Thursday, September 17, 2026
Home » 76-ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; ജന്മദിനം വിപുലമായി ആഘോഷമാക്കാൻ ബിജെപി
പ്രധാനമന്ത്രി

76-ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; ജന്മദിനം വിപുലമായി ആഘോഷമാക്കാൻ ബിജെപി

by Editor

ന്യൂ ഡൽഹി: ഇന്ന് (2026 സെപ്റ്റംബർ 17), ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനമാണ്. 1950 സെപ്റ്റംബർ 17-ന് ഗുജറാത്തിലെ വഡ്നഗറിലാണ് അദ്ദേഹം ജനിച്ചത്. മോദിയുടെ ജന്മദിനം ബിജെപി രാജ്യവ്യാപകമായി ‘സേവാ ദിവസ്’ (സേവന ദിനം) ആയി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന ക്ഷേമ-സേവന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ‘സേവാ സങ്കൽപ്പ് അഭിയാൻ’ പദ്ധതിക്കും ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു.

പ്രധാനമന്ത്രിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ഇന്ന് വൈകിട്ട് 6 മുതൽ 7 വരെ വീടുകളിൽ വിളക്ക് തെളിയിക്കാൻ (ആശിർവാദ് കാ ദിയ) ബിജെപി ദേശീയ നേതൃത്വം പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്മദേശമായ വഡ്നഗറിൽ നടക്കുന്ന മഹാ ആരതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. കൂടാതെ രാജ്യത്തുടനീളം രക്തദാന ക്യാമ്പുകളും വിവിധ ശുചീകരണ-സേവന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഗുജറാത്തിലുടനീളം 76,000 മൺവിളക്കുകൾ (ദിയകൾ) തെളിച്ചും പശുദാനം ഉൾപ്പെടെയുള്ള പ്രത്യേക ചടങ്ങുകളോടെയുമാണ് ജന്മദിനം ആഘോഷിക്കുന്നത്.

ഗുജറാത്ത് മെഹ്സാന ജില്ലയിലെ വട്നഗറിൽ 1950 സെപ്റ്റംബർ 17-ന് തുടങ്ങിയ നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ ജീവിതം ഓരോ വർഷം പിന്നിടുമ്പോഴും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും നിർണായക ഏടുകൾ എഴുതിചേർക്കുകയാണ്. പതിനേഴാം വയസിൽ ആർഎസ്എസിലൂടെ തുടങ്ങിയ പൊതുപ്രവർത്തനമാണ്. 1987-ൽ മുപ്പത്തിയേഴാം വയസിൽ ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറിയായി. 2001-ൽ മുഖ്യമന്ത്രിയായി. ഗുജറാത്ത് കലാപത്തിനു ശേഷമുള്ള വിവാദങ്ങളും നിയമനടപടികളും നേരിട്ട് 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലുമെത്തി. ഇന്ന് ലോകത്തെ കരുത്തരായ നേതാക്കളിൽ ഒരാളായി മോദി മാറി കഴിഞ്ഞു. സംഘപരിവാർ സ്വപ്നം കണ്ട പല ലക്ഷ്യങ്ങളും മോദി ഭരണത്തിലാണ് യാഥാർത്ഥ്യമായത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ മോദി യുഗം അവസാനിച്ചെന്ന പ്രവചനങ്ങൾ തുടർച്ചയായ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ മോദി അസ്ഥാനത്താക്കി. യുവാക്കളുടെ സമരത്തിന് പിന്നാലെ മാറിമറിഞ്ഞ ദേശീയ രാഷ്ട്രീയമാണ് അധികാരത്തിൽ 25 വർഷം പൂർത്തിയാക്കുന്ന മോദിക്ക് മുന്നിലുള്ള വെല്ലുവിളി. ഉത്തർ പ്രദേശും സ്വന്തം ഗുജറാത്തും അടക്കം 7 സംസ്ഥാനങ്ങളിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ യുവരോഷം മറികടക്കുക എന്നത് തന്നെയാണ്. വഴങ്ങേണ്ടിടത്ത് വഴങ്ങിയും വേണ്ടിടത്ത് കരുത്തുകാട്ടിയും തന്ത്രങ്ങൾ പയറ്റുന്നതാണ് മോദി ശൈലി. ആ മോദിക്ക് ജെൻസികൾ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കളം തിരിച്ചുപിടിക്കാനാകുമോ എന്നതാണ് ചോദ്യം. 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മോദിക്ക് പകരം വയ്ക്കാൻ ആരെന്ന് ഇപ്പോഴും ബിജെപിയിൽ ചർച്ചകൾ ഉയർന്നിട്ടില്ല. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും ജനസ്വാധീനവും അത്രമേൽ വലുതായതിനാൽ, അദ്ദേഹത്തിന് ‘പകരം’ മറ്റൊരു നേതാവിലേക്ക് രാജ്യം മാറുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയൊരു വഴിത്തിരിവായിരിക്കും.

Send your news and Advertisements

You may also like

error: Content is protected !!