ഇന്ന് അത്തം. പൂവിളിയുമായി പൊന്നോണം വന്നെത്തി. ഇനിയുള്ള നാളുകള്‍ മലയാളികള്‍ പൂക്കളമിട്ട് ഓണത്തെ വരവേല്‍ക്കും. പ്രതീക്ഷകളുടെയും സന്തോഷത്തിന്റെയും നല്ലനാളുകളുടെ ഓര്‍മകളാണ് പൊന്നിന്‍ ചിങ്ങം സമ്മാനിക്കുന്നത്. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്‍റേയും ഉത്സവത്തിന്‍റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി മാവേലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങുകയാണ് നാട്ടാരും. പരിശുദ്ധിയുടെ തൂവെള്ള നിറമേഴും തുമ്പ മുതല്‍ ചെത്തി, മന്ദാരം, ചെണ്ടുമല്ലി, പിച്ചകപൂവെല്ലാം കാഴ്ച്ചയൊരുക്കുന്ന പൂക്കളമായി മാറും.
പതിവുതെറ്റിച്ച കർക്കടകത്തിലാണ് ഇത്തവണ ഓണക്കാലത്തിന് തുടക്കമാകുന്നത്. ഓർമകളുടെ ആഘോഷംകൂടിയാണ് ഓണം. ഗൃഹാതുര സ്‌മരണകളുടെ ഉത്സവം. അത്തം പത്തിന് പൊന്നോണം എന്നാണ് ചൊല്ലെങ്കിലും ഇക്കുറി പതിനൊന്നാം നാളാണ് പൊന്നോണം.
സംസ്ഥാനത്ത് ഓണക്കാലത്തിന്റെ വിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. കൊച്ചി രാജവംശത്തിന്റെ പ്രതിനിധി അത്തം പതാക നഗരസഭയ്ക്ക് കൈമാറിയതോടെ ചടങ്ങുകൾ ആരംഭിച്ചു. അത്തം നഗറിൽ (തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനി) രാവിലെ 9-ന് അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തും. തുടർന്ന് ചലച്ചിത്ര താരം മനോജ് കെ ജയൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര തൃപ്പൂണിത്തുറ നഗരത്തെ ആഘോഷത്തിലാഴ്ത്തുന്നത്.

