ഓർമ്മകളോടിക്കളിക്കുന്ന മുറ്റത്തെ ചക്കരമാവിൻചുവട്ടിലേക്ക് ഇഷ്ടംകൂടിപോരാമോ കണ്ണാംതുമ്പി നിനക്ക്.. നീയില്ലാതൊരു പൂക്കാലമില്ല എന്റെയുള്ളിൽ. ഏതോവാർമുകിലിൻകിനാവിലെ മുത്തായ് നീവരുമ്പോൾ ഉണ്ണികളോടൊപ്പം കാതോടുകാതോരമിരുന്നു നമുക്ക് കഥകൾപറയാം. കണ്ടാൽചിരിക്കാത്ത കാക്കക്കറുമ്പിയെ കണ്ടൊന്നറിയാം നമുക്ക്. ദേവദൂതരും സ്നേഹദൂതരും പാടിയാടുമ്പോൾ ഒലീവിന്റെ പൂക്കളേകാം നമുക്ക്. ഗൃഹാതുരത്വംനിറഞ്ഞ പാട്ടുകൾകൊണ്ടൊരു വസന്തകാലമൊരുക്കിവച്ച സംഗീതസംവിധായകൻ. ഔസേപ്പച്ചൻ.
കാതുകളിലേക്ക് തേന്മഴയായി പെയ്തിറങ്ങുന്ന നനുത്തസംഗീതം. ശബ്ദകോലാഹലങ്ങളോ, അനുകരണലേശമോയില്ലാത്ത ആർദ്രമായ ഈണങ്ങൾകൊണ്ട് കൈരളിയെ ധന്യമാക്കിയ മാന്ത്രികൻ. തൊണ്ണൂറുകളുടെ പകുതിയോടാണ് ഔസേപ്പച്ചന്റെ സംഗീതമാസ്മരികത മലയാളികളുടെ കാതോരമെത്തിയത്. ആ സർഗ്ഗസംഗീതസൗന്ദര്യം മലയാളികൾ ഹൃദയത്തിൽചേർത്തുവച്ചു.
പൂങ്കാറ്റിലും പുൽമേട്ടിലും പുല്ലാങ്കുഴലിലും ആ സംഗീതം മുത്തുകളായി തിളങ്ങി.
മലയാള ചലച്ചിത്രസംഗീതത്തിലെ വിസ്മയങ്ങളിലൊന്നാണ് ഔസേപ്പച്ചൻ. മലയാളി എക്കാലവുമോർക്കുന്ന പാട്ടുകളിൽ പലതിലും ആ പേര് പതിഞ്ഞു കിടക്കുന്നുണ്ട്. മധുരമായ ഈണങ്ങൾ കോർത്തിണക്കി സംഗീതത്തിന്റെ മഹാസദ്യയാണ് അദ്ദേഹം ആസ്വാദകർക്കായി വിളമ്പിത്തന്നത്. പതിയെ ഒഴുകിവന്ന് നനുത്തതലോടലായി കടന്നുപോകുന്ന ഈണങ്ങളാണ് വയലിൻകൊണ്ട് വിസ്മയങ്ങൾ തീർക്കുന്ന ഔസേപ്പച്ചനെന്ന മഹാപ്രതിഭ മലയാളത്തിന് സമർപ്പിച്ചത്.
തൃശൂർ ഒല്ലൂർ ഗവ. ഹൈസ്‌കൂൾ, തൃശൂർ സെന്റ്തോമസ്കോളേജ് എന്നിവിടങ്ങളിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷമാണ് “വോയ്‌സ്ഓഫ് തൃശൂർ” എന്ന മ്യൂസിക്ട്രൂപ്പിലെ വയലിനിസ്റ്റാകുന്നത്. പതിയെ മദ്രാസിലേക്ക് ചേക്കേറിയ ഔസേപ്പച്ചൻ ദേവരാജൻമാസ്റ്ററുടെ അനുഗ്രഹത്തോടെ പശ്ചാത്തലസംഗീതത്തിൽ കൈവച്ചപ്പോൾതന്നെ മലയാള സിനിമയുടെ വാഗ്ദാനമെന്ന് അർജ്‌ജുനൻമാസ്റ്റർ വിശേഷിപ്പിച്ചത് വെറുതെയായില്ല.
പാതിരാമഴയേതോ ഹംസഗീതംപാടിയെന്നും, ഒരുപൂവിരിയുന്ന സുഖമറിഞ്ഞെന്നും, തിരുനെല്ലിക്കാടുപൂത്തപ്പോൾ തിനതിന്നാൻ കിളിയിറങ്ങിയെന്നും, ഉറക്കംകൺകളിൽ ഊഞ്ഞാലുകെട്ടുന്നു എന്നുമൊക്കെ മലയാളികൾ അതിവേഗമാണ് ഹൃദയത്തിൽ സ്വീകരിച്ചത്. തുമ്പയും തുളസിയും കുടമുല്ലപ്പൂവും തൊഴുകൈയോടെനിൽക്കുന്ന നാടിന്റെ സൗന്ദര്യവും, അന്തിപ്പൊൻവെട്ടം
കടലിൽമെല്ലെതാഴ്ത്തിയും, അന്നലൂഞ്ഞാൽ പൊൻപടിയിലിരുത്തി താരാട്ടിയുറക്കിയും, താമരനൂലിനാൽ
മെല്ലെ മേനിയിൽതൊട്ടും, വേനൽപുഴയിലെ തെളിനീരിൽ പുലരിവിടർത്തിയും ആ സംഗീതധാര മലയാളമാകെ പടർന്നുകയറി.
പൂക്കൈതപൂക്കുന്ന പാടങ്ങളും,ഒറ്റയ്ക്ക്പാടുന്ന പൂങ്കുയിലും, താളംമറന്നതാരാട്ടും, ഒരുരാജമല്ലിവിടരുന്ന സുഖവുമൊക്കെ, ഔസേപ്പച്ചനെന്ന സംഗീതമാന്ത്രികൻ പൊന്നുംമുത്തുമാക്കിയിട്ടു. ഈണമിട്ട എഴുന്നൂറോളംപാട്ടുകളിൽനിന്നും മികച്ചഗാനത്തിന്റെ ഒരുതെരഞ്ഞെടുപ്പ് അസാദ്ധ്യമാണ്. കാരണം, അത്രമേൽ ഓരോപാട്ടും നമ്മെകീഴടക്കിവച്ചിരിക്കുന്നു എന്നതുതന്നെ. കാലങ്ങൾമാറിയപ്പോൾ, ട്രെൻഡുകൾ മാറിമാറിഞ്ഞപ്പോൾ ഔസേപ്പച്ചൻ അതിന്പിന്നാലെപോയില്ല. ശുദ്ധമായ സംഗീതത്തിനുമാത്രമേ എന്നെന്നും നിലനിൽപ്പുള്ളൂ എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ.
ഇടക്കാലത്ത് മെലഡികൾ കുറഞ്ഞപ്പോൾ ഔസേപ്പച്ചനും പാട്ടുകൾകുറഞ്ഞു. “വാങ്ക്” എന്ന പുതിയചിത്രത്തിലാണ് ഔസേപ്പച്ചൻ അടുത്തിടെ സംഗീതം നൽകിയത്.
സെപ്റ്റംബർ 13 ഔസേപ്പച്ചന്റെ ജന്മദിനമായിരുന്നു. ആയുരാരോഗ്യസൗഖ്യങ്ങൾ നേരുകയാണ്. ഇനിയുംപിറക്കട്ടെ ആ മാന്ത്രികവിരലുകളിൽനിന്നും, മനോഹരമായ മെലഡികളുടെ കുടമുല്ലപ്പൂക്കൾ.
ആശംസകൾ.
വിനോദ് കട്ടച്ചിറ

