ന്യൂ ഡൽഹി: വടക്കൻ അറബിക്കടലിൽ അന്താരാഷ്ട്ര സമുദ്രപാതയിൽ പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലിൽ പാക്കിസ്ഥാൻ നാവികസേനാ കപ്പൽ ഇടിച്ചു. ഇതേത്തുടർന്ന് ഡൽഹിയിലെ പാക് നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചു വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. പാക് നാവികസേനയുടെ നടപടിയെ അസ്വീകാര്യവും പ്രൊഫഷണൽ അല്ലാത്തതുമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്.
1991ലെ ഇന്ത്യ-പാക് കരാറിലെ ആർട്ടിക്കിൾ 10-ൻ്റെ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് പാക് നാവിക യൂണിറ്റുകളുടെ നടപടിയെന്ന് ഇന്ത്യ വ്യക്തമാക്കി. സമുദ്രത്തിൽ സൈനിക യൂണിറ്റുകൾ ജാഗ്രത പാലിക്കണമെന്നും ഉഭയകക്ഷി കരാറുകളിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. സംഭവം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പാക് നയതന്ത്രജ്ഞനോട് ഇന്ത്യ നിർദേശിച്ചു. വിഷയം ഇസ്ലാമാബാദിലും ഉന്നയിക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധിക്ക് നിർദേശം നൽകിയിട്ടുണ്ട്.
സെപ്റ്റംബർ 15-ന് വൈകുന്നേരമാണ് സംഭവം നടന്നത്. പതിവ് പട്രോളിംഗിലായിരുന്ന ഇന്ത്യൻ യുദ്ധക്കപ്പലിന് നേരെ അതിവേഗത്തിലെത്തിയ പാകിസ്ഥാൻ നാവികസേനയുടെ കപ്പൽ അശ്രദ്ധമായി ദിശമാറ്റി കൂട്ടിയിടിക്കുകയായിരുന്നു. കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ചെങ്കിലും ആർക്കും പരിക്കേൽക്കുകയോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കിയിട്ടുണ്ട്.

