Saturday, November 7, 2026
Home » സൗദി വ്യോമാതിർത്തിയിലെ യാത്രാ വിമാനങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ; ആശങ്കയിൽ പ്രവാസികൾ

സൗദി വ്യോമാതിർത്തിയിലെ യാത്രാ വിമാനങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ; ആശങ്കയിൽ പ്രവാസികൾ

സൗദി അറേബ്യയ്ക്ക് സഹായവുമായി പാക്കിസ്ഥാനും തുർക്കിയും

by Editor

റിയാദ്: യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയുടെ വ്യോമാതിർത്തിയിലൂടെയുള്ള യാത്രാവിമാനങ്ങൾക്ക് നേരെ ഭീഷണി ഉയർത്തിയത് ഗൾഫ് മേഖലയിലുള്ള പ്രവാസികൾക്കിടയിൽ കനത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സൗദി വ്യോമാതിർത്തി ഇനി സുരക്ഷിതമായിരിക്കില്ലെന്നും അത് സൈനിക നീക്കങ്ങളുടെ ഒരു “യുദ്ധവേദി” (theater of operations) ആയി മാറുമെന്നുമാണ് ഹൂതികളുടെ ഹ്യൂമാനിറ്റേറിയൻ ഓപ്പറേഷൻസ് കോർഡിനേഷൻ സെന്റർ മുന്നറിയിപ്പ് നൽകിയത്. മക്ക, മദീന എന്നിവടങ്ങളിലേക്കുള്ള വ്യോമപാതയൊഴികെ മറ്റെല്ലാ ഭാഗങ്ങളും തങ്ങളുടെ ലക്ഷ്യമാകുമെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹൂതികളുടെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും, സൗദി സിവിൽ ഏവിയേഷൻ റഗുലേറ്റർമാരുടെ നിർദേശപ്രകാരം സൗദി അറേബ്യയുടെ വ്യോമാതിർത്തിയും റിയാദ്, ജിദ്ദ ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളും നിലവിൽ പൂർണ്ണമായും തുറന്നുപ്രവർത്തിക്കുന്നുണ്ട്. വിമാന സർവീസുകൾ സാധാരണ നിലയിൽ തുടരുന്നു.

യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൗദി അറേബ്യയുടെ പിന്തുണയോടെ യെമൻ ഔദ്യോഗിക ഗവൺമെന്റ് വലിയ തോതിലുള്ള സൈനിക പ്രത്യാക്രമണം ആരംഭിച്ചതാണ് ഹൂതികളെ പ്രകോപിപ്പിച്ചത്. എന്നാൽ സൗദി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘ഡോൺ ഒഫ് യമൻ’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയാണ് സൗദിയുടെ സഹായത്തോടെ യമൻ നടത്തുന്നത്. തുറമുഖ നഗരമായ മോക്ക കടുത്ത പോരാട്ടത്തിനൊടുവിൽ സേന തിരിച്ചുപിടിച്ചു.

ഒരുമാസം മുമ്പാണ് മോക്ക വിമതൽ പിടിച്ചെടുത്തത്. തന്ത്രപ്രധായ തുറമുഖ നഗരമായ മോക്ക തങ്ങളുടെ കൈപ്പിടിയിലായതോടെ ചെങ്കടലിലെ ബാബ്-അൽ മന്ദേബ് കടലിടുക്കിൻ്റെ നിന്ത്രണവും അവർക്കായിരുന്നു. യമൻ തലസ്ഥാനമായ സന പിടിച്ചെടുക്കുന്നതിനുള്ള സൈനിക നടപടികളാണ് ഇപ്പോൾ നടക്കുന്നത്. അതിരൂക്ഷമായ ഏറ്റുമുട്ടലാണ് ഇതിന്റെ ഭാഗമായി നടക്കുന്നതെന്നാണ് റിപ്പോർട്ട്. സൗദിയുടെ 100 യുദ്ധ വിമാനങ്ങളാണ് യമൻ്റെ ഔദ്യോഗിക സേനയ്ക്ക് പിന്തുണ നൽകുന്നത്. സൈന്യം സനയിലേക്ക് മുന്നേറുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

2014 മുതൽ സന ഹൂതികളുടെ കൈവശമാണ്. ഹൂതികളുടെ ആയുധ കേന്ദ്രങ്ങൾ, ആയുധങ്ങൾ എത്തിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയാണ് പ്രധാന ആക്രമണ ലക്ഷ്യങ്ങൾ. ഇതിലൂടെ വിമതരെ പൂർണമായി തളർത്താനാണ് ലക്ഷ്യമിടുന്നത്. ഹൂതികളുടെ 1,122 കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് യമൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

സൗദിയിലെ ജിസാൻ, നജ്റാൻ, അബഹ, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്ക് നേരെ ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ ജിസാൻ, നജ്റാൻ വിമാനത്താവളങ്ങളിൽ ഉണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കേരളത്തിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് പ്രവാസികളാണ് സൗദി അറേബ്യയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി ജോലി ചെയ്യുന്നത്. വ്യോമാതിർത്തിയിലെ സുരക്ഷാ ഭീഷണി കാരണം വിമാന സർവീസുകൾ റദ്ദാക്കപ്പെടുമോ എന്ന ഭയം പ്രവാസികൾക്കുണ്ട്. വരും ദിവസങ്ങളിൽ സംഘർഷം കടുക്കുകയാണെങ്കിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാനും, യാത്രകൾ പ്രതിസന്ധിയിലാകാനും സാധ്യതയുണ്ടെന്നതാണ് പ്രവാസികളെ പ്രധാനമായും അസ്വസ്ഥരാക്കുന്നത്.

സൗദി അറേബ്യയ്ക്ക് സഹായവുമായി പാക്കിസ്ഥാനും തുർക്കിയും

ഹൂതി വിമതരുടെ സുരക്ഷാ ഭീഷണിയെത്തുടർന്ന് സൗദി അറേബ്യയ്ക്ക് പിന്തുണയുമായി പാകിസ്ഥാനും തുർക്കിയും രംഗത്ത് വന്നിട്ടുണ്ട്. റിയാദിൽ ചേർന്ന അടിയന്തര യോഗത്തിന് ശേഷം ഒക്ടോബർ ആദ്യവാരം പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം, സൗദി അറേബ്യയുടെ പ്രതിരോധത്തിനായി തങ്ങളുടെ സൈന്യത്തെയും സൈനിക സജ്ജീകരണങ്ങളെയും അടിയന്തരമായി സൗദിയിൽ വിന്യസിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.

യെമനിലെ ഹൂതി വിമതർ സൗദിയിലെ എണ്ണക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. അതിനുപുറമെ, വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായതാണ് പാക്കിസ്ഥാനെയും തുർക്കിയെയും അടിയന്തരമായി സൈന്യത്തെ അയക്കാൻ പ്രേരിപ്പിച്ചത്.

തങ്ങളുടെ പങ്കാളിത്തം പ്രധാനമായും സൗദിയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകരാനാണെന്ന് പാക്കിസ്ഥാനും തുർക്കിയും വ്യക്തമാക്കിയിട്ടുണ്ട്. വ്യോമാതിർത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള എയർ ഡിഫൻസ് സംവിധാനങ്ങൾ, റഡാറുകൾ, ഡ്രോണുകൾ എന്നിവയായിരിക്കും പ്രധാനമായും ഇവർ വിന്യസിക്കുക. നിലവിൽ യെമനിൽ നടക്കുന്ന നേരിട്ടുള്ള സൈനിക ആക്രമണങ്ങളിൽ സൗദി സൈന്യം മാത്രമാണ് പങ്കെടുക്കുന്നത്, പാക്-തുർക്കി സൈന്യങ്ങൾ സൗദിക്ക് ഉള്ളിൽ നിന്നുള്ള പ്രതിരോധ ചുമതലകളാകും നിർവഹിക്കുക. സൗദി വ്യോമാതിർത്തിയും നഗരങ്ങളും കൂടുതൽ സുരക്ഷിതമാക്കാൻ ഈ സഖ്യത്തിന്റെ വരവോടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹോർമൂസിൽ കപ്പലുകൾക്ക് നേരെ ആക്രമണം; സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരുക്ക്

Send your news and Advertisements

You may also like

error: Content is protected !!