കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി വിധിച്ചു. ഔദ്യോഗിക പദവിയിലിരിക്കെ വരുമാന മാർഗ്ഗങ്ങളേക്കാൾ കൂടുതൽ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നിർണായക വിധി.
2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കേസ്. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 135.80 ശതമാനം അധിക സ്വത്ത് വരവിൽക്കവിഞ്ഞ് കണ്ടെത്തിയെങ്കിലും അതിനുള്ള കൃത്യമായ വരുമാന സ്രോതസ് കാണിക്കാൻ തച്ചങ്കരിക്ക് സാധിച്ചില്ല. ബോബി കുരുവിള എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ആരംഭിച്ചത്. 2013 ൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച, കേസിൽ സർവീസിലിരിക്കെ വീടുകളും ഫ്ളാറ്റുകളും വസ്‌തുവകകളും സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു.
സ്വത്തുക്കൾ കുടുംബ വിഹിതമായും ഇഷ്ടദാനമായും ലഭിച്ചതാണെന്നും കേസ് ഒഴിവാക്കണമെന്നും കാട്ടി തച്ചങ്കരി മുൻപ് സമർപ്പിച്ച വിടുതൽ ഹർജി കുറ്റപത്രം നിലനിൽക്കുമെന്ന് വ്യക്തമാക്കി കോടതി തള്ളിയിരുന്നു. സെപ്റ്റംബർ 30 നകം സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് വിജിലൻസ് കോടതി നടപടികൾ വേഗത്തിലാക്കിയത്.
പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ ശ്രീകാന്ത് ഹാജരാവുകയും പ്രോസിക്യൂഷൻ സാക്ഷികളായി മുൻ ആഭ്യന്തര വകുപ്പ് ജോയിൻ്റ് സെക്രട്ടറിയടക്കമുള്ളവരെ വിസ്തരിക്കുകയും ചെയ്‌തു. പ്രതിഭാഗം സാക്ഷികളായി മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡി.ജി.പി, ഇൻകം ടാക്സ‌് ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി എന്നിവരാണ് വിസ്തരിക്കപ്പെട്ടത്. കോടതിയിൽ പ്രതിഭാഗത്തിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ, തനിക്ക് നെഞ്ചുവേദനയടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഒറ്റയ്ക്കാണ് താമസമെന്നും തച്ചങ്കരി കോടതിയെ അറിയിച്ചു. കേസിൽ പരമാവധി ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.

