വാഷിങ്ടൺ: ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന നിർണായക വിവരങ്ങൾ ആദ്യമായി പരസ്യമായി തുറന്ന് സമ്മതിച്ച് അമേരിക്ക. ചരിത്രത്തിൽ ആദ്യമായാണ് ഒരു രാജ്യം ബഹിരാകാശത്ത് (ഭൂമിയുടെ ഭ്രമണപഥത്തിൽ) ‘ഓൺ-ഓർബിറ്റ്’ (On-orbit) ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തുന്നത്. എന്നാൽ ഈ ആയുധങ്ങളുടെ കൃത്യമായ സ്വഭാവമോ സാങ്കേതിക വിവരങ്ങളോ യു.എസ് പുറത്തുവിട്ടിട്ടില്ല.
മേരിലാൻഡിലെ നാഷനൽ ഹാർബറിൽ സംഘടിപ്പിച്ച വാർഷിക വ്യോമ, ബഹിരാകാശ, സൈബർ കോൺഫറൻസിൽ യു.എസ് വ്യോമസേന സെക്രട്ടറി ട്രോയ് മെയ്ൻക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് അമേരിക്കൻ സംയുക്ത സേനയെ സംരക്ഷിക്കുന്നതിനും ഭാവിയിൽ ഉണ്ടാകാവുന്ന ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും ഇത്തരം ആയുധങ്ങൾ ബഹിരാകാശത്ത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമായും റഷ്യയ്ക്കും ചൈനയ്ക്കും നേരെയുള്ള ശക്തമായ മുന്നറിയിപ്പായാണ് യു.എസിൻ്റെ ഈ പുതിയ ചുവടുവെപ്പ് വിലയിരുത്തപ്പെടുന്നത്.
1967-ലെ അന്താരാഷ്ട്ര ‘ഔട്ടർ സ്പേസ് കരാർ’ പ്രകാരം ബഹിരാകാശത്ത് കൂട്ട നശീകരണ ആയുധങ്ങൾ (അണുആയുധങ്ങൾ ഉൾപ്പെടെ) വിന്യസിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ മറ്റ് പരമ്പരാഗത ആയുധങ്ങളുടെ വിന്യാസത്തെക്കുറിച്ച് ഇതിൽ വ്യക്തത കുറവാണ്. സുരക്ഷാ കാരണങ്ങളാൽ വിന്യസിച്ചിരിക്കുന്ന ആയുധങ്ങളുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ബഹിരാകാശ മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നതിനായി കൈനറ്റിക്, നോൺ-കൈനറ്റിക് മാർഗങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് യു.എസ് വ്യോമസേന വക്താവ് അറിയിച്ചു. അമേരിക്കയിൽ ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ പദ്ധതികൾ പുരോഗമിക്കുന്നതിനിടയിലാണ് അന്താരാഷ്ട്ര തലത്തിൽ തരംഗമാകുന്ന ഈ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

