Thursday, September 17, 2026
Home » ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

by Editor

മലപ്പുറം: നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ തുടക്കമിട്ട ‘40K Blood Donation Drive’ എന്ന രക്തദാന ക്യാമ്പയിന്റെ ഭാഗമായി എം.ജി.എം. ഗ്രൂപ്പ് സംഘടിപ്പിച്ച ‘ജീവാമൃതം’ മെഗാ ബ്ലഡ് ഡൊണേഷൻ ഡ്രൈവിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി ഒരു മഹാത്ഭുതമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മമ്മൂട്ടി എന്ന വ്യക്തിത്വവും അദ്ദേഹത്തിന്റെ സൗന്ദര്യവും കലാജീവിതവും മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ പിന്തുടരുന്നവർ മുന്നോട്ടുവച്ച 40,000 പേരുടെ രക്തദാനം എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിൻ സമൂഹത്തിന് നൽകുന്നത് വലിയൊരു സന്ദേശവും സഹായവുമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. രക്തദാനത്തിലൂടെ നിരവധി മനുഷ്യജീവനുകൾക്ക് സഹായമാകുന്ന ഈ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എം.ജി.എം. ഗ്രൂപ്പും ചേർന്ന് നടപ്പാക്കിവരുന്ന ‘ജീവാമൃതം’, ‘വിദ്യാമൃതം’ തുടങ്ങിയ ജീവകാരുണ്യ പദ്ധതികളെയും സാദിഖലി ശിഹാബ് തങ്ങൾ പ്രത്യേകം പ്രശംസിച്ചു. വരുംകാലങ്ങളിലും കൂടുതൽ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഇടപെടാൻ മമ്മൂട്ടിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മമ്മൂട്ടിക്ക് ജന്മദിനാശംസകളും അദ്ദേഹം നേർന്നു.

വളാഞ്ചേരി എം.ജി.എം. ടെക്നോളജിക്കൽ ക്യാമ്പസിൽ സംഘടിപ്പിച്ച ‘ജീവാമൃതം’ മെഗാ ബ്ലഡ് ഡൊണേഷൻ ഡ്രൈവിൽ വിദ്യാർത്ഥികളടക്കം നിരവധി പേർ രക്തദാനത്തിൽ പങ്കെടുത്തു. ക്യാമ്പ് സന്ദർശിച്ച സാദിഖലി ശിഹാബ് തങ്ങൾ വിദ്യാർത്ഥികളുമായി സംസാരിക്കുകയും രക്തദാനത്തിൽ പങ്കെടുത്തവരെയും സംഘാടകരെയും അഭിനന്ദിക്കുകയും ചെയ്തു.

ചടങ്ങിൽ സംസാരിച്ച ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും കെ.പി. നൗഷാദലി എം.എൽ.എയും ഇത്തരം സാമൂഹിക സേവന പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് പറഞ്ഞു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ ജീവകാരുണ്യ പദ്ധതികളെയും അവയോട് ചേർന്ന് പ്രവർത്തിക്കുന്ന എം.ജി.എം. ഗ്രൂപ്പിനെയും ഇരുവരും അഭിനന്ദിച്ചു.

എം.ജി.എം. ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാന്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളെയും സാദിഖലി ശിഹാബ് തങ്ങൾ പ്രത്യേകം അഭിനന്ദിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. മുസ്തഫ, എം.ജി.എം. ഗ്രൂപ്പ് വൈസ് ചെയർമാൻ വിനോദ് തോമസ്, എം.ജി.എം. ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആൽഫാ മേരി, എം.ജി.എം. കോളേജസ് എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. അഹിനസ്,പ്രിൻസിപ്പൽ ഡോ ബിനു ബി പിള്ളൈ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Send your news and Advertisements

You may also like

error: Content is protected !!