Monday, September 14, 2026
Home » മിഷെലിൻ ലെ മാൻസ് കപ്പ് കാർ റേസിങ്ങിൽ താരസംഗമം; അജിത്തിനടുത്തേക്കു ഓടിയെത്തി വിജയ്; മത്സരം കാണാൻ തൃഷയും.
മിഷെലിൻ ലെ മാൻസ് കപ്പ് കാർ റേസിങ്ങിൽ താരസംഗമം; അജിത്തിനടുത്തേക്കു ഓടിയെത്തി വിജയ്; മത്സരം കാണാൻ തൃഷയും.

മിഷെലിൻ ലെ മാൻസ് കപ്പ് കാർ റേസിങ്ങിൽ താരസംഗമം; അജിത്തിനടുത്തേക്കു ഓടിയെത്തി വിജയ്; മത്സരം കാണാൻ തൃഷയും.

by Editor

യുകെയിലെ പ്രശസ്തമായ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടന്ന മിഷെലിൻ ലെ മാൻസ് കപ്പ് കാർ റേസിങ് ട്രാക്കിൽ തമിഴ് സിനിമാ ലോകത്തെ പ്രമുഖ താരങ്ങളുടെ അപൂർവ സംഗമം. മത്സരത്തിൽ പങ്കെടുക്കുന്ന നടൻ അജിത് കുമാറിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ വിജയ്‌യും പ്രശസ്ത നടി തൃഷ കൃഷ്ണനും നേരിട്ടെത്തിയതാണ് ആരാധകർക്കിടയിൽ വലിയ ആവേശമായിരിക്കുന്നത്.

മത്സരത്തിന്റെ മുഖ്യാതിഥിയായി എത്തിയ വിജയ് പച്ചക്കൊടി വീശിയാണ് റേസ് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തത്. ഔദ്യോഗിക വിദേശ സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ലണ്ടനിലെത്തിയത്. റേസിങ് ട്രാക്കിലേക്ക് എത്തിയ വിജയ്, അജിത്തിനെ കണ്ടയുടൻ അടുത്തേക്ക് ഓടിയെത്തി കെട്ടിപ്പിടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

ലണ്ടനിൽ ഒരു പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയ തൃഷ, മുതിർന്ന നടി രാധിക ശരത്കുമാറിനൊപ്പമാണ് മത്സരം കാണാൻ ഗാലറിയിലെത്തിയത്. വിജയ്‌യും തൃഷയും ഒരുമിച്ച് മത്സരവേദിയിലിരിക്കുന്ന ദൃശ്യങ്ങളും വലിയ ചർച്ചയായിട്ടുണ്ട്. തീപാറുന്ന പോരാട്ടം നടന്ന മത്സരത്തിൽ അജിത് കുമാറിന്റെ ടീം 38-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

റെഡ് ആന്റ് ബൈ വിരാജ് ടീമിനായി എൽഎംപി3 പ്രോ-ആം വിഭാഗത്തിൽ അഞ്ചാം റൗണ്ടിലാണ് അജിത് മത്സരരിക്കാനിറങ്ങിയത്. കൂടെ ഫ്രഞ്ച് ഡ്രൈവർ റൊമെയ്ൻ വോസ്‌നിയാക്കിയുമുണ്ടായിരുന്നു. മുൻ ഫോർമുല വൺ താരം നരേൻ കാർത്തികേയൻ, ആദിത്യ പട്ടേൽ എന്നിവരടങ്ങുന്ന സംഘവും സിൽവർസ്റ്റോണിൽ മത്സരരംഗത്തുണ്ടായിരുന്നു. സ്റ്റീവ് പാരോയും മൈക്കൽ പെഡേഴ്‌സണും ഉൾപ്പെട്ട എഎൻഎസ് മോട്ടോസ്‌പോർട്ട് ടീമാണ് റേസിൽ ഒന്നാമതെത്തിയത്.

Send your news and Advertisements

You may also like

error: Content is protected !!