സോഫിയ: കരിങ്കടലിൽ നാറ്റോ (NATO) സഖ്യരാജ്യമായ ബൾഗേറിയയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ആദ്യമായി ആക്രമണം. ഒക്ടോബർ 6-ന് പുലർച്ചെ ഏകദേശം 3 മണിയോടെ ബൾഗേറിയൻ തീരത്തുനിന്ന് 100 കിലോമീറ്ററിലധികം അകലെയാണ് ഈ ആക്രമണമുണ്ടായത്. ആകാശത്തുനിന്നും കടലിൽനിന്നുമുള്ള ഡ്രോണുകൾ ഉപയോഗിച്ച് രണ്ട് ചരക്കുകപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.
ബ്രിട്ടീഷ് മാരിടൈം റിസ്ക് മാനേജ്മെന്റ് ഗ്രൂപ്പായ വാൻഗാർഡ് വിശദമാക്കുന്നത് അനുസരിച്ച് ടോഗോയുടെ പതാകയേന്തിയ അൽഫ വട്ടാൻ, പലാവുവിന്റെ പതാകയേന്തിയ ഏബിൾ എന്നീ ചരക്കുകപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് കപ്പലുകളും ആക്രമണ സമയത്ത് അടിയന്തര സഹായ സന്ദേശങ്ങൾ അയച്ചിരുന്നതായും, ഡ്രോൺ ആക്രമണത്തിലാണ് കപ്പലുകൾക്ക് തകരാർ സംഭവിച്ചതെന്ന് ബൾഗേറിയൻ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചതായും വാൻഗാർഡ് റിപ്പോർട്ടിൽ വിശദമാക്കുന്നത്.
ടോഗോയുടെ പതാകയേന്തിയ ആൽഫ വതൻ (Alfa Watan) ചരക്കുകപ്പൽ ആക്രമണത്തിൽ പൂർണ്ണമായി തകരുകയും കടലിൽ മുങ്ങുകയും ചെയ്തു. ഇതിലെ ജീവനക്കാരെ കാണാതായിട്ടുണ്ട്. പാലാവുവിന്റെ പതാകയേന്തിയ ഏബിൾ (Able) കപ്പലിൽ ധാന്യങ്ങളാണ് ഉണ്ടായിരുന്നത്. ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപിടിച്ചെങ്കിലും ഇതിലുണ്ടായിരുന്ന 11 തുർക്കി പൗരന്മാരും 7 ഇന്ത്യക്കാരും ഉൾപ്പെടെ 18 ജീവനക്കാരെയും രക്ഷപ്പെടുത്തി. ഇതിൽ പരിക്കേറ്റ രണ്ട് നാവികരെ വർണയിലെ (Varna) ആശുപത്രിയിലേക്ക് മാറ്റി. കാണാതായ കപ്പൽ ജീവനക്കാർക്കായി ബൾഗേറിയൻ അധികൃതരും നാറ്റോ സേനയും ചേർന്ന് കരിങ്കടലിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്
ബൾഗേറിയൻ കടൽ അതിർത്തിക്കുള്ളിൽ നടക്കുന്ന ആദ്യത്തെ ഇത്തരമൊരു ആക്രമണം അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ബൾഗേറിയൻ പ്രധാനമന്ത്രി റുമെൻ രാദേവ് (Rumen Radev) പ്രസ്താവിച്ചു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് മാരിടൈം സെക്യൂരിറ്റി ഏജൻസികളുടെ പ്രാഥമിക നിഗമനം. തൊട്ടുമുമ്പത്തെ ദിവസം റൊമാനിയൻ അതിർത്തിയോട് ചേർന്ന് മറ്റൊരു ടർക്കിഷ് കപ്പലിന് നേരെയും റഷ്യൻ ഡ്രോൺ ആക്രമണം നടന്നിരുന്നു.
റൊമാനിയൻ, ബൾഗേറിയൻ തീരങ്ങളിലുണ്ടായ ആക്രമണങ്ങളെക്കുറിച്ച് റഷ്യൻ പ്രതിരോധ മന്ത്രാലയം പരസ്യമായ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. എന്നാൽ, കരിങ്കടൽ വഴിയുള്ള യുക്രെയ്ന്റെ ധാന്യ കയറ്റുമതി തടസ്സപ്പെടുത്താൻ റഷ്യ വ്യോമ-സമുദ്ര ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ സംയുക്ത ആക്രമണമാണിതെന്നാണ് യുക്രെയ്നും മാരിടൈം സെക്യൂരിറ്റി ഏജൻസികളും വ്യക്തമാക്കുന്നത്.
നാലാം വർഷത്തിലേക്ക് കടക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം ഇപ്പോൾ തീവ്രമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിലേക്ക് വഴിമാറിയിരിക്കുകയാണ്. ഇരുരാജ്യങ്ങളും പരസ്പരം ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളാണ് ഈ ദിവസങ്ങളിൽ നടത്തുന്നത്. ഒക്ടോബർ 6-7 തീയതികളിൽ മാത്രം മോസ്കോ ഉൾപ്പെടെയുള്ള റഷ്യൻ മേഖലകൾക്ക് നേരെ യുക്രെയ്ൻ തൊടുത്ത തൊള്ളായിരത്തോളം (900) ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. തിരിച്ചടിയായി യുക്രെയ്ൻ തലസ്ഥാനമായ കിയവിലെ (Kyiv) പ്രധാന പാലങ്ങളും ഊർജ്ജ നിലയങ്ങളും റഷ്യ തകർത്തു.
വരാനിരിക്കുന്ന കഠിനമായ ശീതകാലത്ത് (Winter) യുക്രെയ്നെ സമ്മർദ്ദത്തിലാക്കാൻ അവരുടെ വൈദ്യുതി-ഊർജ്ജ സംവിധാനങ്ങളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ ഇപ്പോൾ മിസൈൽ ആക്രമണങ്ങൾ കടുപ്പിക്കുന്നത്.
യുക്രെയ്ന്റെ 11 നഗരങ്ങളിൽ ശക്തമായ റഷ്യൻ ആക്രമണം; വൈദ്യുതി, ശുദ്ധജല വിതരണ ശൃംഖലകൾ തകർന്നു.


