ന്യൂ ഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ ഏറ്റവും വിപുലമായ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ ഘട്ടങ്ങളായി നിലവിൽ വരുന്ന ഈ പുതിയ മാറ്റത്തിലൂടെ പ്രതിദിനം 585 വിമാന സർവീസുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 150 അന്താരാഷ്ട്ര സർവീസുകളും 435 ആഭ്യന്തര സർവീസുകളും ഉൾപ്പെടുന്നു.
സർവീസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം വിമാനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിമാനങ്ങളുടെ കാബിൻ നവീകരണത്തിനായുള്ള റെട്രോഫിറ്റിങ് നടപടികളും വേഗത്തിലാക്കുകയാണ് കമ്പനി. ഗൾഫിലേക്കുള്ള സർവീസുകളിൽ കുറവുണ്ടായതിനെ തുടർന്ന് വിമാനങ്ങൾക്ക് ലഭിച്ച ഒഴിവുസമയം റെട്രോഫിറ്റ് ജോലികൾ വേഗത്തിലാക്കാൻ ഉപയോഗിക്കുകയാണ് കമ്പനി. പുതുക്കിയ സീറ്റുകളും ചാർജിംഗ് സൗകര്യങ്ങളും ഉൾപ്പെടെയുള്ള അത്യാധുനിക നവീകരണമാണ് ലക്ഷ്യം.
കേരളത്തിൽ നിന്നും പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്:
- കൊച്ചി – ബാങ്കോക്ക്: ഒക്ടോബർ 25 മുതൽ ആഴ്ചയിൽ 4 സർവീസുകൾ.
- തിരുവനന്തപുരം – റിയാദ്: ഒക്ടോബർ 27 മുതൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ നേരിട്ടുള്ള സർവീസ്.
- തിരുവനന്തപുരം – ബഹ്റൈൻ: ഒക്ടോബർ 27 മുതൽ വ്യാഴം, ശനി ദിവസങ്ങളിൽ പുതിയ സർവീസ്.
- കൊച്ചി–കുവൈത്ത്, മംഗളൂരു–റാസ് അൽ ഖൈമ (ആഴ്ചയിൽ രണ്ട്), മുംബൈ–കുവൈത്ത്, അമൃത്സർ–അബുദാബി, ചണ്ഡിഗഢ്–ഷാർജ, വിശാഖപട്ടണം–ബാങ്കോക്ക് എന്നീ റൂട്ടുകളിലും അധിക സർവീസുകൾ ഉണ്ടാകും.
- ചെന്നൈ – സിംഗപ്പൂർ: ഈ സർവീസ് ഇനി എയർ ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലേക്ക് മാറ്റും. ഒക്ടോബർ 25 മുതൽ ബോയിങ് 737 മാക്സ് 8 വിമാനങ്ങൾ ഉപയോഗിച്ച് ദിവസവും രണ്ട് സർവീസുകൾ ഈ റൂട്ടിൽ നടത്തും.
ആഭ്യന്തര, അന്താരാഷ്ട്ര മേഖലകളിലായി 40-ലേറെ പുതിയ റൂട്ടുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കും. 2026-ലെ വേനൽക്കാല ഷെഡ്യൂളിൽ ആഴ്ചതോറും 3,150-ഓളം സർവീസുകളാണുണ്ടായിരുന്നത്. പുതിയ സമയക്രമം പ്രകാരം ഇത് ഏകദേശം 4,100 ആയി ഉയരും. വൺ സ്റ്റോപ്പ് കണക്ഷൻ സർവീസുകളുടെ എണ്ണം ആഴ്ചതോറും ഏകദേശം 1,600 ആയി ഉയരും. നേരത്തെയിത് 1,330 ആയിരുന്നു.
ആഭ്യന്തര മേഖലയിൽ അഹമ്മദാബാദ്–ഡൽഹി, ബെംഗളൂരു–ഗോവ (മോപ്പ), ബെംഗളൂരു–ജോധ്പൂർ, ബെംഗളൂരു–മധുര, ഡൽഹി–ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ), ഡൽഹി–ഉദയ്പൂർ, ഹൈദരാബാദ്–പുണെ, മുംബൈ–നാഗ്പൂർ റൂട്ടുകളിൽ ആഴ്ചയിൽ ഏഴ് വീതം സർവീസുകൾ നടത്തും. ബെംഗളൂരു–കോയമ്പത്തൂർ റൂട്ടിൽ ആഴ്ചയിൽ 14 സർവീസുകൾ ഉണ്ടായിരിക്കും. ഭുവനേശ്വർ–ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ) റൂട്ടിൽ നാല് സർവീസുകളും ഭോപ്പാൽ–നവി മുംബൈയിൽ മൂന്ന് സർവീസുകളും ഡൽഹി–ജയ്പൂരിൽ അഞ്ച് സർവീസുകളും ഹൈദരാബാദ്–മംഗളൂരുവിൽ മൂന്ന് സർവീസുകളും ഇൻഡോർ–നവി മുംബൈയിൽ നാല് സർവീസുകളും നടത്തും. കൊൽക്കത്ത–പുണെ റൂട്ടിൽ ആഴ്ചയിൽ രണ്ട് സർവീസുകളുമുണ്ടാകും.


