മഞ്ഞു പെയ്യുന്ന രാത്രിയുടെ കുളിരിൽ ശീതികരിച്ച ആ മുറിയിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അച്ഛൻ മരിക്കുന്നതിന്റെ സ്വല്പം മുമ്പ് തന്റെ കയ്യിൽ പിടിച്ചു പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി.
”മോളേ, നിന്റെ അമ്മ ഒരു പാവമാണ്. അച്ഛൻ മരിച്ചാൽ മോൾ മാത്രമേ അമ്മയ്ക്കുള്ളു. എന്റെ കൂട്ടി അമ്മയെ ഒരിക്കലും വിഷമിപ്പിക്കരുത്. നല്ലവണ്ണം നോക്കണം.”
അച്ഛൻ മരിച്ച ദിവസം അമ്മ ബോധമറ്റു വീണു. നാലാം ദിവസമാണ് ആ മിഴികൾ തുറന്നത്.
നാലു നാളത്തെ കഠിനമായ ഇരുട്ടിനു ശേഷം അമ്മ കണ്ണുകൾ തുറന്നപ്പോൾ, ഉമ്മറത്തു കാത്തുനിന്ന ബന്ധുക്കളുടെയും അയൽവാസികളുടെയും നെടുവീർപ്പുകൾക്ക് ആശ്വാസത്തിന്റെ ഈണം കൈവന്നു. എന്നാൽ, ആ കണ്ണുകളിലെ തിളക്കം പണ്ടത്തേതുപോലെ ആയിരുന്നില്ല. ഏതോ വിദൂരതയിലേക്ക് ഉറച്ചുപോയ, നിർവികാരമായ ഒരു നോട്ടം. മകൾ അനന്യ ഓടിച്ചെന്ന് അമ്മയുടെ കൈകൾ ചേർത്തുവെച്ചു.
”അമ്മേ…” അവളുടെ ശബ്ദം ഇടറി.
അമ്മ പതിയെ തലതിരിച്ച് അവളെ നോക്കി. ഒരു അപരിചിതയെ എന്നപോലെ നിമിഷങ്ങളോളം നോക്കിനിന്ന ശേഷം, ചുണ്ടിൽ ഏതോ അർത്ഥശൂന്യമായ പുഞ്ചിരി വിരിഞ്ഞു.
അമ്മയെന്ന ആത്മാവിന്റെ ആഴങ്ങൾ അവിടെ എവിടെയോ വെച്ച് അറ്റുപോയിരുന്നു. അച്ഛന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തിൽ അമ്മയുടെ ഓർമ്മകളുടെ വാതായനങ്ങൾ എന്നെന്നേക്കുമായി അടഞ്ഞുപോയിരുന്നു. പക്ഷേ, അനന്യയ്ക്ക് അത് അച്ഛൻ സമ്മാനിച്ചുപോയ ഉത്തരവാദിത്തത്തിന്റെ വലിയൊരു പരീക്ഷണമായിരുന്നു.
മരണവീട്ടിലെ തിരക്കുകളും ആൾക്കൂട്ടവും ഒഴിഞ്ഞുപോയതോടെ വീട് ഒരു ശ്മശാനത്തിന്റെ മൂകതയിലേക്ക് വീണു. പൂമുഖത്തെ ചാരുബെഞ്ചിൽ അച്ഛൻ സ്ഥിരമായി ഇരുന്ന് പത്രം വായിച്ചിരുന്ന ഇടം വല്ലാത്തൊരു ശൂന്യതയോടെ അവളെ തുറിച്ചുനോക്കി. ചുവരിലെ വലിയ ക്ലോക്കിന്റെ ടിക്-ടിക് ശബ്ദം മാത്രമായിരുന്നു ആ മുറികളിൽ ജീവന്റെ സാന്നിധ്യം അറിയിച്ചിരുന്നത്.
അമ്മയെ പരിചരിക്കൽ അനന്യയുടെ ദിനചര്യയുടെ ഭാഗമായി മാറി. കുളിപ്പിക്കുന്നതും ഭക്ഷണം കോരി കൊടുക്കുന്നതും കുഞ്ഞിനെയെന്നപോലെ ഉടുപ്പ് അണിയിക്കുന്നതുമെല്ലാം അവൾ ഒറ്റയ്ക്കായിരുന്നു. താൻ അനുഭവിച്ച മാതൃവാത്സല്യത്തിൻ്റെ കടം വീട്ടാൻ കാലം തന്ന അവസരമായി അവൾ അതിനെ കണ്ടു.
”മോൾ ഏതാ? ഇവിടെ എന്തിനാ വന്നേ?” ചിലപ്പോൾ അമ്മ ചോദിക്കും.
ആ ചോദ്യങ്ങൾ അനന്യയുടെ നെഞ്ചിൽ മുള്ളുപോലെ തറയ്ക്കും. എങ്കിലും അവൾ കണ്ണീരടക്കി പുഞ്ചിരിക്കും.
“ഞാൻ അമ്മയുടെ മോളാ… അനന്യ.”
”എന്റെ മോളോ? എനിക്ക് മക്കളൊന്നുമില്ലല്ലോ..” അമ്മ ഒരു നിഷ്കളങ്കതയോടെ പറയും.
അത്തരം നിമിഷങ്ങളിൽ, അച്ഛന്റെ അവസാന വാക്കുകൾ അവളുടെ മനസ്സിൽ പെരുമ്പറ കൊട്ടും “എന്റെ കൂട്ടി അമ്മയെ ഒരിക്കലും വിഷമിപ്പിക്കരുത്. നല്ല വണ്ണം നോക്കണം.”
നാളുകൾ മാസങ്ങൾക്ക് വഴിമാറി. രാത്രികളിൽ മഞ്ഞു പെയ്യുമ്പോൾ, വീടിന്റെ വരാന്തയിൽ ഇരുന്ന് അമ്മ തെക്കേപ്പറമ്പിലേക്ക് നോക്കിയിരിക്കും. അച്ഛനെ അടക്കിയ തെക്കേപ്പറമ്പ്. അമ്മ ഓർമ്മകൾ നഷ്ടപ്പെട്ട വ്യക്തിയായിരുന്നെങ്കിലും, അച്ഛൻ ഇരുന്നിരുന്ന കസേരയിലേക്ക് നോക്കുമ്പോൾ ആ കണ്ണുകളിൽ ഏതോ ഒരു നിഗൂഢമായ തേങ്ങൽ ബാക്കിയുണ്ടായിരുന്നു. മനസ്സ് മറന്നുവെങ്കിലും ആത്മാവ് അച്ഛന്റെ സാന്നിധ്യം തിരയുന്നുണ്ടായിരുന്നു.
ഒരു മഴക്കാലരാത്രിയിലായിരുന്നു അത്. പുറത്ത് ഇടവപ്പാതി പെയ്തു തിമർക്കുകയായിരുന്നു. കാറ്റിന്റെ ഹോരമുഴക്കത്തിൽ വീടിന്റെ ജനലുകൾ അടിയുകയും മരച്ചില്ലകൾ മേൽക്കൂരയിൽ ഉരസുകയും ചെയ്തു. പെട്ടെന്ന്, അമ്മ കിടന്നിരുന്ന മുറിയിൽ നിന്ന് ഒരു ശബ്ദം കേട്ട് അനന്യ ഞെട്ടിയുണർന്നു.
ഓടിച്ചെന്ന് നോക്കുമ്പോൾ, അമ്മ ജനലിലൂടെ തെക്കേപ്പറമ്പിലേക്ക് നോക്കി ആകാശത്തേക്ക് കൈകൂപ്പി നിൽക്കുകയാണ്.
”അമ്മേ… എന്താ ഇത്? കിടന്നോളൂ, തണുപ്പടിക്കും,” അനന്യ അമ്മയെ ചേർത്തുപിടിച്ചു.
അമ്മ അനന്യയുടെ മുഖത്തേക്ക് ഉറ്റുനോക്കി. ആ കണ്ണുകളിൽ വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു തെളിച്ചം അവൾ കണ്ടു. ഒരു അപരിചിതത്വവുമില്ലാതെ അമ്മ അവളെയൊന്ന് ചേർത്തുപിടിച്ചു.
”മോളേ…” അമ്മയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. അവളുടെ ഹൃദയം നിലച്ചുപോവുന്നതുപോലെ തോന്നി.
“അമ്മേ… അമ്മയ്ക്ക് എന്നെ മനസ്സിലായോ?”
“എന്റെ മോൾ… അനന്യ…” അമ്മയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഇറ്റുവീണു.
“നിന്റെ അച്ഛൻ… അച്ഛൻ എവിടെ മോളേ? അന്ന് രാത്രി അച്ഛൻ പോയല്ലോ…”
വർഷങ്ങളായി അമ്മയുടെ മനസ്സിൽ ഉറഞ്ഞുപോയ ആ കറുത്ത രാത്രിയുടെ ഓർമ്മകൾ മഞ്ഞുപോലെ ഉരുകിയൊലിക്കുകയായിരുന്നു. അച്ഛൻ മരിച്ച ആ ദിവസത്തിൽ തന്നെ അമ്മയുടെ ലോകം വീണ്ടും എത്തിനിൽക്കുന്നു. മരണത്തിന്റെ യാഥാർത്ഥ്യം അമ്മയുടെ ആത്മാവ് തിരിച്ചറിയുന്ന നിമിഷം.
അനന്യ അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
“അമ്മേ… അച്ഛൻ… അച്ഛൻ നമ്മളെ വിട്ടുപോയി അമ്മേ. ഇനി നമ്മൾ മാത്രമേയുള്ളൂ.”
അമ്മ തിരിഞ്ഞ് ചുവരിലെ അച്ഛന്റെ പടത്തിലേക്ക് നോക്കി. കണ്ണീരിന്റെ സാന്ദ്രതയിൽ ആ മുഖം അമ്മയുടെ ഓർമ്മകളിലേക്ക് വീണ്ടും തിരിച്ചെത്തി. പക്ഷേ, പഴയതുപോലെ അമ്മ ബോധകെട്ടു വീണില്ല. പകരം, അമ്മ അനന്യയുടെ തലയിൽ കൈവെച്ച് പതുക്കെ തഴുകി.
”എനിക്കറിയാം മോളേ… നിന്റെ അച്ഛൻ പോകില്ല. നിന്റെ രൂപത്തിൽ, നിന്റെ സ്നേഹത്തിൽ അച്ഛൻ ഇവിടെത്തന്നെയുണ്ട്. അന്ന് പോകുന്നതിന് തൊട്ടുമുമ്പ് നിന്റെ അച്ഛൻ എന്നോടും പറഞ്ഞിരുന്നു… നമ്മുടെ മകൾ നമ്മളെ പൊന്നുപോലെ നോക്കുമെന്ന്.”
ആ വാക്കുകൾ കേട്ടപ്പോൾ അനന്യ അന്തംവിട്ടു. അന്ന് അച്ഛൻ തന്നോട് തനിച്ചു പറഞ്ഞുവെന്ന് കരുതിയ അതേ വാക്കുകൾ, അച്ഛൻ അമ്മയോടും പറഞ്ഞിരുന്നു. മരണത്തിന്റെ നിഴൽ വീണ ആ രാത്രിയിൽ, രണ്ടുപേരുടെയും കൈകളിൽ പിടിച്ച് അച്ഛൻ പരസ്പരം സ്നേഹത്തിന്റെ കാവലേൽപ്പിക്കുകയായിരുന്നു.
പുറത്ത് മഴയുടെ ശക്തി കുറഞ്ഞിരുന്നു. പെയ്യൊഴിഞ്ഞ മേഘങ്ങൾക്കിടയിലൂടെ നേർത്ത നിലാവ് മുറിയിലേക്ക് അരിച്ചെത്തി. അമ്മ അനന്യയുടെ തോൾചാരി ഇരുന്നു.
അച്ഛൻ മരിച്ച ആ കറുത്ത ദിവസം മുതൽ ഇതുവരെ താൻ ചുമന്ന സങ്കടങ്ങളുടെയും ഒറ്റപ്പെടലിന്റെയും ഭാരം ഒഴിഞ്ഞുപോവുന്നത് അനന്യ അറിഞ്ഞു. അച്ഛൻ പോയെങ്കിലും, അമ്മയുടെ തിരിച്ചറിവിലൂടെ അച്ഛന്റെ സ്നേഹം ആ മുറിയിൽ വീണ്ടും നിറഞ്ഞുനിന്നു.
കാലം മായ്ക്കാത്ത ഓർമ്മകളില്ലെന്നും, യഥാർത്ഥ സ്നേഹത്തിന് മറവിയെപ്പോലും തോൽപ്പിക്കാൻ കഴിയുമെന്നും ആ രാത്രി അവളെ പഠിപ്പിച്ചു.
മഞ്ഞു പെയ്യുന്ന ആ തണുത്ത രാത്രിയിൽ, അമ്മയുടെ നെഞ്ചിലെ ചൂടേറ്റ് കിടക്കുമ്പോൾ അനന്യ പതുക്കെ കണ്ണുകൾ അടച്ചു. അച്ഛന്റെ ആത്മാവ് മുകളിൽ നിന്ന് തങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടെന്ന് അവൾക്ക് ഉറപ്പായിരുന്നു.
ശ്യാമള ഹരിദാസ്

