Monday, September 14, 2026
Home » വാൽസിംഗ്ഹാം നമ്മോട് പറയുന്നത്
വാൽസിംഗ്ഹാം നമ്മോട് പറയുന്നത്

വാൽസിംഗ്ഹാം നമ്മോട് പറയുന്നത്

പുഷ്പമ്മ ചാണ്ടി

by Editor

ഇംഗ്ലണ്ടിൽ എത്തുമ്പോൾ പലപ്പോഴും ഇവിടെ വരണം എന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അതിനു ഭാഗ്യം ലഭിച്ചത്.. എട്ട് നോയമ്പ് മുടക്കാറില്ല .. പക്ഷേ ദേവാലയ സന്ദർശനം നടന്നില്ല ഈ വർഷം ആ വിഷമം മാറിയത് ഇപ്പോഴാണ്. വാൽസിംഗ്ഹാം “ഇംഗ്ലണ്ടിന്റെ നസറത്ത്”

ഇംഗ്ലണ്ടിലെ നോർഫോക്കിലുള്ള വാൽസിംഗ്ഹാം ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഏറെ പ്രാധാന്യമുള്ള ഒരു തീർത്ഥാടന കേന്ദ്രമാണ്. പ്രത്യേകിച്ച് പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയുടെ പ്രധാന കേന്ദ്രമായതിനാൽ വാൽസിംഗ്ഹാമിനെ പലപ്പോഴും “ഇംഗ്ലണ്ടിന്റെ നസറത്ത്” എന്ന് വിളിക്കുന്നു.

ക്രിസ്തുവർഷം 1061-ൽ, റിഷൽഡിസ് ഡി ഫാവർഷസ് എന്ന സ്ത്രീയ്ക്ക് പരിശുദ്ധ മറിയത്തിന്റെ ദർശനം ഉണ്ടായതായി പറയപ്പെടുന്നു. നസറത്തിലെ മറിയത്തിന്റെ ഭവനത്തിന്റെ മാതൃകയിൽ ഒരു വിശുദ്ധ ഭവനം നിർമ്മിക്കണമെന്നായിരുന്നു ആ ദർശനത്തിലെ സന്ദേശം. അങ്ങനെ വാൽസിംഗ്ഹാമിൽ ഒരു വിശുദ്ധ തീർത്ഥാടന പാരമ്പര്യം ആരംഭിച്ചു.

കാലക്രമേണ വാൽസിംഗ്ഹാം യൂറോപ്പിലെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി മാറി. രാജാക്കന്മാരും സാധാരണ വിശ്വാസികളും ഉൾപ്പെടെ അനേകർ ഇവിടെ തീർത്ഥാടനം നടത്തി. റോമിനും ജെറുസലേമിനും സാന്റിയാഗോ ഡി കോംപോസ്റ്റേലയ്ക്കുമൊപ്പം മധ്യകാല ക്രൈസ്തവ ലോകത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായിരുന്നു വാൽസിംഗ്ഹാം.

സ്ലിപ്പർ ചാപ്പൽ
വാൽസിംഗ്ഹാമിലെ സ്ലിപ്പർ ചാപ്പൽ കത്തോലിക്കാ തീർത്ഥാടകരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനാ കേന്ദ്രമാണ്. മധ്യകാലഘട്ടത്തിലെ പഴയ തീർത്ഥാടന പാരമ്പര്യത്തിന്റെ ഭാഗമായി നിലനിന്ന ഈ ചെറിയ ചാപ്പൽ ഇന്ന് ഇംഗ്ലണ്ടിലെ Our Lady of Walsingham-ന്റെ ദേശീയ കത്തോലിക്കാ തീർത്ഥാടനകേന്ദ്രത്തിന്റെ ഹൃദയമായി മാറിയിരിക്കുന്നു.

ഇവിടെ പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപത്തിന് മുമ്പിൽ ഇരുന്ന് പ്രാർത്ഥിക്കാനും, സ്വന്തം ജീവിതത്തിലെ സന്തോഷങ്ങളും വേദനകളും പ്രതീക്ഷകളും ആശങ്കകളും മറിയത്തിന്റെ കരങ്ങളിൽ സമർപ്പിക്കാനും തീർത്ഥാടകർ എത്തുന്നു.

മറിയത്തിന്റെ “അതെ”
വാൽസിംഗ്ഹാമിന്റെ ഏറ്റവും മനോഹരമായ ആത്മീയ സന്ദേശങ്ങളിലൊന്ന് മറിയത്തിന്റെ “അതെ” എന്ന മറുപടിയാണ്.  ദൈവത്തിന്റെ ഇഷ്ടം തന്റെ ജീവിതത്തിൽ എന്തായിരിക്കുമെന്ന് പൂർണ്ണമായി അറിയാതിരുന്നിട്ടും, മറിയം വിശ്വാസത്തോടെ ദൈവത്തിന് സ്വയം സമർപ്പിച്ചു.

അതുകൊണ്ടുതന്നെ വാൽസിംഗ്ഹാം ഒരു സ്ഥലസന്ദർശനം മാത്രമല്ല, വിശ്വാസത്തോടെ ദൈവത്തോട് “അതെ” പറയാൻ നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ആത്മീയ യാത്ര കൂടിയാണ്.

വാൽസിംഗ്ഹാമിലേക്ക് പോകുമ്പോൾ ഓരോരുത്തരും സ്വന്തം ഹൃദയത്തിൽ ഓരോ ചന്തകൾ ഉണ്ട്. ആരോഗ്യത്തിനായി, കുടുംബത്തിനായി, മക്കൾക്കായി, ജീവിതത്തിലെ തീരുമാനങ്ങൾക്കായി, നഷ്ടപ്പെട്ടവരുടെ ഓർമ്മയ്ക്കായി, നന്ദി പറയാനായി എത്തുന്നു. അവിടെ വിശ്വാസത്തോടെ നിശ്ശബ്ദമായി ഇരിക്കുന്ന ഏതാനും നിമിഷങ്ങൾ പോലും മനസ്സിന് വലിയ ആശ്വാസം നൽകും

സ്ലിപ്പർ ചാപ്പലിൽ പ്രാർത്ഥിച്ച ശേഷം Holy Mile വഴി ലിറ്റിൽ വാൽസിംഗ്ഹാമിലേക്ക് നടക്കുന്നതും ഒരു മനോഹരമായ തീർത്ഥാടനാനുഭവമാണ്. നൂറ്റാണ്ടുകളായി തീർത്ഥാടകർ നടന്നുപോയ വഴിയുടെ ഓർമ്മകൾ ഇന്നും ആ യാത്രയിൽ അനുഭവിക്കാം.

വാൽസിംഗ്ഹാം നമ്മോട് പറയുന്നത്
ജീവിതത്തിൽ എത്രയോ വഴികളിലൂടെ നാം കടന്നുപോകുന്നു. ചില വഴികൾ സന്തോഷത്തിന്റേതാണ്; ചിലത് വേദനയുടെയും നഷ്ടത്തിന്റെയും, ഏകാന്തതയുടെയും വഴികളാണ്. എന്നാൽ ഓരോ വഴിയുടെയും അവസാനം നമ്മെ കാത്തിരിക്കുന്നത് ദൈവത്തിന്റെ സ്നേഹമാണെന്ന വിശ്വാസമാണ് ഒരു തീർത്ഥാടനത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം.

വാൽസിംഗ്ഹാമിൽ പരിശുദ്ധ മറിയത്തിന്റെ സന്നിധിയിൽ നിൽക്കുമ്പോൾ മനസ്സിൽ ഒരേയൊരു പ്രാർത്ഥന ഉയരാം: “അമ്മേ, എന്റെ ജീവിതവും എന്റെ പ്രിയപ്പെട്ടവരുടെ ജീവിതവും ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. എനിക്ക് ശരിയായ വഴി കാണിച്ചുതരണമേ.”

അതിനാൽ വാൽസിംഗ്ഹാം ഒരു പഴയ ദേവാലയം മാത്രമല്ല. ചരിത്രവും വിശ്വാസവും പ്രാർത്ഥനയും കണ്ണീരും പ്രതീക്ഷയും നന്ദിയും ഒത്തുചേരുന്ന ഒരു വിശുദ്ധ തീർത്ഥാടനഭൂമിയാണ് വാൽസിംഗ്ഹാം ഇംഗ്ലണ്ടിന്റെ നസറത്ത്

പുഷ്പമ്മ ചാണ്ടി

Send your news and Advertisements

You may also like

error: Content is protected !!