BDC) പ്രൗഢഗംഭീരമായ ചടങ്ങുകളോടെ പ്രവർത്തനമാരംഭിച്ചു. ‘Art Beyond Borders’ (കലയ്ക്ക് അതിരുകളില്ല) എന്ന സന്ദേശമുയർത്തി 2026-ൽ രൂപംകൊണ്ട സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 24-ന് വൈകിട്ട് 5.30-ന് സെൻ്റ് തോമസ് ചർച്ച് ബ്രിസ്‌ബേൻ സൗത്ത് പാരിഷ് ഹാളിൽ നടന്നു. ബ്രിസ്ബെനിലും പരിസരപ്രദേശങ്ങളിലുമുള്ള കലാകാരന്മാരും കലാസ്നേഹികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ഫെഡറേഷൻ ഓഫ് കമ്മ്യൂണിറ്റീസ് ഓഫ് ക്വീൻസ്‌ലൻഡ് പ്രസിഡൻ്റ്  ഡോ. പ്രീതി സുരാജ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികളും ബിഡിസി അംഗങ്ങളും ചേർന്ന് പരമ്പരാഗത നിലവിളക്ക് തെളിയിച്ചതോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്. കലയും സംസ്കാരവും സമൂഹത്തെ ഒരുമിപ്പിക്കുന്നതിൽ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഡോ. പ്രീതി സുരാജ് ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.

മുഖ്യാതിഥിയായ ലോഗൻ സിറ്റി കൗൺസിൽ ഡിവിഷൻ ഏഴ് കൗൺസിലർ ടിം ഫ്രേസർ ആശംസകൾ നേർന്നു. ബ്രിസ്‌ബേനിലെ കലാ-സാംസ്കാരിക രംഗത്ത് ബിഡിസിയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം എല്ലാവിധ ആശംസകളും അറിയിച്ചു. ബ്രിസ്ബെൻ സെൻ്റ് തോമസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ഷിജു ജോർജ് അനുഗ്രഹ പ്രഭാഷണം നടത്തി. അധ്യാപകനും സംരംഭകനുമായ ജോ ജോസഫ് പ്രത്യേക അതിഥിയായി പങ്കെടുത്ത് പ്രചോദനാത്മകമായ സന്ദേശം നൽകി.

ബിഡിസി സെക്രട്ടറി ഷിബു എൽദോ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജെയ്സൺ തെക്കേമുറി അധ്യക്ഷത വഹിച്ച് സംഘടനയുടെ രൂപീകരണലക്ഷ്യങ്ങളും ഭാവി പ്രവർത്തനങ്ങളും വിശദീകരിച്ചു. വൈസ് പ്രസിഡന്റ് രഞ്ജിത്ത് ജോൺ ബിഡിസിയുടെ ദർശനവും ദൗത്യവും വിശദീകരിക്കുന്ന ദൃശ്യാവതരണം നടത്തി. സംഘടനയുടെ പ്രവർത്തനലക്ഷ്യങ്ങളും കലാരംഗത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും അവതരണത്തിലൂടെ പരിചയപ്പെടുത്തി.

മലയാളത്തിൻ്റ്  സമ്പന്നമായ നാടക പാരമ്പര്യവും കലാ-സാംസ്കാരിക തനിമയും പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിസ്ബെൻ ഡ്രാമ ആൻഡ് കൾച്ചറൽ ഫോറം രൂപീകരിച്ചിരിക്കുന്നത്. വെറുമൊരു നാടക കൂട്ടായ്മ എന്നതിലുപരി, കലാകാരന്മാരെയും കലാസ്നേഹികളെയും ഒരുമിപ്പിക്കുന്ന സാംസ്കാരിക വേദിയായാണ് ബിഡിസി പ്രവർത്തിക്കുക. അഭിനയത്തിലും രചനയിലും സംഗീതത്തിലും സാങ്കേതിക രംഗങ്ങളിലും കഴിവുണ്ടായിട്ടും അവസരങ്ങളുടെ അഭാവംമൂലം അണിയറയിൽ ഒതുങ്ങിപ്പോകുന്ന പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും ബിഡിസി മുൻഗണന നൽകും.

മലയാളത്തിന്റെ കലാ-സാംസ്കാരിക പൈതൃകം ഓസ്‌ട്രേലിയയിൽ വളരുന്ന പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും നാടകകലയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും പ്രത്യേക പ്രാധാന്യം നൽകും. ഉദ്ഘാടന ചടങ്ങിലെ പ്രധാന ആകർഷണങ്ങളിലൊന്നായി ബിഡിസിയുടെ ആദ്യ കലാസംരംഭമായ മലയാള നാടകത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. ആദ്യ നാടകം, “ചക്രവ്യൂഹം”, 2027 ഏപ്രിലിൽ ബ്രിസ്ബേനിൽ അരങ്ങേറും. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളുടെ ഭാഗമായി ‘ആർട്ട് ഫെസ്റ്റ് 2027’ സംഘടിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്കുശേഷം ബ്രിസ്‌ബേനിലെ കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ സദസ്സിന് വിരുന്നായി. ഹീല റോസ് പരിപാടിയുടെ അവതാരകയായി പ്രവർത്തിച്ചു. വൈസ് പ്രസിഡൻ്റ് രഞ്ജിത്ത് ജോൺ നന്ദി രേഖപ്പെടുത്തി.

ജെയ്സൺ തെക്കേമുറി (പ്രസിഡൻ്റ്), ഷിബു എൽദോ (സെക്രട്ടറി), രഞ്ജിത്ത് ജോൺ (വൈസ് പ്രസിഡൻ്റ്), ജിൻസ് ജോസ് (ട്രഷറർ) എന്നിവരാണ് സംഘടനയുടെ ഭാരവാഹികൾ. ഇർവിൻ ജോസ്, ജോൺ തോമസ്, ഹീല റോസ്, മിനു ജോർജ്, ബിജു മടവന, ബിജോ ജോസ്, ജസ്റ്റിൻ പോൾ എന്നിവർ സംഘടനയിലെ മറ്റ് അംഗങ്ങളാണ്.

കലയുടെ അതിരുകൾ ഭേദിച്ച് പ്രതിഭകളെ ഒരുമിപ്പിക്കാനും മലയാളത്തിൻ്റെ സാംസ്കാരിക പൈതൃകത്തെ പുതിയ തലമുറകളിലേക്ക് എത്തിക്കാനുമുള്ള ലക്ഷ്യവുമായി പ്രവർത്തനമാരംഭിച്ച ബ്രിസ്ബെൻ ഡ്രാമ ആൻഡ് കൾച്ചറൽ ഫോറം, ഓസ്‌ട്രേലിയയിലെ മലയാള കലാരംഗത്ത് പുതിയ സാധ്യതകൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

‘Art Beyond Borders’ — കലയ്ക്ക് അതിരുകളില്ല എന്ന സന്ദേശമാണ് ബിഡിസിയുടെ പ്രവർത്തനങ്ങൾക്ക് വഴികാട്ടിയാകുന്നത്.

Send your news and Advertisements

You may also like

error: Content is protected !!