Monday, September 14, 2026
Home » അടുത്ത കാൽനൂറ്റാണ്ടിനുള്ളിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തുമെന്ന് യു.എസ് സാമ്പത്തിക വിദഗ്ധൻ
അടുത്ത കാൽനൂറ്റാണ്ടിനുള്ളിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തുമെന്ന് യു.എസ് സാമ്പത്തിക വിദഗ്ധൻ

അടുത്ത കാൽനൂറ്റാണ്ടിനുള്ളിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തുമെന്ന് യു.എസ് സാമ്പത്തിക വിദഗ്ധൻ

by Editor

അടുത്ത കാൽനൂറ്റാണ്ടിനുള്ളിൽ (25 വർഷം) ഇന്ത്യ അമേരിക്കയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നാകുമെന്ന് പ്രമുഖ യു.എസ് സാമ്പത്തിക വിദഗ്ധനായ ജെഫ്രി ഡി സാക്സ്. ആഗോള സാമ്പത്തിക രംഗത്ത് യുഗപ്രഭാവമായ മാറ്റങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഏഷ്യൻ നൂറ്റാണ്ടിന്റെ പൂർണ്ണമായ ഉദയമാണ് ഈ കുതിച്ചുചാട്ടത്തിലൂടെ ദൃശ്യമാകുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

അതിവേഗത്തിലുള്ള വ്യാവസായിക വളർച്ചയും സാങ്കേതിക വിദ്യയിലെ സമാനതകളില്ലാത്ത മുന്നേറ്റങ്ങളുമാണ് ഇന്ത്യയെ ഈ വലിയ ചരിത്ര നേട്ടത്തിലേക്ക് സജ്ജമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയും അതോടൊപ്പം രാജ്യത്തിൻറെ കരുത്തായ യുവജന ശേഷിയും ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് പ്രധാന ഇന്ധനമായി മാറുന്നു. ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിലും അടിസ്ഥാന നിർമാണ മേഖലയിലും രാജ്യം കൈവരിച്ച അദ്ഭുതകരമായ പുരോഗതി ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

പാശ്ചാത്യ രാജ്യങ്ങൾ വൻ സാമ്പത്തിക മന്ദ്യവും ഉൽപ്പാദന പ്രതിസന്ധികളും നേരിടുന്ന ഇക്കാലത്ത്, ആഗോള സാമ്പത്തിക വളർച്ചയുടെ പ്രധാന പ്രേരക ശക്തിയായി ഇന്ത്യ മാറും. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ, വൈകാതെ തന്നെ മൂന്നാം സ്ഥാനത്തേക്ക് ഉയരുമെന്ന കാര്യം ഉറപ്പായി. അമേരിക്കയിൽ ഡൊണാൾഡ് ട്രംപിൻ്റെ പുതിയ സാമ്പത്തിക നയങ്ങളും തീരുവകളും ആഗോള വ്യാപാരത്തിൽ തരംഗങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, അത് ഇന്ത്യയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ശക്തമായ ആഭ്യന്തര വിപണിയും വിപുലമായ ഉൽപ്പാദന ശേഷിയും ഉള്ളതിനാൽ വിദേശ സാമ്പത്തിക ആഘാതങ്ങളെ പ്രതിരോധിക്കാനും സ്വന്തം വളർച്ചാ പാതയിൽ മുന്നേറാനും ഇന്ത്യയ്ക്ക് പൂർണ ശേഷിയുണ്ട്.

ലോകം ഇപ്പോൾ ഒരു രാജ്യം മാത്രം ഭരിക്കുന്ന അവസ്ഥയ്ക്ക് (Hegemony) അപ്പുറത്തേക്ക് മാറിയിരിക്കുന്നു. യു.എസ്, ചൈന, ഇന്ത്യ, റഷ്യ എന്നീ നാല് വൻശക്തികളുള്ള ഒരു മൾട്ടിപോളാർ ലോകക്രമമാണ് നിലവിലുള്ളതെന്നും, ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര-സാങ്കേതിക സഹകരണം ഈ വളർച്ചയ്ക്ക് കൂടുതൽ വേഗത നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ചൈനയിൽ ജനസംഖ്യ കുറയുമ്പോൾ ഇന്ത്യയിൽ യുവാക്കളുടെ എണ്ണവും ജനസംഖ്യയും വർദ്ധിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം നൽകും. നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ ഇന്ത്യയാണ്. ഏഷ്യൻ കരുത്തിന്റെ വക്താവായി ഇന്ത്യ ലോക സാമ്പത്തിക രംഗം ഭരിക്കുമെന്നാണ് ഈ പ്രവചനം അടിവരയിടുന്നത്.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന BRICS ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

Send your news and Advertisements

You may also like

error: Content is protected !!