സന: യമനിൽ ഹൂതി വിമതരും സർക്കാർ സൈന്യവും തമ്മിൽ സായുധ പോരാട്ടം രൂക്ഷമായതിനെത്തുടർന്ന് ഒരു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ (UN) വ്യക്തമാക്കുന്നു. സെപ്റ്റംബർ ആദ്യവാരം മുതൽ ആരംഭിച്ച പുതിയ പോരാട്ടങ്ങളെത്തുടർന്ന് ജനങ്ങൾ കൂട്ടത്തോടെ സുരക്ഷിത താവളങ്ങൾ തേടി മാറിക്കൊണ്ടിരിക്കുകയാണ്. യമനിലെ ചെങ്കടൽ തീരങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഹൂതികൾ നടത്തിയ മുന്നേറ്റമാണ് വലിയ തോതിലുള്ള ഈ പലായനത്തിന് കാരണമായത്. യമനിലെ സോമാലിയൻ, എത്യോപ്യൻ അഭയാർഥികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകളെയും ഈ സംഘർഷം ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
ഔദ്യോഗിക കണക്കുകൾ പ്രകാരം സമീപദിവസങ്ങളിലായി 82,000-ത്തിലധികം ആളുകൾ ഇതിനകം തന്നെ വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായിട്ടുണ്ട്, മൊത്തം അഭയാർത്ഥികളുടെ എണ്ണം ഒരു ലക്ഷം കടന്നതായാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് ആളുകൾ സുരക്ഷ തേടി അപകടം പിടിച്ച ബാബ് അൽ-മന്ദേബ് കടലിടുക്ക് വഴി ജിബൂട്ടിയിലേക്കും പലായനം ചെയ്തിട്ടുണ്ട്. പലായനം ചെയ്തത കുടുംബങ്ങളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 14 ദശലക്ഷം ഡോളറിന്റെ ഫണ്ടാണ് യു.എൻ ആവശ്യപ്പെട്ടിരിക്കുന്നത്. അഭയാർത്ഥി ക്യാമ്പുകളിലും അഭയം നൽകുന്ന സമൂഹങ്ങളിലും പാർപ്പിടം, ഭക്ഷണം, ശുദ്ധജലം, ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്.
യമനിൽ സായുധ വിമത ഗ്രൂപ്പായ ഹൂതികളും സൗദി അറേബ്യയുടെ പിന്തുണയുള്ള ഔദ്യോഗിക യമൻ സർക്കാരും തമ്മിലുള്ള ആഭ്യന്തര യുദ്ധം പുതിയ യുദ്ധമുഖങ്ങളിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ചെങ്കടൽ തീരത്തെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മൊഖ (Mocha), ചെങ്കടലിലെ പ്രധാന ദ്വീപുകളായ ഗ്രേറ്റർ ഹാനിഷ്, ലെസ്സർ ഹാനിഷ്, പെരിം ദ്വീപ് എന്നിവ ഹൂതി വിമതർ പിടിച്ചെടുത്തിരുന്നു. ആഗോള കപ്പൽ ഗതാഗതത്തിൽ നിർണായകമായ ബാബ് അൽ-മന്ദബ് കടലിടുക്കിന്റെ (Bab al-Mandab strait) നിയന്ത്രണവും നിലവിൽ ഹൂതികളുടെ കൈകളിലാണ്.
യമൻ സർക്കാരിന്റെ പ്രധാന ശക്തികേന്ദ്രങ്ങളായ താഇസ് (Taiz), എണ്ണ-വാതക നിക്ഷേപങ്ങളുള്ള മാരിബ് (Marib) എന്നീ നഗരങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ ശക്തമായ ആക്രമണം തുടരുകയാണ്. ഓഗസ്റ്റ് ആദ്യവാരം മുതൽ ആരംഭിച്ച പുതിയ യുദ്ധമുഖങ്ങളിൽ മാത്രം ഇതിനകം 2,883-ലധികം പേർക്ക് ജീവഹാനിയോ പരിക്കോ സംഭവിച്ചതായി ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കുന്നു. നിരവധി ആശുപത്രികൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും വ്യോമാക്രമണങ്ങളിലും പോരാട്ടങ്ങളിലും കടുത്ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദിയിലെ ഖമീസ് മുഷൈത്, അബഹ, താഇഫ് തുടങ്ങിയ വിവിധ നഗരങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 13 സാധാരണക്കാർക്ക് പരിക്കേൽക്കുകയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
മക്കയിൽ ജാഗ്രതാ നിർദേശം
ചരിത്രത്തിലാദ്യമായി മക്ക നഗരത്തിൽ വ്യോമാക്രമണ ഭീഷണി ഉയർത്തിക്കൊണ്ടുള്ള അടിയന്തര സുരക്ഷാ അലർട്ട് ഭരണകൂടം പുറപ്പെടുവിച്ചു. മക്കയ്‌ക്കൊപ്പം ജിദ്ദ, താഇഫ് എന്നീ നഗരങ്ങളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. യമനിലെ ഹൂതി വിമതർ വിക്ഷേപിച്ച ഒരു ഡ്രോൺ മക്ക ലക്ഷ്യമാക്കി നീങ്ങിയതായും അതിനെ മക്കയുടെ ആകാശത്തേക്ക് കടക്കുന്നതിന് മുൻപ് തന്നെ സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി വെടിവെച്ചിട്ടതായും സൗദി സഖ്യസേന വ്യക്തമാക്കി.
ബുധനാഴ്ച (സെപ്റ്റംബർ 16, 2026) മക്ക നഗരത്തെ ലക്ഷ്യമിട്ടെത്തിയ ഹൂതികളുടെ ഡ്രോൺ, നഗരത്തിന്റെ തെക്ക് ഭാഗത്തുവെച്ച് തന്നെ സൗദി സൈന്യം തകർത്തു. പുണ്യനഗരത്തിന് ഉള്ളിലേക്ക് പ്രവേശിക്കാൻ ഇതിന് കഴിഞ്ഞിട്ടില്ല. മക്ക ഉൾപ്പെടെയുള്ള ഇസ്ലാമിക പുണ്യകേന്ദ്രങ്ങളുടെ സുരക്ഷ തങ്ങളുടെ ‘റെഡ് ലൈൻ’ (ചുവപ്പ് രേഖ) ആണെന്നും, ഇതിനെതിരെയുള്ള നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും സൗദി സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി മുന്നറിയിപ്പ് നൽകി.
എന്നാൽ മക്കയെ ലക്ഷ്യമിട്ട് തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്നും സൗദിയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങളും സൈനിക താവളങ്ങളുമാണ് തങ്ങളുടെ ലക്ഷ്യമെന്നും വ്യക്തമാക്കി ഹൂതി വിമതർ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
‘മക്ക പ്രതിരോധ കരാർ’ തകർച്ചയിൽ: ഇറാനെ പിണക്കാൻ വയ്യ; വെട്ടിലായി പാക്കിസ്ഥാൻ

