Wednesday, October 28, 2026
Home » റോമിലെ ചരിത്ര പ്രസിദ്ധമായ കൊളോസിയത്തിലേക്ക് പാലസ്തീൻ പതാക വീശി പ്രക്ഷോഭകർ ഇരച്ചുകയറി
റോമിലെ ചരിത്ര പ്രസിദ്ധമായ കൊളോസിയത്തിലേക്ക് പാലസ്തീൻ പതാക വീശി ഇരച്ചുകയറി പ്രക്ഷോഭകർ

റോമിലെ ചരിത്ര പ്രസിദ്ധമായ കൊളോസിയത്തിലേക്ക് പാലസ്തീൻ പതാക വീശി പ്രക്ഷോഭകർ ഇരച്ചുകയറി

by Editor

റോം: ഒരു മാസം മുൻപ് ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം യൂറോപ്പിലുടനീളം പടരുന്നതിനിടെ ഇറ്റലിയിലും വ്യാപക അക്രമം. ഇറ്റലിയിലെ റോമിലുള്ള ചരിത്രപ്രസിദ്ധമായ കൊളോസിയത്തിലേക്ക് പാലസ്തീൻ പതാകകളേന്തി പ്രക്ഷോഭകർ ഇരച്ചുകയറി. ഒക്ടോബർ 24 ശനിയാഴ്ച വൈകുന്നേരമാണ് നൂറുകണക്കിന് വിദ്യാർത്ഥികളും യുവജനങ്ങളും അടങ്ങുന്ന പ്രതിഷേധക്കാർ കൊളോസിയത്തിന്റെ സുരക്ഷാ ഗേറ്റുകൾ ഭേദിച്ച് ഉള്ളിൽ പ്രവേശിച്ചത്.

2000 വർഷം പഴക്കമുള്ള ഈ ചരിത്ര സ്മാരകത്തിനുള്ളിൽ കടന്ന പ്രക്ഷോഭകർ പാലസ്തീൻ പതാകകൾ വീശുകയും പോലീസിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. എന്നാൽ മിനിറ്റുകൾക്കകം തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ഇവിടെ നിന്നും പുറത്താക്കി. ഈ സംഭവം കാരണം കൊളോസിയത്തിന് യാതൊരുവിധ നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വർധിച്ചു വരുന്ന ജീവിത ചെലവിനും ഗാസയിലെ യുദ്ധത്തിനുമെതിരെ ഒക്ടോബർ 24 ന് റോം, മിലാൻ, ടൂറിൻ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ ആളുകൾ തെരുവിലിറങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് കൊളോസിയത്തിലും സംഘർഷ ഭരിതമായ അന്തരീക്ഷം ഉണ്ടായത്.

കൊളോസിയത്തിൽ വിനോദ സഞ്ചാരികൾ അനാവശ്യമായി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് പതിവായതിനെ തുടർന്ന് കഴിഞ്ഞ മാസം ഈ പ്രദേശം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇവിടെ സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും പ്രതിഷേധക്കാർ കവാടം തകർത്ത് അകത്തു കയറുകയായിരുന്നു. കൊളോസിയത്തിലെ സംഘർഷത്തിന് പുറമെ റോമിലെ ‘പിയാസ്സ ഡെല്ല റെപ്പുബ്ലിക്ക’ (Piazza della Repubblica) പ്രദേശത്തും പോലീസും പ്രക്ഷോഭകരും തമ്മിൽ കടുത്ത ഏറ്റുമുട്ടലുണ്ടായി. ഇവിടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും വാട്ടർ കാനനുകളും ഉപയോഗിച്ചു.

മിലാനിൽ പ്രതിഷേധക്കാർ ഊർജ നിയന്ത്രണ ഏജൻസിയുടെ ഓഫീസിനു മുന്നിൽ ചാണകം വിതറുകയും വൈദ്യുതി ബില്ലിൻ്റെ കൂറ്റൻ മാതൃക കത്തിക്കുകയും ചെയ്‌തു. കഴിഞ്ഞ ആഴ്‌ച ഫ്രാൻസിലുണ്ടായ പ്രക്ഷോഭത്തിനിടെ കടകൾ കൊള്ളയടിക്കപ്പെടുകയും ആഡംബര വസ്‌തുക്കൾ കവരുകയും ചെയ്‌തിരുന്നു. ഇത് മുന്നിൽ കണ്ട് മിലാനിലെ പല വ്യാപാരികളും തങ്ങളുടെ ഷോപ്പുകളുടെ ജനലുകളും വാതിലുകളും പലകകൾ വച്ച് അടച്ചു പൂട്ടിയിരിക്കുകയാണ്. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!