Tuesday, September 15, 2026
Home » നിലാവ്
ചെറുകഥ - നിലാവ്

നിലാവ്

ചെറുകഥ

by Editor

മഴ പെയ്തുതോർന്ന സായംസന്ധ്യയ്ക്ക് ഈറനണിഞ്ഞ മണ്ണിന്റെ ഗന്ധം..!
മഴക്കാറുകൾ പാടേ അപ്രത്യക്ഷമായി..
മേഘങ്ങൾക്കിടയിലൂടെ പതിയെ നീന്തിവരുന്ന നിലാവ്..
അങ്ങുമിങ്ങും കൂട്ടംകൂടിയും ഒറ്റയ്ക്കും കണ്ണു ചിമ്മുന്ന നക്ഷത്രങ്ങൾ.. !

അഞ്ജന വീട്ടിൽ തനിച്ചായിരുന്നു..
രാവിലെ ഗുരുവായൂരമ്പരത്തിൽ ഒരു കല്യാണംകൂടാൻപോയ അമ്മയും അച്ഛനും വീടെത്താറാവുന്നതേയുളളൂ..
കിണറിനരികിലെ നാഗലിംഗമരത്തിന്റെ നിഴൽ നിലാവെളിച്ചത്തിൽ നീണ്ടുകിടകിടക്കുന്നു…
ആ നിഴലിനോടൊപ്പം ഏറെ വൈകിയും സംസാരിച്ചിരിക്കാറുണ്ടായിരുന്ന അനന്തു, നഗരത്തിലേക്ക് ചേക്കേറിയിട്ട് പത്ത് വർഷങ്ങൾ..

നിരന്തരം വിളിച്ചുകൊണ്ടിരുന്നതാണ്..
പിന്നെ ഫോൺവിളികൾ കുറഞ്ഞു. തീരെ ഇല്ലാതായി..
“ജീവിതം ചിലപ്പോൾ നമ്മളെ വേറേ വഴികളിലൂടെ നടക്കാനാണ് പ്രേരിപ്പിക്കുന്നത്…”
അവസാനത്തെ അവന്റെ മേസ്സേജ്..
ആ രാത്രി അഞ്ജന ആദ്യമായി നിലാവിനോട് സംസാരിച്ചു.
“നിനക്കെങ്കിലും അറിയാമോ… ഒരാളെ മറക്കുന്നത് എങ്ങനെയാണെന്ന്..!”

കിണറ്റിലെ വെള്ളത്തിൽ നിഴലിച്ച നിലാവെളിച്ചം എന്തോ പറയാൻ ശ്രമിക്കുന്നതുപോലെ തോന്നി.
അന്നുമുതൽ നിലാവുപെയ്യുന്ന രാത്രികളിൽ മുറ്റത്തിറങ്ങിനിന്ന് അഞ്ജന നിലാവിനോട് സംസാരിക്കും.
അവളുടെ സന്തോഷങ്ങളും സങ്കടങ്ങളും പരിഭവങ്ങളും… എല്ലാം.
അതൊരു വിചിത്രശീലമായി അവളുടെ അച്ഛനും അമ്മയ്ക്കും തോന്നി..
അവർ സഹതാപത്തോടെ മകളെ നോക്കും..
“എന്താ മോളേ നീയിങ്ങനെ.. ജീവിതമാണ്.. ഞങ്ങളുടെ കാലം കഴിഞ്ഞാൽ.. നിന്റെയീ കാത്തിരിപ്പു തുടരുന്നതിൽ എന്താ പ്രയോജനം..!”

അന്നും നിലാവുപെയ്യുന്നുണ്ടായിരുന്നു..
വീടിനു മുന്നിൽ ഒരു കാറു വന്നു നിന്നു..
ഒരാൾ പതുക്കെ കാറിൽ നിന്നിറങ്ങുന്നു.
അനന്തു.
പത്ത് വർഷങ്ങൾക്കുശേഷമുളള കൂടിക്കാഴ്ച..
അഞ്ജന ഇരുന്നിടത്തുനിന്നും എഴുന്നേറ്റില്ല.
അത്ഭുതപ്പെട്ടതുമില്ല.
അവൾ വെറുതെ ആകാശത്തേക്കു നോക്കി പുഞ്ചിരിച്ചു.
“നീ പറഞ്ഞിരുന്നല്ലോ…”
അവൾ നിലാവിനോടെന്നപോലെ പതുക്കെ പറഞ്ഞു,
“ഒരുദിവസം ചില ഓർമ്മകൾ തിരിച്ചു വരുമെന്ന്…”
അനന്തു അവളുടെ മുന്നിൽ വന്നു നിന്നു.
വാക്കുകൾ അവന്റെ തൊണ്ടയിൽ തടഞ്ഞുനിന്നു.
“ക്ഷമിക്കണം…”
അത്രമാത്രം പറയാനേ കഴിഞ്ഞുള്ളൂ.
അഞ്ജനയുടെ കണ്ണുകളിൽ പത്തു വർഷത്തെ കാത്തിരിപ്പുണ്ടായിരുന്നില്ല.
പരാതിയുമില്ലായിരുന്നു.
പകരം, ഒരു ശാന്തമായ പുഞ്ചിരി മാത്രം.
“വേണ്ട…”
അവൾ പതുക്കെ പറഞ്ഞു.
“ചില മനുഷ്യർ നമ്മുടെ ജീവിതത്തിൽ വരുന്നത് എന്നും കൂടെയിരിക്കാനല്ല.
നമ്മളെ ചില കാര്യങ്ങൾ പഠിപ്പിക്കാനാണ്.
നിശ്ശബ്ദത… കാത്തിരിപ്പ്… ഒടുവിൽ… വിട്ടുകൊടുക്കലും.”
അനന്തു തലകുനിച്ചു.
പറയാൻ ഒരുപാട് വാക്കുകളുണ്ടായിരുന്നിട്ടും ഒന്നും പറയാനായില്ല.

നിലാവ് മേഘങ്ങൾക്കിടയിൽ നിന്ന് പൂർണ്ണമായി പുറത്തുവന്നിരുന്നു.
അതിന്റെ വെളിച്ചത്തിൽ വർഷങ്ങൾക്കുമുമ്പ്നഷ്ടപ്പെട്ട ഓർമ്മകൾ തീരിച്ചുവന്നതുപോലെ, അനന്തുവിന്റെ മുന്നിൽ നാഗലിംഗമരവും കിണറും, എല്ലാം തെളിഞ്ഞുനിന്നു.
അഞ്ജനയുടെ മനസ്സിൽ അനന്തുവിനുവേണ്ടിയുളള കാത്തിരിപ്പ് എന്നേ ഇല്ലാതായിരുന്നു..
നിലാവ് അവളിൽ വെളിച്ചം പകരുകയായിരുന്നില്ല…
രണ്ടു മനുഷ്യർക്കിടയിൽ വർഷങ്ങളായി പറയാതെ കിടന്ന വാക്കുകളെ പതുക്കെ മറവിയിലാഴ്ത്തുകയായിരുന്നു.
അന്ന് ആദ്യമായി അഞ്ജനയ്ക്ക് തോന്നി, ചില തിരിച്ചുവരവുകൾ ഒരുമിച്ചുചേരാനല്ല…
ഒരു അധ്യായം പൂർണ്ണമാക്കാനാണെന്ന്..

രമണി അമ്മാൾ

Send your news and Advertisements

You may also like

error: Content is protected !!