ഇസ്ലാമബാദ്: സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഓഗസ്റ്റിൽ ഒപ്പുവെച്ച ‘മക്ക സംയുക്ത പ്രതിരോധ കരാർ’ (Mecca Joint Defence Agreement) തകർച്ചയിൽ റിപ്പോർട്ടുകൾ. യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയുടെ എണ്ണക്കമ്പനികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം കടുപ്പിക്കുകയും, ബാബ് അൽ-മന്ദേബ് കടലിടുക്കിന്റെ ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
ഇറാനെ പിണക്കാതെ സൗദിയുമായുള്ള പ്രതിരോധ കരാർ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന കാര്യത്തിൽ പാക്കിസ്ഥാൻ വലിയ നയതന്ത്ര പ്രതിസന്ധിയിലാണ്. പാക്കിസ്ഥാൻ ഇറാനുമായി വലിയൊരു അതിർത്തി പങ്കിടുന്ന രാജ്യമാണ്. യു.എസ്-ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ, ഇസ്ലാമാബാദ് അമേരിക്കയ്ക്കും ഇറാനും ഇടയിൽ ഒരു മധ്യസ്ഥനായി സ്വയം അടയാളപ്പെടുത്താൻ ശ്രമിച്ചിരുന്നു.
സൗദി അറേബ്യക്ക് നേരെ ഹൂതികൾ ശക്തമായ ഡ്രോൺ-മിസൈൽ ആക്രമണം നടത്തിയപ്പോൾ മക്ക കരാർ പ്രകാരം സൈനികമായി ഇടപെടാൻ പാക്കിസ്ഥാൻ മടിച്ചു. ഇറാനെ നേരിട്ട് പിണക്കിക്കൊണ്ട് ഒരു സൈനിക നീക്കത്തിന് ഇറങ്ങിയാൽ അത് പാക്കിസ്ഥാന്റെ ആഭ്യന്തര സുരക്ഷയെയും ഇറാനുമായുള്ള ബന്ധത്തെയും സാരമായി ബാധിക്കും. കടുത്ത സമ്മർദ്ദത്തിലായ പാക്കിസ്ഥാൻ, ഹൂതി ആക്രമണങ്ങളെ അപലപിച്ചെങ്കിലും മക്ക കരാർ പ്രകാരമുള്ള ഒരു സംയുക്ത സൈനിക നീക്കത്തെക്കുറിച്ച് തൽക്കാലം ചർച്ചകൾ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി തടിയൂരുകയാണ്.
സൗദിക്ക് സൈനിക പിന്തുണ വാഗ്ദാനം ചെയ്ത് ഒപ്പുവെച്ച മക്ക കരാറും, സ്വന്തം അയൽക്കാരനായ ഇറാനുമായുള്ള നയതന്ത്ര ബന്ധവും ഒരേസമയം കൊണ്ടുപോകാൻ കഴിയാതെ പാക്കിസ്ഥാൻ വലിയൊരു വെട്ടിലാണ് ചാടിയിരിക്കുന്നത്. സൗദിയെ പിണക്കാതിരിക്കാൻ ഹൂതി ആക്രമണങ്ങളെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശക്തമായി അപലപിക്കുന്നുണ്ടെങ്കിലും, അതിർത്തി പങ്കിടുന്ന ഇറാനെ ഭയന്ന് പാക്കിസ്ഥാൻ സൈനിക നടപടിക്ക് മുതിരുന്നില്ല. പകരം, സൗദിക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാൻ ഹൂതികൾക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് പാക്കിസ്ഥാൻ നയതന്ത്ര ചാനലുകൾ വഴി ഇറാനോട് ആവശ്യപ്പെടുന്നു.
ചരിത്രം ആവർത്തിക്കുന്നു
യെമനിലെ ഹൂതികൾക്കെതിരെ സഖ്യകക്ഷിയാകാൻ 2015-ൽ സൗദി ആവശ്യപ്പെട്ടപ്പോൾ പാകിസ്ഥാൻ പാർലമെന്റ് നിഷ്പക്ഷത പാലിക്കാൻ വോട്ട് ചെയ്യുകയായിരുന്നു. ഇത് സൗദി-പാക് ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കിയിരുന്നു. നിലവിലെ ‘മക്ക കരാറിലെ’ നാറ്റോ മോഡൽ (ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണം) വ്യവസ്ഥയനുസരിച്ച് സൈന്യത്തെ അയക്കാൻ സൗദി സമ്മർദ്ദം ചെലുത്തുമ്പോൾ, പഴയത് പോലെ മാറിനിൽക്കാൻ പാകിസ്ഥാന് എളുപ്പമല്ല.
തുർക്കിയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു.
പ്രതിരോധ കരാർ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ ഹൂതി ആക്രമണങ്ങൾ ഉണ്ടായപ്പോൾ തുർക്കിയുടെ ഭാഗത്തുനിന്നും സൈനികപരമായ ഇടപെടലുകൾ ഉണ്ടാകാത്തത് സഖ്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് മിഡിൽ ഈസ്റ്റ് നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ, സഖ്യത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ പൂർണ്ണമായി പ്രവർത്തനസജ്ജമാകാത്തതാണ് ഇതിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
തുർക്കി തങ്ങളുടെ അത്യാധുനിക സൈനിക സാങ്കേതികവിദ്യയും ആയുധങ്ങളും സഖ്യത്തിനായി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഹൂതികൾക്കെതിരെയുള്ള ഒരു നേരിട്ടുള്ള യുദ്ധത്തിലേക്ക് ഇറങ്ങാൻ താല്പര്യപ്പെടുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഹൂതികൾക്ക് പിന്നിൽ ഇറാൻ ആണെന്നത് പരസ്യമായ കാര്യമാണ്. എന്നാൽ, മക്ക കരാർ ഇറാനെ ലക്ഷ്യം വെച്ചുള്ളതല്ല എന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
തുർക്കിയെ സംബന്ധിച്ച് തങ്ങളുടെ ഡ്രോണുകളും (Baykar UAVs) പ്രതിരോധ സാമഗ്രികളും വിൽക്കാനുള്ള വലിയൊരു വിപണിയാണ് സൗദിയും പാകിസ്ഥാനും. അതിനാൽ യുദ്ധത്തിൽ നേരിട്ട് പങ്കാളിയാകുന്നതിനേക്കാൾ സാങ്കേതിക-പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനാണ് അങ്കാറ ശ്രമിക്കുന്നത്.
ഹൂതികൾക്കു എതിരെ അമേരിക്ക മൗനം പാലിക്കുന്നത് എന്തുകൊണ്ട് ?
യെമനിലെ ഹൂതി വിമതരുടെ ശക്തമായ മുന്നേറ്റങ്ങൾക്കും സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾക്കും മുന്നിൽ അമേരിക്ക നേരിട്ടുള്ള സൈനിക നടപടികളിലേക്ക് കടക്കാതെ നിലവിൽ മാറിനിൽക്കുന്നത് തന്ത്രപരമായ ചില നയതന്ത്ര-സൈനിക കാരണങ്ങളാലാണ്. അമേരിക്കയുടെ നിലവിലെ ഔദ്യോഗിക നിലപാട് അനുസരിച്ച്, ചെങ്കടലിലെയും പ്രാദേശികവുമായ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ ആ പ്രദേശത്തെ രാജ്യങ്ങൾ തന്നെ മുൻകൈ എടുക്കണമെന്നാണ്.
ഇറാനുമായുള്ള നിലവിലെ കടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, മിഡിൽ ഈസ്റ്റിൽ മറ്റൊരു വലിയ യുദ്ധമുഖം തുറക്കാൻ അമേരിക്ക താല്പര്യപ്പെടുന്നില്ല. ഹൂതികൾക്കെതിരെ നേരിട്ട് യുദ്ധത്തിനിറങ്ങുന്നത് വൻതോതിൽ വ്യോമ-നാവിക വിഭവങ്ങളും ഇന്റലിജൻസ് സംവിധാനങ്ങളും യെമനിലേക്ക് മാത്രമായി മാറ്റിവെക്കാൻ അമേരിക്കയെ നിർബന്ധിതരാക്കും. ഇത് തങ്ങളുടെ സൈനിക ശേഷിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്ന് അമേരിക്ക കരുതുന്നു.
അമേരിക്കൻ കപ്പലുകളെ ആക്രമിക്കില്ലെന്ന വ്യവസ്ഥയിൽ ഒമാന്റെ മധ്യസ്ഥതയിൽ ഹൂതികളും അമേരിക്കയും തമ്മിൽ മുൻപ് ഒരു വെടിനിർത്തൽ ധാരണയിൽ എത്തിയിരുന്നു. ഹൂതികൾ ആ ധാരണ ലംഘിച്ച് അമേരിക്കൻ സൈന്യത്തെ നേരിട്ട് ആക്രമിക്കാത്തടത്തോളം കാലം, കരാർ തകർത്ത് യെമനിലേക്ക് ഒരു അധിനിവേശത്തിന് യു.എസ് തയാറാകില്ല. ഹൂതികൾ തന്നെ തങ്ങൾക്ക് വാഷിംഗ്ടണുമായി നേരിട്ട് യുദ്ധം ചെയ്യാൻ താല്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ചെങ്കടലിൽ 2 ദ്വീപുകൾ കൂടി ഹൂതികൾ പിടിച്ചു: സൗദിയിൽ വീണ്ടും ആക്രമണം; ഇടപെടാതെ യു എസ്

