ഇരുട്ടിന് കറുപ്പ് മാത്രമല്ല, ചോരയുടെ ചവറുമണവും ഉണ്ടായിരുന്ന ഒരു രാത്രിയായിരുന്നു ആ സംഭവം.
ഇലഞ്ഞിക്കൽ ഗ്രാമം. തുലാമഴ പെയ്തു തോർന്ന നേരം.
കവലയിലെ തെരുവു വിളക്കുകൾ വവ്വാലിന്റെ ചിറകടി കേട്ട് കണ്ണുചിമ്മിപ്പളിഞ്ഞു.
തോട്ടിലെ വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിനിടയിലൂടേയാണ് ആ അലർച്ച കേട്ടത്.
പാതിരാത്രിയിൽ പാടത്തെ കാവൽ മാടത്തിൽ കാവലിരിക്കുന്ന കോരനാണ് പാടത്തിന്റെ തൊട്ടു മുകളിലുള്ള തെങ്ങിൻ തോപ്പിൽ അത് കണ്ടത്.
വില്ലൻ ചിരിയോടെ നിൽക്കുന്ന അന്ധകാരം, അതിനു നടുവിൽ ചോരയിൽ കുളിച്ചുകിടക്കുന്ന ഇലഞ്ഞിക്കൽ തറവാട്ടിലെ നാരായണ കൂട്ടി നായർ. കഴുത്തറക്കപ്പെട്ട നിലയിലായിരുന്നു ബോഡി. നെഞ്ചിലും വയറ്റിലും ചിലയിടങ്ങളിൽ കത്തികൊണ്ട് വരഞ്ഞ പാടുകൾ ഉണ്ട്.
സംഗതി കൊലപാതകമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ കണ്ടാൽ അറിയാം. പക്ഷെ വിരലടയാളമോ, മറ്റു തെളിവുകളോ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല.
കേസ് അന്വേഷണത്തിന്റെ ചുമതല സി. ഐ. ചന്ദ്രശേഖറിന്റെ കൈകളിൽ എത്തി. അപാര ബുദ്ധിയും സൂക്ഷ്‌മമായ നിരീക്ഷണപാടവവും ഉള്ള ആളാണ് അദ്ദേഹം. ഒരാളുടെ ഉള്ളിലെ കള്ളത്തരങ്ങൾ കണ്ണിന്റെ ചലനം കണ്ടാൽ തിരിച്ചറിയുന്ന അതി ബുദ്ധിമാനായ പോലീസ് ഓഫീസർ.
അദ്ദേഹം സംഭവസ്ഥലം സന്ദർശിച്ചു. ചെളി നിറഞ്ഞ മണ്ണിൽ ഒരു കാൽപ്പാട് പോലുമില്ല.
പക്ഷെ സി. ഐ. യുടെ കണ്ണുകൾ ബോഡിയുടെ അരികിൽ പറ്റിപ്പിടിച്ചിരുന്ന ആ പഴയ തോർത്തിൽ ഉടക്കി. അതിൽ നാടൻ ചാരായത്തിന്റെയും കഞ്ചാവിന്റെയും രൂക്ഷമായ ഗന്ധം ആയിരുന്നു. ബോഡിയുടെ വലതു കയ്യിൽ ഒരു പിടിവലി നടന്നതിന്റെ ലക്ഷണം കാണുന്നുണ്ട്. അത് എന്തായിരിക്കും?…
നാരായണൻ കുട്ടി നായർ ഒരു വിശുദ്ധനൊന്നും ആയിരുന്നില്ല. പണം പലിശയ്ക്ക് കൊടുത്ത് വൻമുതൽ ഇടാക്കുക, സ്വർണ്ണ പണ്ടങ്ങളും, ഓട്ടുപാത്രങ്ങളും വൻതുക പലിശകൊടുത്ത് വാങ്ങിക്കുക. അവധി പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുക്കാഞ്ഞാൽ ആ സാധനങ്ങൾ തന്റെ അധികാരത്തിലേക്ക് മാറ്റുക എന്നിവയാണ്. ഇങ്ങിനെ ഒരുപാട് ആളുകളുടെ കണ്ണീരുവീണ സമ്പത്ത് അയാളുടെ പക്കലുണ്ട്. പാവപ്പെട്ടവരുടെ ഭൂമി കയ്യേറുന്നതിനും ടിയാൻ മിടുക്കണമായിരുന്നു.
ചന്ദ്ര ശേഖർ അല്പമാറി ആ കാവൽപുരയിൽ പോയി നിന്നു. അദ്ദേഹത്തിന്റെ സൂക്ഷ്മ നയനങ്ങൾ നാലുപാടും ഒന്ന് ഓടിച്ചു. പിന്നീട് ആ കണ്ണുകൾ കോരനിൽ പതിച്ചു. അയാൾ വളരെ താഴ്മയോടും ശബ്ദം താഴ്ത്തിയും അവനോടു ചോദിച്ചു.
നാരായണൻ കുട്ടി നായർക്ക് ശത്രുക്കളായി ആരെങ്കിലും ഉണ്ടോ എന്ന്. കോരൻ അൽപനേരം ആലോചിച്ച ശേഷം പറഞ്ഞു. ഒന്ന് ആരോമൽ. നാരായണൻ കൂട്ടി നായരുടെ മകൾ സൗമ്യയെ വിവാഹം കഴിക്കണം, അവളിലൂടെ സ്വത്തു കൈക്കലാക്കാം എന്ന് മോഹിച്ചു നടന്നവൻ. അവളെ വിവാഹം കഴിഞ്ഞു പോയപ്പോൾ പ്രതികാരം ദാഹവുമായി നടന്നവൻ. പിന്നൊന്ന് അയാളുടെ സ്വന്തം മരുമകൻ. തറവാട്ടു സ്വത്തു മുഴുവൻ അമ്മാമൻ ഒറ്റയ്‌ക്ക് എടുക്കുമോ എന്ന പേടി.
അന്ന് രാത്രി പെയ്ത മഴയിൽ ആ ഗ്രാമം വിറച്ചു. സി ഐ. ആ പഴയ തറവാട്ട് വീട്ടിലേയ്ക്ക് പോയി. സംശയസ്പദമായ ആ രണ്ടുപേരേയും വിളിപ്പിച്ചു. ഒരു കത്തിച്ച നിലവിളക്കിന് പിന്നിൽ മൂന്നു പേരും ഇരുന്നു അന്തരീക്ഷത്തിൽ ഭയം പുകപോലെ പടർന്നു.
സി ഐ. പറഞ്ഞു ഈ കൊലപാതക നടത്തിയവൻ ഇപ്പോൾ ഇവിടെ ഉണ്ട്. ഈ തോർത്ത് അയാളുടെ മൃതദ്ദേഹത്തിന്നരികിൽ നിന്നും കിട്ടിയതാ. ഇത് ആരുടേതെന്നറിയാൻ ലാബിലേയ്ക്ക് അയക്കുന്നതാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടതും നാരായണൻ കൂട്ടി നായരുടെ അനന്തിരവൻ വിശ്വന്റെ നെറ്റിയിൽ മുത്തുപോലെ വിയർപ്പുകണങ്ങൾ പൊടിഞ്ഞു. അവൻ ഭയപ്പാടോടെ മുണ്ടിന്റെ കോന്തല കൊണ്ട് മുഖം തുടച്ചു.
ലാബിൽ ടെസ്റ്റിനൊന്നും അയക്കേണ്ടതില്ല വിശ്വാ…. സി. ഐ. എഴുന്നേറ്റ് വിശ്വത്തിന്റെ അടുത്തേയ്ക്ക് പോയി തോളിൽ കൈ വെച്ചു. അദ്ദേഹം പറഞ്ഞു നിന്റെ ഈ പേടിച്ച മുഖം എല്ലാ സത്യങ്ങളും വിളിച്ചു പറയുന്നുണ്ട്. കൂടാതെ കാരണവർ മരിച്ചു കിടക്കുമ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും നീ ഊരി എടുത്ത മോതിരത്തിന്റെ തിളക്കം ഈ ലൈറ്റിന്റെ വെളിച്ചത്തിൽ നിന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഞാൻ കാണുന്നുണ്ട്.
വിശ്വന് കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതായി തോന്നി. അവൻ നിലത്തേയ്ക്ക് ഊർന്നുവീണു.
മഴ വീണ്ടും ശക്തി പ്രാപിച്ചു. തറവാട്ടിന്റെ മുറ്റത്ത് പോലീസ് വണ്ടി സൈറൺ മുഴക്കി. അതിന്നിടയിൽ വിശ്വത്തെ വിലങ്ങണിഞ്ഞു പോലീസ് വണ്ടിയിൽ കയറ്റുമ്പോൾ സി. ഐ. തന്റെ ചുണ്ടിൽ ഒരു വിൽസ് സിഗരറ്റ് കത്തിച്ച് ഇരുളിലേയ്ക്ക് നോക്കി ഒരു പുകച്ചുരുൾ വിട്ടു.
മനുഷ്യന്റെ അത്യാഗ്രഹത്തോളം ഭീകരത ഈ ലോകത്ത് വേറൊന്നും ഇല്ലെന്ന് ഈ കഥ തെളിയിച്ചിരിക്കുന്നു.
ശ്യാമള ഹരിദാസ്

