ന്യൂഡൽഹി: ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കാശ്‌മീരിൻ്റെയും ലഡാക്കിൻ്റെയും ഭാഗങ്ങൾ ഉൾപ്പെടുത്തി അതിർത്തി നിർണയിക്കാൻ രൂപീകരിച്ച പാക്കിസ്ഥാൻ-ചൈന അതിർത്തി സംയുക്ത കമ്മീഷനെതിരെ വിദേശകാര്യ മന്ത്രാലയം. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും അതിർത്തി നിർണയിക്കാൻ ഈ കമ്മീഷന് യാതൊരുവിധ നിയമസാധുതയുമില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) ഔദ്യോഗികമായി വ്യക്തമാക്കി.
ചൈനയും പാക്കിസ്ഥാനും തമ്മിൽ യഥാർത്ഥത്തിൽ അതിർത്തി പങ്കിടുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇരുകൂട്ടരും ചേർന്നുള്ള അതിർത്തി കമ്മീഷന് നിലനിൽപ്പില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെയും ലഡാക്കിലെയും മുഴുവൻ കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ത്യയുടെ മാറ്റമില്ലാത്ത ഭാഗങ്ങളാണ്. ഇന്ത്യയുടെ പരമാധികാര പരിധിയിൽ വരുന്നതും പാക്കിസ്ഥാൻ അനധികൃതമായി കൈയേറിയതുമായ (PoK) പ്രദേശങ്ങളിൽ ഇത്തരം കരാറുകളോ സംവിധാനങ്ങളോ ഉണ്ടാക്കാൻ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ല.
പാക്കിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ അതിർത്തികൾ നിർണയിക്കാൻ ഉണ്ടാക്കിയ 1963-ലെ ‘ചൈന-പാക്കിസ്ഥാൻ അതിർത്തി കരാർ’ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഈ കരാർ പ്രകാരമാണ് ശാക്സ്ഗാം താഴ്‌വര (Shaksgam Valley) പാക്കിസ്ഥാൻ ചൈനയ്ക്ക് കൈമാറിയത്. ഇത് പൂർണ്ണമായും നിയമവിരുദ്ധവും അസാധുവുമാണ്.
ഈ അധിനിവേശ പ്രദേശങ്ങളുടെ പദവി മാറ്റാനോ നിയമ വിധേയമാക്കാനോ ഉള്ള ഏതൊരു ശ്രമത്തെയും ഇന്ത്യ എതിർക്കും. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബാധിക്കുന്ന വിഷയമാണ്.
ഇത്തരം നാടകങ്ങളിൽ ഏർപ്പെടുന്നതിനുപകരം നിയമവിരുദ്ധമായി കൈവശം വച്ച പ്രദേശങ്ങളിൽ നിന്ന് ഉടൻ ഒഴിഞ്ഞു പോകാൻ പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ചൈനയും പാക്കിസ്ഥാനും ഈ നീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പാക് അധിനിവേശ കശ്മീരിലെ (PoK) കാരക്കോറം മേഖലയിലൂടെ കടന്നുപോകുന്ന 590 കിലോമീറ്ററിലധികം ദൂരമുള്ള ഈ പ്രദേശത്താണ് ചൈനയും പാക്കിസ്ഥാനും ചേർന്ന് അതിർത്തി ഏകോപനം നടത്തുന്നത്. ഈ കാരക്കോറം മേഖലയോട് ചേർന്നുള്ള ശാക്സ്ഗാം താഴ്‌വരയിൽ ചൈന വൻതോതിൽ സൈനിക അടിസ്ഥാന സൗകര്യങ്ങളും റോഡുകളും നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത് ഇന്ത്യയുടെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ചൈനയും പാക്കിസ്ഥാനും ‘അതിർത്തി’ എന്ന് വിശേഷിപ്പിക്കുന്ന ഈ 590 കിലോമീറ്റർ പ്രദേശം പൂർണ്ണമായും ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതും, പാക്കിസ്ഥാൻ ബലപ്രയോഗത്തിലൂടെ കൈവശം വെച്ചിരിക്കുന്നതുമായ ഭൂമിയാണ്.

