ഒമാൻ തീരത്ത് പനാമ പതാകയേന്തിയ ‘എം.ടി എൽ ഗായാ’ (MT El Gaia) എന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായ ഒരു ഇന്ത്യൻ ജീവനക്കാരനായി തിരച്ചിൽ തുടരുകയാണ്. കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്താൻ ഉടനടി സഹായം നൽകിയ ഒമാൻ അധികൃതർക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി നന്ദി അറിയിച്ചു.
മേഖലയിൽ അനുദിനം രൂക്ഷമാകുന്ന സംഘർഷങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. സമാധാനം പുനസ്ഥാപിക്കാൻ അടിയന്തരമായി നയതന്ത്ര ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട വിദേശകാര്യ മന്ത്രാലയം, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള ചരക്ക് നീക്കത്തിനും നാവികർക്കും നേരെയുണ്ടാകുന്ന കടന്നാക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര വ്യാപാര പാതകളുടെ സുരക്ഷ അടിയന്തരമായി ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
മേഖലയിൽ ഭീതി ഇരട്ടിയാക്കിക്കൊണ്ട് ഹോർമുസ് കടലിടുക്കിലെ ഖേഷം ദ്വീപിന് സമീപം ഇറാനിയൻ ചരക്കുകപ്പലിന് നേരെയും ആക്രമണമുണ്ടായി. പ്രൊജക്‌റ്റൈൽ പതിച്ച് തീപിടിച്ച കപ്പലിൽ ഉണ്ടായിരുന്ന ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തതായി യു.കെ മാർക്കറ്റൈം ട്രേഡ് ഓപ്പറേഷൻസും പ്രാദേശിക മാധ്യമങ്ങളും സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിൽ വെച്ച് തങ്ങളുടെ അഞ്ച് എണ്ണക്കപ്പലുകൾ യു.എസ് തകർത്തതായി ഇറാൻ ആരോപിച്ചു. കൂടാതെ ഖേഷ്ം ദ്വീപിന് സമീപം ഇറാന്റെ ഒരു വാണിജ്യ കപ്പലിന് നേരെയും ആക്രമണമുണ്ടായി. ഇതിന് പിന്നിൽ യു.എസ് ആണെന്ന് ഇറാൻ ആരോപിക്കുന്നു.
അതിനിടെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനിൽ ഇന്ന് (തിങ്കളാഴ്ച) നടക്കേണ്ടിയിരുന്ന ഗൾഫ് രാജ്യങ്ങളുടെയും ഇറാന്റെയും നിർണായക യോഗം സംഘർഷാവസ്ഥയെ തുടർന്ന് മാറ്റിവെച്ചു.

