ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടി ന്യൂഡൽഹിയിൽ സമാപിച്ചു. ബ്രിക്സ് കൂട്ടായ്മ വെറും ആശയവിനിമയ വേദി മാത്രമല്ലെന്നും, ലോകം ഉറ്റുനോക്കുന്ന തരത്തിലുള്ള മൂർത്തമായ പ്രവർത്തന ഫലങ്ങൾ കാഴ്ചവെക്കാൻ ഇതിന് സാധിക്കുമെന്നും സമാപന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. 2027-ൽ നടക്കുന്ന 19-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ചൈന ആതിഥേയത്വം വഹിക്കും.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോള തലത്തിൽ സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ വെല്ലുവിളികളെ നേരിടാനും മാനവരാശിക്കായി അഭിവൃദ്ധി പ്രാപിക്കാനും സഹകരണത്തിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിലൂടെയും ബ്രിക്‌സ് മുന്നേറണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. ഉച്ചകോടിയിൽ അംഗീകരിച്ച ന്യൂഡൽഹി പ്രഖ്യാപനം നമ്മുടെ കാഴ്‌ചപ്പാടിനും ഭാവി സഹകരണത്തിനും വ്യക്തമായ ദിശാബോധം നൽകുമെന്ന് പ്രത്യാശിക്കുന്നു. ബ്രിക്‌സ് അതിൻ്റെ മൂന്നാം പതിറ്റാണ്ടിലേക്ക് കടക്കുകയാണ്. കേവലം ആശയങ്ങളും വാഗ്ദാനങ്ങളുമല്ല, മറിച്ച് മൂർത്തമായ ഫലങ്ങളാണ് ലോകം ഇപ്പോൾ നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. കൂട്ടായ പരിശ്രമങ്ങളിലൂടെ ഈ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ നമുക്ക് തീർച്ചയായും കഴിയും. അടുത്ത ആതിഥേയ രാജ്യമെന്ന നിലയിൽ ചൈനയ്ക്ക് എല്ലാവിധ ആശംസകളും നേർന്ന പ്രധാനമന്ത്രി, സമ്മേളനത്തിൽ പങ്കെടുത്ത ലോക നേതാക്കൾക്ക് നന്ദി അറിയിച്ചു.
ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻ പിങ്, റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ, ഡെപ്യൂട്ടി പ്രധാനമന്ത്രി ഡെനിസ് മണ്ടുറോവ്, വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, ഇറാൻ പ്രസിഡന്റ്റ് മസൂദ് പെസഷ്കിയാൻ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റമാഫോസ, യു.എൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ്, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി, ഈജിപ്ഷ്യൻ പ്രസിഡൻ്റ് അൽ ഫത്തായെൽ സിസി, ഉഗാണ്ട വൈസ് പ്രസിഡന്റ് ജെസീക്ക അലൂപോ, നൈജീരിയൻ വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമ, ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേറിയ, ഉറൂഗ്വായ് വിദേശകാര്യ മന്ത്രി മരിയോ ലുബേദ്കിൻ തുടങ്ങിയ ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തു.
സംയുക്ത പ്രസ്താവന അംഗീകരിച്ചു ബ്രിക്സ്; ബ്രിക്സ് ആർക്കും എതിരല്ല എന്ന് നരേന്ദ്ര മോദി

