സമീപകാലത്ത് ഇന്ത്യയിൽ കണ്ട ഏറ്റവും ശ്രദ്ധേയമായ പൊതു പ്രക്ഷോഭങ്ങളിൽ രണ്ടെണ്ണം വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും തന്നെ മുന്നിൽ നിന്നു നയിച്ചവയാണ്. ഒന്ന്, ഡൽഹിയിലെ ജന്തർ മന്തറിൽ ‘കോക്ക്‌റോച്ച് ജനതാ പാർട്ടി’ (CJP) എന്ന പുതിയ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം. രണ്ട്, ജാർഖണ്ഡിൽ JPSC, JSSC പരീക്ഷകളിലെ ക്രമക്കേട് ആരോപിച്ച് ഉയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റം. രണ്ടും ഒരേ വേദനയിൽ നിന്നാണ് ഉരുത്തിരിഞ്ഞത് — എന്നാൽ ശൈലിയിലും സ്വഭാവത്തിലും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു.
പൊതുവായ അടിത്തറ: ന്യായമായ ചോദ്യങ്ങളും പ്രേതിഷേധങ്ങളും.
ഇന്ത്യയിലെ ലക്ഷക്കണക്കിന് ചെറുപ്പക്കാർ വർഷങ്ങളോളം കഠിനാധ്വാനം ചെയ്താണ് മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നത്. ചോദ്യപേപ്പർ ചോർച്ച, റിക്രൂട്ട്‌മെന്റ് ക്രമക്കേട്, ഭരണപരമായ വീഴ്ചകൾ എന്നിവ ഉയരുമ്പോൾ അവരുടെ പ്രതിഷേധം സ്വാഭാവികമാണ്. ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷ വെറും പരീക്ഷയല്ല — അത് വർഷങ്ങളുടെ അധ്വാനവും കുടുംബത്തിന്റെ പ്രതീക്ഷയും സാമ്പത്തിക ത്യാഗവും ഭാവിയിലേക്കുള്ള ഏക വാതിലുമാണ്. അതുകൊണ്ട് സുതാര്യവും വിശ്വസനീയവുമായ ഒരു പരീക്ഷാ സംവിധാനത്തിനുള്ള ആവശ്യം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടേതല്ല — അത് വിദ്യാർത്ഥികളുടേതാണ്.
രണ്ട് പ്രക്ഷോഭങ്ങൾ, രണ്ട് ശൈലികൾ
2026 മെയ് മാസത്തിൽ സാമൂഹിക മാധ്യമ തന്ത്രജ്ഞനായ അഭിജിത് ദിപ്‌കെ രൂപീകരിച്ച CJP, ജൂൺ ആദ്യം ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിച്ചു. NEET ഉൾപ്പെടെയുള്ള പരീക്ഷകളിലെ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു തുടക്കം. പിന്നീട് ലഡാക്കിലെ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നിരാഹാരസമരത്തിൽ പങ്കുചേർന്നതോടെ പ്രക്ഷോഭം ദേശീയ ശ്രദ്ധ നേടി. ജൂലൈ അവസാനത്തോടെ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു.
‘ആസാദി’ മുദ്രാവാക്യങ്ങൾ, പോലീസുമായുള്ള ഏറ്റുമുട്ടലുകൾ എന്നിവ ഈ പ്രക്ഷോഭത്തെ വിവാദത്തിലാക്കി. ഒരു ചടങ്ങിൽ ബംഗ്ലാദേശ് പതാക കാണപ്പെട്ടതും ചർച്ചയായി. ഇത്തരം പ്രതീകങ്ങൾ ഒരു പ്രക്ഷോഭത്തിന്റെ മുഴുവൻ സ്വഭാവത്തെയും നിർവചിക്കുന്നില്ലെങ്കിലും, അവ സ്വാഭാവികമായും പൊതുജനങ്ങളിൽ സംശയമുണ്ടാക്കും. ‘ഒരു പതാക മുഴുവൻ പ്രക്ഷോഭത്തെയും നിർവചിക്കുമോ’ എന്നതിനുപകരം, ‘ആ ചിഹ്നം എന്തുകൊണ്ട് അവിടെ വന്നു, ആരാണ് അത് ഉയർത്തിയത്, സംഘാടകർ ഔദ്യോഗികമായി എന്തു പറഞ്ഞു’ എന്നതാണ് കൂടുതൽ ഉത്തരവാദിത്തമുള്ള ചോദ്യം.
ജാർഖണ്ഡിലാകട്ടെ, ജൂലൈ 29 മുതൽ റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ വിദ്യാർത്ഥികൾ അനിശ്ചിതകാല ധർണ ആരംഭിച്ചു. JPSC പ്രിലിമിനറി പരീക്ഷയുടേതെന്ന് അവകാശപ്പെടുന്ന ഒരു ഉത്തരക്കടലാസ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. ദേവേന്ദ്രനാഥ് മഹ്തോ എന്ന വിദ്യാർത്ഥി നേതാവ് ഓഗസ്റ്റ് 3-ന് നിരാഹാരസമരം തുടങ്ങി, സ്വതന്ത്ര അന്വേഷണവും (CBI) വിവാദ പരീക്ഷ റദ്ദാക്കലും ആയിരുന്നു പ്രധാന ആവശ്യങ്ങൾ. ഓഗസ്റ്റ് 10-ന് നിയമസഭയിലേക്കുള്ള മാർച്ചിനിടെ സംഘർഷമുണ്ടായി; പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ഭാഷയും അച്ചടക്കവും:
രണ്ട് പ്രക്ഷോഭങ്ങളും തമ്മിലുള്ള ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം അവയുടെ സ്വരത്തിലാണ്. ജന്തർ മന്തർ പ്രക്ഷോഭം ദേശീയ രാഷ്ട്രീയവുമായി കൂടുതൽ ഇഴചേർന്നു കിടക്കുന്നു — മുദ്രാവാക്യങ്ങൾ, പ്രകടനങ്ങൾ, കേന്ദ്ര സർക്കാരിനെതിരായ നേരിട്ടുള്ള വിമർശനം. ജാർഖണ്ഡ് പ്രക്ഷോഭമാകട്ടെ, തുടക്കത്തിൽ പരീക്ഷാ നീതി എന്ന ഒറ്റ ആവശ്യത്തിൽ കൂടുതൽ കേന്ദ്രീകരിച്ചു നിന്നു. എന്നാൽ ഓഗസ്റ്റ് 10-ലെ സംഘർഷത്തോടെ ഇവിടെയും രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിത്തം ദൃശ്യമായി — ഭരണകക്ഷിയുടെ വിദ്യാർത്ഥി വിഭാഗവും പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും സ്വന്തം ആവശ്യങ്ങളുമായി രംഗത്തെത്തി.
ഒരു പ്രക്ഷോഭം അധിക്ഷേപകരമാകാതെ തന്നെ ശക്തമാകാം. ഒരു വിദ്യാർത്ഥിക്ക് ഒരു മന്ത്രിയുടെ രാജി ആവശ്യപ്പെടാം, അസഭ്യഭാഷ കൂടാതെ തന്നെ. “ഞങ്ങൾ വർഷങ്ങളോളം പഠിച്ചു, ഞങ്ങൾക്ക് നീതിയുള്ള പരീക്ഷ വേണം” എന്ന ഒരു ഫലകം നൂറു മുദ്രാവാക്യങ്ങളെക്കാൾ ശക്തമായി സംസാരിക്കും. ഒരു യുവജന മുന്നേറ്റത്തിന്റെ വിശ്വാസ്യത അതിന്റെ ധാർമിക അച്ചടക്കത്തിലാണ് നിലനിൽക്കുന്നത്.
സ്വാഭാവിക ഒഴുക്കോ, സംഘടിത പിന്തുണയോ?
ജന്തർ മന്തറിലെ പ്രതിഷേധം വിലയിരുത്തുമ്പോൾ ഒഴിവാക്കാനാവാത്ത ഒരു ചോദ്യമുണ്ട്: അത്രയും വലിയ പങ്കാളിത്തവും ദിവസങ്ങളോളം നീണ്ട ക്യാമ്പും ഭക്ഷണവും മറ്റ് സൗകര്യങ്ങളും എവിടെനിന്നു വന്നു എന്നത്. CJP ഓൺലൈനിൽ ലക്ഷക്കണക്കിന് അനുയായികളെ അതിവേഗം സമ്പാദിച്ച ഒരു കൂട്ടായ്മയാണ് എന്നത് വസ്തുതയാണ്. അതിനാൽ വലിയൊരു ജനക്കൂട്ടം ചേരുന്നത് അസ്വാഭാവികമല്ല. അതേസമയം, ചില റിപ്പോർട്ടുകൾ പ്രക്ഷോഭത്തിന് പിന്നിൽ സംഘടിതമായ സാമ്പത്തിക പിന്തുണ ഉണ്ടായിരുന്നോ എന്ന സംശയം ഉന്നയിച്ചിട്ടുണ്ട് — വിദേശത്തുള്ള ചില വ്യക്തികൾ ജീവനക്കാരെ പ്രത്യേകം എത്തിച്ചു എന്ന തരത്തിലുള്ള അവകാശവാദങ്ങൾ ഉൾപ്പെടെ. ഇത്തരം റിപ്പോർട്ടുകൾ ഒരു പ്രത്യേക രാഷ്ട്രീയ ചായ്‌വുള്ള മാധ്യമങ്ങളിൽ നിന്നാണ് വന്നത് എന്നതിനാൽ, സ്ഥിരീകരിക്കപ്പെടാത്ത ആരോപണങ്ങളായി മാത്രമേ അവയെ കാണാവൂ. എന്നിരുന്നാലും, ഈ സംശയം പൂർണമായി തള്ളിക്കളയേണ്ടതുമല്ല. ആയിരക്കണക്കിന് ആളുകൾ ദിവസങ്ങളോളം ഒരു സ്ഥലത്ത് തങ്ങുമ്പോൾ ഭക്ഷണം, താമസം, ലോജിസ്റ്റിക്സ് എന്നിവയ്ക്ക് ഗണ്യമായ വിഭവങ്ങൾ വേണ്ടിവരും. അതെവിടെ നിന്നു വന്നു, ആരാണ് അതിന് പിന്നിൽ, ഏതെങ്കിലും സംഘടിത താൽപര്യങ്ങൾ ആ പിന്തുണയ്ക്ക് പിന്നിലുണ്ടോ എന്നീ ചോദ്യങ്ങൾ സുതാര്യമായി അന്വേഷിക്കപ്പെടേണ്ടതു തന്നെയാണ്. ഒരു വിദ്യാർത്ഥി മുന്നേറ്റം ജൈവികമായി തുടങ്ങിയാലും, അതിന്റെ വളർച്ചയ്ക്കിടയിൽ വിവിധ താൽപര്യക്കാർ കടന്നുകൂടാനുള്ള സാധ്യത എപ്പോഴും നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ, ഈ ചോദ്യം ഉന്നയിക്കുന്നത് പ്രക്ഷോഭത്തിന്റെ അടിസ്ഥാന ന്യായത്തെ നിഷേധിക്കലല്ല — മറിച്ച്, അതിന്റെ സുതാര്യതയ്ക്കായുള്ള ന്യായമായ ആവശ്യമാണ്.
CJP സ്ഥാപകൻ അഭിജിത് ദിപ്‌കെ ജാർഖണ്ഡ് വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും അവിടെ എത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഒരു സാമൂഹിക കൂട്ടായ്മയോ രാഷ്ട്രീയ സംഘടനയോ ഒരു വിദ്യാർത്ഥി മുന്നേറ്റത്തിന് പിന്തുണ നൽകുന്നതിൽ തെറ്റില്ല. എന്നാൽ ഒരു ജനാധിപത്യ തത്വം ഓർക്കേണ്ടതുണ്ട് മുന്നേറ്റത്തിന്റെ ഉടമസ്ഥത വിദ്യാർത്ഥികളിൽ തന്നെ നിലനിൽക്കണം. രാഷ്ട്രീയ പാർട്ടികൾക്കോ ആക്ടിവിസ്റ്റുകൾക്കോ സിവിൽ സൊസൈറ്റി സംഘടനകൾക്കോ പിന്തുണ നൽകാം — എന്നാൽ വിദ്യാർത്ഥികളുടെ യഥാർത്ഥ ആവശ്യങ്ങളെ സ്വന്തം അജണ്ട കൊണ്ട് മാറ്റിസ്ഥാപിക്കാൻ അവർക്ക് അനുവാദമില്ല.
ഡൽഹിയിലായാലും ജാർഖണ്ഡിലായാലും, ഏതു സർക്കാരിന്റെ കാലത്തായാലും ഒരേ മാനദണ്ഡം ആയിരുന്നോ? ഡൽഹിയിൽ ചോദ്യപേപ്പർ ചോർച്ച തെറ്റാണെങ്കിൽ ജാർഖണ്ഡിലും അത് തെറ്റാണ്. ബി.ജെ.പി ഭരണത്തിൽ അസ്വീകാര്യമായത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിലും അസ്വീകാര്യമായിരിക്കണം. നീതിക്ക് പാർട്ടി നിറമില്ല.
വലിയൊരു ചോദ്യം:
ഡൽഹിയിലും ജാർഖണ്ഡിലും കണ്ടത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ചെറുപ്പക്കാർ സർക്കാർ ജോലിയെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുള്ള അപൂർവ്വ വഴിയായി കാണുന്നു. പരീക്ഷകൾ ആവർത്തിച്ച് ചോർച്ചയുടെയും ക്രമക്കേടിന്റെയും ആരോപണങ്ങളിൽ പെടുമ്പോൾ, അത് വെറുമൊരു പരീക്ഷാ വിവാദമല്ലാതായി മാറുന്നു — അത് വിശ്വാസത്തിന്റെ പ്രതിസന്ധിയായി മാറുന്നു.‘ഞങ്ങൾ സത്യസന്ധമായി പഠിച്ചാൽ, വ്യവസ്ഥിതി ഞങ്ങളെ സത്യസന്ധമായി പ്രതിഫലിപ്പിക്കുമോ?’
ടോം അലക്സ്

