Thursday, September 17, 2026
Home » ലോകത്തെ ആദ്യ ‘റോബോട്ട് ആംബുലൻസ്’ നിർമിച്ച് ജപ്പാൻ; പക്ഷെ മനുഷ്യജീവൻ രക്ഷിക്കാനുള്ളതല്ല
ലോകത്തെ ആദ്യ 'റോബോട്ട് ആംബുലൻസ്' നിർമിച്ച് ജപ്പാൻ; പക്ഷെ മനുഷ്യജീവൻ രക്ഷിക്കാനുള്ളതല്ല

ലോകത്തെ ആദ്യ ‘റോബോട്ട് ആംബുലൻസ്’ നിർമിച്ച് ജപ്പാൻ; പക്ഷെ മനുഷ്യജീവൻ രക്ഷിക്കാനുള്ളതല്ല

by Editor

ടോക്യോ: ലോകത്തെ ആദ്യ ‘റോബോട്ട് ആംബുലൻസ്’ നിർമിച്ച് ജപ്പാൻ. ജപ്പാൻ നിർമിച്ച ലോകത്തെ ആദ്യത്തെ ‘റോബോട്ട് ആംബുലൻസ്’ (GMO Humanoid Ambulance) മനുഷ്യരുടെ ജീവൻ രക്ഷിക്കാനുള്ളതല്ല, മറിച്ച് ഹ്യൂമനോയിഡ് റോബോട്ടുകളെ (മനുഷ്യരൂപത്തിലുള്ള റോബോട്ടുകൾ) അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിനും ‘ചികിത്സിക്കുന്നതിനും’ വേണ്ടിയുള്ളതാണ്.

ജാപ്പനീസ് ടെക് ഭീമന്മാരായ ജി.എം.ഒ ഇന്റർനെറ്റ് ഗ്രൂപ്പിന്റെ (GMO Air) റോബോട്ടിക്സ് വിഭാഗമാണ് ടോക്കിയോയിൽ ഈ അപൂർവ വാഹനം അവതരിപ്പിച്ചത്. ഇത്തരം ആംബുലൻസുകൾ ഉടൻ തന്നെ ടോക്യോ തെരുവുകളിൽ ഓടിത്തുടങ്ങും. എഞ്ചിനീയർമാർ, റിപ്പയർ ഉപകരണങ്ങൾ, ആവശ്യമായ സ്പെയർ പാർട്‌സ് എന്നിവ അടങ്ങിയതായിരിക്കും ഈ മൊബൈൽ യൂണിറ്റുകൾ. ഹോട്ടലുകൾ, ഫാക്ടറികൾ, വിമാനത്താവളങ്ങൾ, വെയർഹൗസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് പെട്ടെന്ന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ ഈ ആംബുലൻസിന്റെ സേവനം തേടാം.

ഭൂരിഭാഗം ഹ്യൂമനോയ്ഡ് റോബോട്ടുകളും സങ്കീർണവും പ്രവചനാതീതവുമായ ചുറ്റുപാടുകളിലൂടെയാണ് സഞ്ചരിക്കുന്നത്. പടികൾ കയറുക, ഭാരമുള്ള സാധനങ്ങൾ ചുമക്കുക, മനുഷ്യർക്കൊപ്പം ജോലി ചെയ്യുക തുടങ്ങിയ ജോലികളാണ് സാധാരണയായി അവയ്ക്ക് നൽകുന്നത്. അതിനാൽ ചെറിയൊരു കാൽ തെറ്റലോ പെട്ടെന്നുള്ള ബാലൻസ് നഷ്ടപ്പെടലോ പോലും അവയുടെ കൈകാലുകൾ ഒടിയുന്നതിനോ സെൻസറുകൾ തകരാറിലാകുന്നതിനോ കാരണമായേക്കാം. കൂടാതെ, ബാറ്ററി പ്രശ്നങ്ങൾ, ആശയവിനിമയ തടസങ്ങൾ, സോഫ്റ്റ് വെയർ തകരാറുകൾ എന്നിവ കാരണം റോബോട്ട് നിശ്ചലമായിപ്പോകാനും സാധ്യതയുണ്ട്. റോബോട്ടുകൾ കേടാകുമ്പോൾ അവയെ പാക്ക് ചെയ്ത് സർവീസ് സെന്ററുകളിലേക്ക് അയക്കുന്നതിനുള്ള സമയനഷ്ടവും പണച്ചെലവും ഒഴിവാക്കാൻ ഈ ആംബുലൻസ് നേരിട്ട് ജോലിസ്ഥലത്തേക്ക് എത്തും.

നൂതന ഡയഗ്നോസ്റ്റിക് സാങ്കേതിക വിദ്യയും മൊബൈൽ എഞ്ചിനീയറിംഗ് ഉപകരണങ്ങളും സംയോജിപ്പിക്കുന്ന ഒരു യഥാർത്ഥ മെഡിക്കൽ റെസ്പോൺസ് ടീമിൻ്റെ പ്രവർത്തന രീതിയാണ് ഇതിലുള്ളത്. ഒരു റോബോട്ട് തകരാറിലാകുമ്പോൾ, ഫീൽഡ് ഓപ്പറേറ്റർമാർ അടിയന്തര ഡിസ്‌പാച്ച് അഭ്യർത്ഥന അയയ്ക്കുന്നു. സ്ഥലത്തെത്തുമ്പോൾ, റോബോട്ടിന്റെ ആന്തരിക സിസ്റ്റങ്ങൾ വേഗത്തിൽ സ്‌കാൻ ചെയ്യുന്നതിനും ഹാർഡ്വെയർ തകരാറുകളോ സോഫ്റ്റ് വെയർ ബഗുകളോ കണ്ടെത്താനും ടെക്ന‌ീഷ്യന്മാർ വയർലെസ് ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നു.

ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലാമറസ് (GLAMOROUS) എന്ന സ്ഥാപനത്തിലെ പ്രശസ്ത ഡിസൈനർ യാസുമിച്ചി മോറിറ്റയാണ് പർപ്പിൾ ലൈറ്റുകളോട് കൂടിയ ഈ പ്രത്യേക ആംബുലൻസ് രൂപകൽപ്പന ചെയ്തത്. ഭാവിയിൽ റോബോട്ടുകൾ മനുഷ്യരെപ്പോലെ നിത്യജീവിതത്തിന്റെ ഭാഗമാകുമ്പോൾ അവയുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഇത്തരം ഒരു സംവിധാനം അത്യാവശ്യമായി വരുമെന്നാണ് ജി.എം.ഒ എയർ (GMO Air) വ്യക്തമാക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!