ഒരു വിധവയുടെ വ്യാകുലവാത്സല്യം
തിരിച്ചറിഞ്ഞില്ല പണ്ടു ഞാൻ…
പുല്ലരിയാനും
ചുള്ളിക്കമ്പുകൾ തേടാനും
ഓലമിടഞ്ഞടുക്കാനും കൂട്ടായിരുന്നിട്ടും
തിരിച്ചറിഞ്ഞില്ലാ വാത്സല്യത്തെ…!
ജീവിതഭാരമൊറ്റയ്ക്കു ചുമലിലേറ്റി,
കുനിഞ്ഞ ശിരസ്സുമായെന്നും നടന്നവൾ…
മക്കൾക്ക് കയ്പ്പിനെ മധുരമാക്കി വിളമ്പി,
കണ്ണീരുപ്പും ചേർത്ത് കഞ്ഞിയാറ്റിക്കുടിച്ചവൾ…
അറുപതാണ്ടുകൾ
മക്കൾക്കായ്
വെയിലിൽ വെന്തു നടന്നവൾ…!
കണ്ടിട്ടില്ലമ്മ
ഉത്സവച്ചന്തകളുടെ വർണ്ണക്കാഴ്ചകൾ,
കേട്ടിട്ടില്ലാരിൽനിന്നും
ഒരു സൗമ്യമാം വാക്കുപോലും…
ഇടവപ്പാതിമഴ ഘോരമായ് തിമിർക്കുമ്പോൾ,
തുലാവർഷമഴ മദിച്ചു പെയ്യുമ്പോൾ,
കിടാങ്ങളെ തൊട്ടുരുമ്മി,
പട്ടിണി വിഴുങ്ങി,
തന്റെ ചൂടേകിയിരുന്നവൾ…
എന്നും കാഞ്ഞിരത്തിൻ
കയ്പ്പു നുണയാൻ വിധിക്കപ്പെട്ടവൾ…!
ഇന്നിതാ
അല്ലലില്ലാതുറങ്ങുന്നാറടിമണ്ണിൽ സ്വസ്ഥം..!
രമണി അമ്മാൾ

