മസ്ക്കറ്റ്: യമനിലെ ഹൂതികളും അമേരിക്കൻ ഉദ്യോഗസ്ഥരും ചർച്ച നടത്തിയതായി റിപ്പോർട്ട്. ഒമാനിലെ മസ്ക്കറ്റിലുള്ള യു.എസ്. എംബസിയിൽ വെച്ച് ഹൂതി പ്രതിനിധികളും അമേരിക്കൻ ഉദ്യോഗസ്ഥരും അതീവ രഹസ്യമായി ചർച്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൂതികളും സൗദി അറേബ്യയും തമ്മിൽ ശക്തമായ ആക്രമണവും പ്രത്യാക്രമണവും നടക്കുന്നതിനിടെയാണ് ഒമാനിലെ ചർച്ച. മുമ്പും ഹൂതികളുമായുള്ള വിഷയത്തിൽ മധ്യസ്ഥത വഹിച്ചത് ഒമാൻ ആയിരുന്നു.
റെഡ് സീ (ചെങ്കടൽ) തീരങ്ങളിൽ ഹൂതികൾ ശക്തമായ സൈനിക മുന്നേറ്റം നടത്തുന്നതിനിടയിലാണ് ഈ യോഗം ചേർന്നത്. ചർച്ചയിൽ, തങ്ങൾ സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള കപ്പലുകളെ മാത്രമേ ലക്ഷ്യമിടുകയുള്ളൂ എന്നും മറ്റ് അന്താരാഷ്ട്ര വാണിജ്യ കപ്പലുകളെ ആക്രമിക്കില്ലെന്നും ഹൂതികൾ ഉറപ്പുനൽകിയതായി യമൻ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
തങ്ങൾക്ക് അമേരിക്കൻ കപ്പലുകളെ ആക്രമിക്കാൻ നിലവിൽ ഉദ്ദേശ്യമില്ലെന്നും 2025-ൽ യു.എസുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഹൂതികൾ വ്യക്തമാക്കി. കൂടാതെ ഇസ്രയേൽ കപ്പലുകളെയും ആക്രമിക്കില്ലെന്ന് അവർ അറിയിച്ചതായാണ് വിവരം. യു.എസ് വിദേശകാര്യ മന്ത്രാലയം ഈ പ്രത്യേക കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ചെങ്കടലിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നത് തങ്ങളുടെ പ്രധാന മുൻഗണനയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്
ചെങ്കടലിനോട് ചേർന്ന വലിയൊരു പ്രദേശം ഹൂതികൾ പിടിച്ചെന്നും സൗദി അറേബ്യ പിന്തുണയ്ക്കുന്ന യമനിലെ സൈന്യത്തിന് തിരിച്ചടിയേറ്റെന്നുമുള്ള വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. സൗദി അറേബ്യയുടെ സഹായത്തിന് അമേരിക്ക ഉൾപ്പെടെയുള്ള പ്രധാന രാജ്യങ്ങളൊന്നും എത്തിയിട്ടില്ല. ഈ വേളയിലാണ് അമേരിക്ക-ഹൂതി ചർച്ച നടന്നു എന്ന വിവരം പുറത്തു വന്നത്. ഹൂതികളുമായി തങ്ങൾ നേരിട്ട് സംസാരിക്കുന്നുണ്ടെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹൂതികളുമായി ഫോണിൽ യുഎസ് ഭരണകൂടം ബന്ധപ്പെട്ടു എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു. അമേരിക്ക ഹൂതികൾക്കെതിരായ നീക്കത്തിന് ഇതുവരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഹൂതികളുടെ ശക്തമായ മുന്നേറ്റത്തെത്തുടർന്ന് സൗദി അറേബ്യ യു.എസിനോട് സൈനിക സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാൽ യമനിലെ ആഭ്യന്തര സംഘർഷങ്ങളിൽ നേരിട്ട് ഇടപെടാൻ അമേരിക്ക താല്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയതോടെ സൗദി അറേബ്യ വലിയ നയതന്ത്ര സമ്മർദ്ദത്തിലായിരിക്കുകയാണ്.
യമൻ സംഘർഷം: ഒരു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ; മക്കയിൽ ജാഗ്രതാ നിർദേശം

