Monday, November 23, 2026
Home » ഹോർമൂസിൽ ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; 11 ഇന്ത്യൻ ജീവനക്കാർക്ക് പരുക്കേറ്റു.

ഹോർമൂസിൽ ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; 11 ഇന്ത്യൻ ജീവനക്കാർക്ക് പരുക്കേറ്റു.

by Editor

മസ്‌ക്കറ്റ്: ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ 11 ഇന്ത്യൻ നാവികർക്ക് പരുക്കേറ്റു. 19 പേരിൽ 17 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇതിൽ 12 പേർക്കാണ് ആകെ പരുക്കേറ്റത്. പനാമയുടെ പതാകയേന്തിയ ‘എം. ടി. ഓൺ പീസ്’ (MT On Peace) എന്ന വാണിജ്യ ഇന്ധന ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കവെ കപ്പലിൽ അജ്ഞാത വസ്തു വന്ന് പതിക്കുകയായിരുന്നു.

ഒമാൻ നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും അടിയന്തര സഹായത്തോടെ കപ്പലിലുണ്ടായിരുന്ന നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റവരെ ഒമാനിലെ ഖസബിലുള്ള (Khasab) ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചത്.

സംഭവത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) കടുത്ത ഭാഷയിൽ ആക്രമണത്തെ അപലപിച്ചു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ ഗതാഗതത്തെയും നാവികരുടെ ജീവനെയും ബാധിക്കുന്ന ഇത്തരം നീക്കങ്ങൾ മേഖലയിലെ സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് ഇന്ത്യ വ്യക്തമാക്കി. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം പന്ത്രണ്ടിലധികം വാണിജ്യ എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഹോർമുസ് കടലിടുക്കിൽ വെച്ച് ആക്രമണമുണ്ടായത്. ഇതിൽ ഒക്ടോബർ 6-ന് ഇന്ത്യൻ നാവികർക്ക് പരിക്കേറ്റ ‘എം.ടി ഓൺ പീസ്’ എന്ന കപ്പലിന് പുറമെ, കുവൈറ്റ്, ലൈബീരിയ എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് നേരെയും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. നിലവിൽ യു.എസ് നാവികസേനയുടെ യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും കടുത്ത കാവലിലാണ് ഒമാൻ തീരത്തുകൂടി അതീവ അപകടകരമായ രീതിയിൽ ചില എണ്ണക്കപ്പലുകൾ സർവീസ് നടത്തുന്നത്.

അമേരിക്കയുമായി ജൂണിലുണ്ടാക്കിയ താൽക്കാലിക ധാരണയിലെ 7 പ്രധാന വ്യവസ്ഥകൾ അമേരിക്ക പൂർണ്ണമായി അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് യാത്രാ യോഗ്യമാക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങളുടെ റെവല്യൂഷണറി ഗാർഡ്സിന്റെ (IRGC) കൈകളിലാണെന്നും, വിഘടനവാദികളെയും തങ്ങളുടെ അനുമതിയില്ലാത്ത കപ്പലുകളെയും കടത്തിവിടില്ലെന്നുമാണ് ഇറാന്റെ നിലപാട്. തങ്ങളുടെ മേൽക്കൈ നഷ്ടപ്പെട്ടിട്ടില്ലെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ കൂടിയാണ് ഇറാൻ കപ്പലുകളെ ലക്ഷ്യമിടുന്നത്.

ഇറാന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ കടുത്ത നാവിക ഉപരോധം അമേരിക്ക ഏർപ്പെടുത്തിയിരിക്കുകയാണ്. ഇറാന്റെ ഒരൊറ്റ ബാരൽ എണ്ണ പോലും പുറത്തേക്ക് കയറ്റി അയക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് വാഷിംഗ്ടൺ.

ഒക്ടോബർ ആദ്യവാരം തന്നെ യു.എസ് തങ്ങളുടെ വൻതോതിലുള്ള എയർക്രാഫ്റ്റ് കരിയർ സ്ട്രൈക്ക് ഗ്രൂപ്പുകളെയും യുദ്ധവിമാനങ്ങളെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ഇറാന്റെ മിസൈൽ താവളങ്ങൾക്ക് നേരെ യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) തിരിച്ചടികൾ നടത്തുന്നുണ്ടെങ്കിലും, കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ പെട്ടെന്നുള്ള മിസൈൽ ആക്രമണങ്ങളെ പൂർണ്ണമായി തടയാൻ അമേരിക്കൻ സൈന്യത്തിന് സാധിക്കാത്തത് ആശങ്കയുണർത്തുന്നു. ലോകത്തെ ഇരുപത് ശതമാനത്തോളം എണ്ണ കടന്നുപോകുന്ന ഈ പാത ഇറാൻ തടസ്സപ്പെടുത്തിയതോടെ ആഗോള ഇന്ധന വിപണി കനത്ത പ്രതിസന്ധിയിലാണ്.

Send your news and Advertisements

You may also like

error: Content is protected !!