അങ്കമാലിയിൽ 2019 ജൂലൈ മാസത്തിൽ നടന്ന ‘എ. ആർ. റഹ്‌മാൻ ഷോ’യിൽ അദ്ദേഹം (റഹ്‌മാൻ) തന്റെ പിതാവ്, ആർ. കെ. ശേഖർ, മലയാള സിനിമ സംഗീതത്തിനുവേണ്ടി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു എന്ന് പറയുകയുണ്ടായി.
ഇന്ന്, എല്ലാവരും എ.ആർ. റഹ്‌മാൻ ഇന്ത്യൻ സംഗീത സാങ്കേതിക വിദ്യയിൽ ഒരു തുടക്കക്കാരനാണ് എന്നാണ് കരുതുന്നത്. എന്നാൽ പലർക്കും അറിയാത്തതോ, അറിഞ്ഞിട്ടും അവഗണിക്കുന്നതോ ആയ, ഒരു കാര്യം അദ്ദേഹത്തിന്റെ പിതാവ് ആർ. കെ. ശേഖർ, ഒരു സംഗീത സംവിധായകൻ എന്നതിനു പുറമെ, സിനിമ സംഗീതത്തിനായി പുതുസംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും അവയുടെ ഉചിതമായ സാങ്കേതിക സംയോജനം സാധ്യമാക്കുന്നതിലും വളരെ കഴിവുള്ള ഒരു അഗ്രഗാമി (പയനിയർ) കൂടിയായിരുന്നു…
ആർ. കെ. ശേഖർ, മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായിരുന്നു എന്ന് ഇന്ന് അധികം ഓർക്കപ്പെടാറില്ല. പരിചയപ്പെടുത്താൻ എ. ആർ. റഹ്‌മാൻ്റെ പിതാവ് എന്ന് പറയേണ്ടിവരുന്നു! ഈ സംഗീത സംവിധായകൻ 23 മലയാളചിത്രങ്ങൾക്കും നിരവധി തമിഴ് ചിത്രങ്ങൾക്കും ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ നൂറുകണക്കിന് ചിത്രങ്ങൾക്ക് മ്യൂസിക് കണ്ടക്ടറായും അറേയ്ഞ്ചറായും പ്രവർത്തിച്ചു.
അദ്ദേഹം സംഗീത സംവിധായകനായ ‘പഴശ്ശിരാജ‘യിലെ (കുഞ്ചാക്കോ സംവിധാനം ചെയ്ത് 1964-ൽ പുറത്തിറങ്ങിയ ‘പഴശ്ശിരാജ’) “ചൊട്ട മുതൽ ചുടല വരെ …” എന്തുകൊണ്ടോ മലയാളിയുടെ മനസ്സിൽ ആഴത്തിലിറങ്ങി.
അദ്ദേഹത്തിൻ്റെ 49-ാം ചരമവാർഷികം. ഈ തീയതി- സെപ്റ്റംബർ 9- എന്നും ചില രേഖകൾ – ഇതു തെറ്റാണെന്നും സെപ്റ്റംബർ 14- ആണെന്നും സൂചിപ്പിക്കുന്ന ചില ന്യൂസ് പേപ്പർ കട്ടിങ് ചിലർ സൂക്ഷിച്ചിട്ടുണ്ട്. ചില സൈബർ മാദ്ധ്യമങ്ങൾ സെപ്റ്റംബർ 30 എന്ന് എഴുതുന്നു. തീർച്ചയായും അതും തെറ്റാണ്. ( Note: എൻ്റെ ഈ കുറിപ്പ് വായിച്ച പ്രമുഖ പാട്ടെഴുത്തുകാരൻ Ravi Menon ഈ സംശയം ദൂരികരിക്കാൻ സാക്ഷാൽ എ. ആർ. റഹ്‌മാനോട് email വഴി ഇക്കാര്യം അന്വേഷിക്കുകയും സെപ്റ്റംബർ 9 എന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.) അതുകൊണ്ട്, ആ തീയതി തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആർ.കെ. ശേഖർ ചിട്ടപ്പെടുത്തിയ ഗാനങ്ങളിൽ എനിക്ക് ഏറെ പ്രിയപ്പെട്ട രണ്ടു ഗാനങ്ങൾ ഇവയാണ്:
“താമരപ്പൂ നാണിച്ചു….
നിന്റെ തങ്കവിഗ്രഹം വിജയിച്ചു
പുളകം പൂക്കും പൊയ്ക പറഞ്ഞു” (‘ടാക്സികാര്‍’ -1972)
“ആഷാഢമാസം ആത്മാവില്‍ മോഹം…
അനുരാഗ മധുരമാമന്തരീക്ഷം…” (യുദ്ധഭൂമി -1976)
രാജഗോപാൽ കുലശേഖർ (ആർ. കെ. ശേഖർ): ചെന്നൈക്കടുത്ത് കിഴാനൂരില് 1933 ജൂൺ 21-ന് ജനിച്ചു. മൈലാപ്പൂർ ക്ഷേത്രത്തിലെ ഭജന പാട്ടുകാരനായിരുന്നു ശേഖറിന്റെ പിതാവ്. മലയാള നാടകങ്ങൾക്കു സംഗീതം നിർവ്വഹിച്ചുകൊണ്ടാണ് ശേഖർ കരിയർ ആരംഭിക്കുന്നത്. പിറന്ന നാടും ബന്ധുക്കളും വേർപെട്ടു മദ്രാസിൽ അഷ്ടിക്ക് വകകണ്ടെത്താൻ പരിശ്രമിച്ച യൗവനമായിരുന്നു അദ്ദേഹത്തിന്റേത്. സംഗീത ഭ്രാന്തും സിനിമാ ഭ്രാന്തും ചേർന്ന അപൂർവ ‘പൈത്യം‘ മൂത്തു സ്വയം സംഗീതം പഠിച്ചു കോടമ്പാക്കത്തെ സ്റ്റുഡിയോകളിൽ ചുറ്റിപ്പറ്റി നിൽപ്പായി. 1960-കളുടെ തുടക്കത്തിൽ പ്രമുഖ സംഗീതസംവിധായകരുടെ പ്രീതി പിടിച്ചു പാടിത്തുടങ്ങി.
‘ജ്ഞാനസുന്ദരി’യിൽ (1961) ദക്ഷിണാമൂർത്തിയുടെ അസിസ്റ്റന്റായി. മ്യൂസിക് കണ്ടക്ടറും അറേയ്ഞ്ചറുമായി ചലച്ചിത്രരംഗത്തും സജീവമായി. സംഗീത സംവിധായകൻ, ‘മെലഡി‘ അഥവാ വരികൾക്കുള്ള ട്യൂൺ ഒരുക്കും. പശ്ചാത്തല വാദ്യവൃന്ദത്തിൽ ‘ഹാർമണി’ (ഗാന പശ്ചാത്തലത്തിൽ കേൾക്കുന്ന ഉപകരണ സംഗീതത്തിന്റെ ‘സ്കോർ’) കൂടി ചേർത്താലേ ഗാനം പൂർണമാകൂ. വളരെ സർഗാത്മകമാകേണ്ട ആ ഭാഗമാണ് മ്യൂസിക് കണ്ടക്ടറും അറേയ്ഞ്ചറുമായി ശേഖർ നിർവഹിച്ചു വന്നത്.
വാസ്തവത്തിൽ മലയാള സിനിമാഗാനങ്ങളുടെ സുവർണ യുഗത്തിലെ (1960-1975-കാലം) ഗാനങ്ങൾ നെഞ്ചോടു ചേർത്തുവെക്കുന്ന ഓരോ മലയാളിയും ആരാധിക്കേണ്ട ആളാണ് ആർ. കെ. ശേഖർ. ആ കാലത്തെ പാട്ടുകളിൽ, പെട്ടന്ന് മനസ്സിൽ ഓടിയെത്തുന്ന നിത്യഹരിത ഗാനങ്ങളിൽ, മിക്കതിന്റെയും പശ്ചാത്തല വാദ്യവൃന്ദത്തിൽ ‘ഹാർമണി‘ തയ്യാറാക്കി അവയെ പൂർണതയിൽ എത്തിച്ചതു ഈ പ്രതിഭാധനൻ ആണ്.
ആദ്യമായി ശേഖറിന്റെ വിരൽപ്പാടുകൾ ശരിക്കും പതിഞ്ഞത് കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഭാര്യ‘ എന്ന ചിത്രത്തിന്റെ ഗാനങ്ങളിൽ ആണ്. ആ ചിത്രത്തിൽ സംഗീതം ദേവരാജൻ. അദ്ദേഹത്തിന്റെ മൂന്നാമത്തെ പടം.
1955-ൽ ആദ്യസിനിമ (‘കാലം മാറുന്നു‘) ചെയ്യുമ്പോൾ KPAC യിലെ അവിസ്മരണീയ നാടകഗാനങ്ങളിലൂടെ കേരള ജനതയുടെ വികാരമായി ദേവരാജൻ മാറിക്കഴിഞ്ഞിരുന്നു. 1959-ലെ രണ്ടാമത്തെ സിനിമയായ ‘ചതുരംഗ‘ത്തിലെ ഗാനങ്ങളിൽ നാടകഗാനത്തിലെ രീതിയിൽ തന്നെയായിരുന്നു; പശ്ചാത്തല വാദ്യവൃന്ദത്തിൽ ഒരു ഗരിമ സൃഷ്ട്ടിക്കുവാൻ കഴിഞ്ഞില്ല.
അന്നത്തെ ഹിന്ദി ഗാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ‘സിനിമാറ്റിക്’ ആകാൻ ദേവരാജന് ഒരുപാട് മുന്നേറണമായിരുന്നു. ഏറ്റവും പ്രധാനം കർണാടക സംഗീതം പരിശീലിച്ച അദ്ദേഹത്തിന് ‘മെലഡി’ നന്നായി വഴങ്ങുമെങ്കിലും (അതായത് ലിറിക് മധുരമായ ട്യൂൺ ആക്കൽ) പാട്ടിന്റെ മൂഡ് കൊടുക്കാനുള്ള ഓർക്കസ്ട്രയുടെ ‘ഹാർമണി’ എളുപ്പം കൈയടക്കാൻ പറ്റുമായിരുന്നില്ല. കാരണം അതു ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് അന്യമായിരുന്നു. പക്കമേളം ഒരുക്കുന്നതിനപ്പുറം ഗാനത്തിന് ‘ഹാർമണി‘ ചേർക്കാൻ കൗണ്ടർ മെലഡി, കോർഡ് പ്രോഗ്രഷൻ ഇവയൊക്കെ തയ്യാറാക്കണം; ഇതൊക്കെ പാട്ടിന്റെ താളവുമായി ഇണക്കണം; വിവിധ സംഗീതോപകരണങ്ങളുടെ നാദങ്ങൾ ചേർപ്പിച്ചെടുക്കണം. എല്ലാറ്റിലുമുപരി, ഇതിൽ സ്ഥിരം ഫോർമുല പാടില്ല – ഓരോ ഗാനം വരുമ്പോഴും പുതിയ ഹാർമണി ഒരുക്കിക്കൊണ്ടിരിക്കണം.
ദേവരാജൻ ഈ കാര്യത്തിൽ വലിയ കഴിവുള്ള ആർ കെ ശേഖറിനെ സ്ഥിരം സഹായി ആയി കൂടെ നിർത്തി! പ്രതീക്ഷിച്ച പോലെയത് വളരെ മികച്ച നിലയിൽ എത്തിച്ചേർന്നു! (സിനിമ ഭാഷയിൽ, “ഭയങ്കരമായി വർക്-ഔട്ട്” ആയി.)
‘ഭാര്യ‘യിലെ ദേവരാജൻ്റെ ഗാനങ്ങൾ ബോക്സ് ഓഫീസ് ഭേദിച്ചു കൊണ്ട് സൂപ്പർ ഹിറ്റ് ആയി വർഷങ്ങളോളം മുന്നേറി…
മലയാളം കണ്ട എക്കാലത്തെയും മികച്ച ഒരു നിത്യഹരിത ഗാനമാണ് ദേവരാജൻ-ശേഖർ കൂട്ടുകെട്ടിൽ ആദ്യം പിറന്നത്: ‘ഭാര്യ‘യിലെ ‘പെരിയാറേ…’ . (പശ്ചാത്തലസംഗീതം മാത്രം ശ്രദ്ധിക്കുക: ഗിറ്റാറിൽ വാൾട്സ് താളവുമായി ഓപ്പണിങ് .. വോയ്സിന് കൗണ്ടർ ആയി വൈബ്രോഫോണിൽ ‘ടിങ് -ടിങ്’ ശബ്ദം .. ഇന്റർള്യുഡിൽ വയലിൻ വൃന്ദം, ഫ്ലൂട്ട് ഇവയുടെ പീസുകൾ… എല്ലാം എന്തു ഭംഗിയായി സമന്വയിപ്പിച്ചിരിക്കുന്നു – മനോഹരം!). ‘മനസ്സമ്മതം തന്നാട്ടേ…’ , ‘പഞ്ചാരപ്പാലുമിട്ടായി….’. രണ്ടിന്റെയും പശ്ചാത്തല സംഗീതത്തിന്റെ ഘടനയും ചാരുതയും ശ്രദ്ധിക്കുക.
അങ്ങനെ ദേവരാജനും ദക്ഷിണാമൂർത്തി ധാരാളം സിനിമകൾ ചെയ്തു. ദേവരാജൻ കുഞ്ചാക്കോ മുതലാളിയുമായി തെറ്റിപ്പിരിഞ്ഞു. ഉദയായുടെ അടുത്ത പടം ‘റബേക്ക’ (1963) ചെയ്തത് കെ രാഘവൻ.
1964-ൽ അടുത്തെ സിനിമക്ക് സംഗീതം പകരാനായി ദക്ഷിണാമൂർത്തിയെ വിളിച്ചപ്പോൾ, ദക്ഷിണാമൂർത്തി തന്നെയാണ് ശേഖറിനെ കുഞ്ചാക്കോയെ പരിചയപ്പെടുത്തിയത്; ഒരു പരീക്ഷണമെന്നനിലയിൽ കുഞ്ചാക്കോ ശേഖറിനെക്കൊണ്ട് സംഗീതം ചെയ്യിച്ചു: അങ്ങനെ ‘പഴശ്ശിരാജ‘യിൽ ആർ കെ ശേഖർ സ്വതന്ത്ര സംഗീതസംവിധായകൻ ആയി ! ‘പഴശ്ശിരാജ‘യിലെ ‘ചൊട്ട മുതൽ ചുടല വരെ …’ എന്ന ഹിറ്റ്ഗാനം മലയാളിയുടെ മനസ്സിൽ ആഴത്തിലിറങ്ങിയത് തുടക്കത്തിൽ സൂചിപ്പിച്ചുവല്ലോ.
ശേഖറിന്റെ ഒരു ഹിറ്റ് ഗാനമാണ്, “മണിർണ്ണനില്ലാത്ത വൃന്ദാവനം….” എന്ന ഗാനം – പാടിയത് : ജയചന്ദ്രൻ & സുശീല – ചിത്രം: ‘മിസ് മേരി‘ (1972)
പിന്നെയും കുറെ സിനിമകളിൽ ശേഖർ സംഗീതം നൽകി; പലതും ഹിറ്റ് ആകുകയും ചെയ്തു. ഇന്ത്യയിലാകെ പ്രശസ്തനായിരുന്നിട്ടും ശേഖർ ആദ്യം ഈണമിട്ടത് മലയാളത്തിൽ. 1964-ൽ ‘പഴശ്ശിരാജ‘യിൽ. കുഞ്ചാക്കോയുടെ ഈ ചരിത്രസിനിമയിലെ എല്ലാ ഗാനങ്ങളും ‘സൂപ്പർ’ എന്ന പറയാനാവില്ലെങ്കിലും ഹിറ്റുകളായി. പിന്നീടങ്ങോട്ട് 22 സിനിമകൾ. ഇവയിൽ ‘ആയിഷ’, ‘ടാക്സികാർ’, ‘യുദ്ധഭൂമി’, ‘തിരുവാഭരണം’; ‘താമരത്തോണി’ (1975); ‘പെണ്‍പട’; ‘അനാഥശില്പങ്ങള്‍’; ‘സുമംഗലി’; ‘ആറടി മണ്ണിന്റെ ജന്മി’; ‘മിസ് മേരി‘ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൾ ശേഖറിന്റെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സുമംഗലിയിലെ ‘ഉഷസ്സോ, സന്ധ്യയോ… സുന്ദരീ‘ എന്ന ഗാനം അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച മെലഡികളില്‍ ഒന്നാണ്.
ഗാനങ്ങളെക്കാൾ ഹോളിവുഡ് നിലവാരം പുലർത്തിയ പശ്ചാത്തലസംഗീതമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. എന്നിട്ടും എന്തുകൊണ്ടോ, ‘സംഗീത സംവിധായകൻ’ എന്ന ഭാരിച്ച കുപ്പായത്തേക്കാൾ ശേഖർ ഇഷ്ടപ്പെട്ടത് മ്യൂസിക് കണ്ടക്ടറും അറേയ്ഞ്ചറുമായുള്ള ആ റോൾ തന്നെയാണ്, അത് കൊണ്ടാകണം പഴയ അസ്സിസ്റ്റന്റിന്റെ ജീവിതത്തിലേക്ക് മടങ്ങിയത്!
1972-ൽ ദക്ഷിണേന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് കീ ബോർഡ് (ഒരു’കോംബോ ഓർഗൻ’) കൊണ്ടുവന്നത് ആർ കെ ശേഖർ ആയിരുന്നു… റഹ്മാന്റെ ‘ചിന്ന ചിന്ന ആശൈ’ ഇന്ത്യ മുഴുവൻ ഏറ്റുപാടുന്നതിന്റെ രണ്ടു പതിറ്റാണ്ടു മുമ്പാണിത്. (അത് വാങ്ങിയ സിംഗപ്പൂർ ഷോപ്പിൽ ഇപ്പോഴും ശേഖറിന്റെ ചിത്രം ചില്ലിട്ടു വച്ചിട്ടുണ്ട് എന്നൊരു കഥയും കേട്ടിട്ടുണ്ട്; ‘ദിലീപി’ന് (റഹിമാന്റെ ആദ്യ നാമം – അന്ന് നാലു വയസ്സ്…) സംഗീത സംവിധായകനായ ശ്യാം ഒരു കാലത്തു ശേഖറിന്റെ ശിഷ്യനായിരുന്നു. ദേവരാജൻ മാസ്റ്ററുടെ അസ്സിസ്റ്റന്റുമാരായ കാലത്തുണ്ടായ സ്‌നേഹ ബന്ധം അർജ്ജുനൻ മാസ്റ്ററുമായി എക്കാലവും തുടർന്ന്. മകൻ റഹിമാൻ അർജ്ജുനൻ മാസ്റ്റരെ ഗുരു സ്ഥാനത്താണ് കാണുന്നത്.
1977-ലെ ചോറ്റാനിക്കര അമ്മയായിരുന്നു അവസാന സിനിമ. ഈ സിനിമ റിലീസായ ദിവസം തന്നെയായിരുന്നു ശേഖറിന്റെ മരണം, നാൽപ്പത്തിമൂന്നാം വയസിൽ. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു ഇത്. 1976-ല്‍ സെപ്റ്റംബർ 14-ന് (30-ന് എന്ന് വിക്കിപീഡിയ), 43-ാം വയസ്സില്‍, സല്പേരൊഴികെ മറ്റൊന്നും നേടാതെ അദ്ദേഹം വിടവാങ്ങി…
പില്‍ക്കാലത്ത് മക്കള്‍ കൈവരിച്ച നേട്ടങ്ങള്‍പോലും കാണാന്‍ കാത്തുനില്‍ക്കാതെ ആ ജീവിതത്തിന് തിരിശീല വീണു എന്നു പറഞ്ഞാൽ പൂർണ്ണമായില്ല; ആ മക്കളെ കൈപിടിച്ചുയർത്താൻ ആരോരുമില്ലാതെ ആ കുടുംബത്തെ അനാഥമാക്കി എന്നു പറയണം… (ആകസ്മികമായ ഈ മരണത്തെ ചുറ്റിപ്പറ്റി അനവധി കഥകളും പ്രചരിച്ചു. എതിരാളികൾ ‘ദുർമന്ത്രവാദം’ നടത്തിയതു മൂലമാണ് അദ്ദേഹം മരിച്ചതെന്ന് പറയപ്പെടുന്നു/ ചില ബന്ധുക്കൾ വിശ്വസിക്കുന്നു.)
തൻ്റെ ഉറ്റ സുഹൃത്ത് ശേഖറിൻ്റെ കുടുംബത്തിന് തന്നാലാവുന്ന സഹായങ്ങൾ നല്കിയിരുന്നത് എം.കെ. അർജ്ജുനൻ മാസ്റ്റർ ആയിരുന്നു. അക്കാലത്ത് മാസ്റ്റർ മദ്രാസിൽ ഉള്ളപ്പോൾ താമസ്സിച്ചിരുന്നതും ഈ കുടുംബത്തോടൊപ്പം ആയിരുന്നു.
മുപ്പത്തൊന്നാം വയസിൽ വിവാഹം. ഭാര്യ കസ്തൂരി. മൂന്നു പെണ്മക്കളും ഭാര്യയും ദിലീപ് എന്ന മകനുമായിരുന്നു ശേഖറിന്റെ കുടുംബം. മരിക്കുമ്പോൾ ദാരിദ്ര്യം അടക്കിവാണിരുന്ന ആ കുടുംബത്തിന് ആശ്രയമായിരുന്നത് സംഗീതരംഗത്ത് പിൽക്കാലത്ത് സ്വന്തം കൈമുദ്ര പതിപ്പിച്ച മകൻ ദിലീപ് ആയിരുന്നു. പിൽക്കാലത്ത് മുസ്ലീം മതം സ്വീകരിച്ച് ദിലീപ് ഇന്ന് എ. ആർ. റഹ്‌മാൻ… റഹ്‌മാനുൾപ്പെടെ നാലു മക്കൾ. മൂത്ത മകൾ എ. ആർ. റയിഹാനയും ഗായികയും. സംഗീത സംവിധായികയുമാണ്..
“ജീവിതത്തിലുടനീളം ഞാന്‍ രണ്ടാം നിരക്കാരനും സഹായിയും മാത്രമായിരുന്നു. കഴിവുകള്‍ ഏറെയുണ്ടായിട്ടും ഞാന്‍ വേണ്ടത്ര അറിയപ്പെട്ടില്ല. ഒരിക്കല്‍ എന്റെ മക്കളിലൂടെ ഞാന്‍ അറിയപ്പെടുന്നവനാകും” പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഈ വാക്കുകള്‍ കുറിക്കുമ്പോള്‍ ആര്‍.കെ. ശേഖര്‍ അറിഞ്ഞിരുന്നില്ല ഈ വാക്കുകള്‍ യാഥാര്‍ഥ്യമാകുമെന്ന്…
ആര്‍.കെ. ശേഖറിന്റെ മക്കളും പേരമകനും ഇന്ന് ലോകമറിയുന്നവരാണ്. മകന്‍ ദിലീപ്കുമാര്‍ എന്ന എ.ആര്‍. റഹ്‌മാൻ മാസ്മരിക സംഗീതത്തിലൂടെ ഓസ്‌കാര്‍ നേട്ടം കൈവരിച്ച മഹാസംഗീതജ്ഞന്‍. മകള്‍ റെയ്ഹാന അറിയപ്പെടുന്ന പിന്നണി ഗായിക, സംഗീതജ്ഞ. റെയ്ഹാനയുടെ മകനും ശേഖറിന്റെ പേരക്കുട്ടിയുമായ ജി.വി. പ്രകാശ് എന്ന പ്രകാശ് കുമാര്‍ ചുരുക്കം ചിത്രങ്ങളിലൂടെ വെന്നിക്കൊടിപാറിച്ചു നീങ്ങുന്ന യുവ സംഗീത സംവിധായകന്‍…
പിന്‍കുറിപ്പ്: ഈ നേട്ടങ്ങള്‍ക്കെല്ലാം മുകളിലായി സ്വന്തം സിംഹാസനം കണ്ടെത്തിയ എ.ആര്‍. റഹ്‌മാന്റെ ഗാഥകളെക്കുറിച്ച് വിവരിക്കാന്‍ വാക്കുകള്‍തന്നെ പോരാതെവരും. റഹ്‌മാന്റെ പ്രതിഭ ചെറുപ്രായത്തില്‍ത്തന്നെ വെളിവാക്കിയ സംഭവത്തെക്കുറിച്ച് ആര്‍. കെ. ശേഖര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 1975-ല്‍ ‘പെണ്‍പട‘ എന്ന മലയാളചിത്രത്തിന്റെ റെക്കോര്‍ഡിങ് വേള. ജോലി താത്കാലികമായി നിര്‍ത്തി ചായകുടിക്കാനായി ശേഖര്‍ പുറത്തിറങ്ങി. അന്ന് ദിലീപ്കുമാറായി അറിയപ്പെട്ടിരുന്ന ഒമ്പതുവയസ്സുകാരനായ എ.ആര്‍. റഹ്‌മാൻ അച്ഛന്റെ ഹാര്‍മോണിയമെടുത്ത് വെറുതെ വായിച്ചപ്പോള്‍ ഒരു ഈണം പിറന്നു. മികച്ച ആ ഈണത്തെ ഓര്‍കസ്ട്ര ടീമും പ്രോത്സാഹിപ്പിച്ചു. ഈ സമയം റെക്കോര്‍ഡിങ് റൂമിലേക്ക് തിരിച്ചുവന്ന ശേഖര്‍ ഇത് കേള്‍ക്കാനിടയായി. മകന്റെ ഈണത്തില്‍ത്തന്നെ ആ ഗാനം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഗായകന്‍ ജയചന്ദ്രനാണ് ഈ ഗാനമാലപിച്ചത്.
‘പെൺപട’യിലെ ഈ ഗാനമായിരിക്കും, ഒരുപക്ഷേ, മലയാള സിനിമാ ചരിത്രം രേഖപ്പെടുത്താത്ത എ.ആർ. റഹ്‌മാന്റെ ആദ്യഗാനമെന്നാണ് സിനിമാവാരികകള്‍ വിശേഷിപ്പിക്കുന്നത്.
കടപ്പാട്: (മ്യൂസിക്കൽ ടെക്നിക്കൽ ഇൻ പുട്ട്സ്)-: Manoj Komath
ആർ. ഗോപാലകൃഷ്ണൻ

