കൊച്ചി: അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി (ഉടമ) ആൻ്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട്, പ്രത്യേക അന്വേഷണ സംഘം (SIT) ആൻ്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് വൻ മദ്യശേഖരം കണ്ടെത്തിയത്.
അബ്‌കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ആൻ്റോയുടെ വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്നാണ് 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനും കണ്ടെത്തിയത്. എസ്ഐടി അറിയിച്ചതിനെ തുടർന്ന് എക്സൈസാണ് ഇവ പിടിച്ചെടുത്തത്. എഫ്ഐആർ ഇല്ലാതെ എത്തിയ എക്സൈസ് സംഘത്തിന് മുന്നിൽ ആൻ്റോ അറസ്റ്റിന് വിസമ്മതിച്ചിരുന്നു. പിന്നീട് എഫ്ഐആർ പകർപ്പ് നൽകിയ ശേഷമാണ് അറസ്റ്റിനോട് ആന്റോ സഹകരിച്ചത്. വിദേശമദ്യം വീട്ടിൽ എന്തിന് സൂക്ഷിച്ചു എന്ന ചോദ്യത്തിന് മറുപടിയില്ലാതെ ഏതോ ഒരു എക്സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്‌തിരിക്കുന്നത് എന്നാണ് ആൻറോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞത്.
എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്‌തത്. പിന്നീട് വൈദ്യ പരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആന്റോയെ വയനാട്ടിലേക്ക് കൊണ്ടു പോകുമെന്ന് എക്സൈസ് എസി അറിയിച്ചു. കോടതിയിൽ ഹാജരാക്കുമെന്നും നിലവിൽ ആൻ്റോ മാത്രം ആണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. പത്ത് വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്.
മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന പൊലീസ് റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിൽ എടുത്തു. 6300 അമേരിക്കൻ ഡോളറും കണ്ടെടുത്തു. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്‌ച രാവിലെ ആറ് മണിയോടെ തുടങ്ങിയ റെയ്‌ഡ് ഇന്ന് (വ്യാഴാഴ്ച) പുലർച്ചെയാണ് അവസാനിച്ചത്.
താൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും മദ്യവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് മാധ്യമങ്ങളോട് ആൻ്റോ അഗസ്റ്റിൻ പ്രതികരിച്ചത്. മെസ്സിയുടെ പേരിൽ ഉയർന്ന സാമ്പത്തിക ആരോപണത്തിൽ ആവശ്യമായ എല്ലാ രേഖകളും പോലീസിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപുറമെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള അപവാദ പ്രചാരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സൈബർ ക്രൈം പോലീസും ആൻ്റോ അഗസ്റ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

