ഇന്ത്യയിൽ ഊർജ ലഭ്യത ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈവരിച്ച ചരിത്രപരമായ നേട്ടങ്ങളെ പ്രശംസിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസി. മനുഷ്യചരിത്രത്തിലെ മറ്റേതൊരു ദശകത്തേക്കാളും, പ്രദേശത്തേക്കാളും അല്ലെങ്കിൽ രാജ്യത്തേക്കാളും കൂടുതൽ ആളുകൾക്ക് നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഇന്ത്യയിൽ ഊർജ ലഭ്യത ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ (Asia Society Policy Institute) നടന്ന ചടങ്ങിലാണ് അദ്ദേഹം മോദിയെയും ഇന്ത്യയുടെ ഊർജ നയങ്ങളെയും അഭിനന്ദിച്ചത്.
മോദി സർക്കാരിന്റെ കീഴിൽ കോടിക്കണക്കിന് ആളുകളിലേക്ക് വൈദ്യുതിയും ഊർജവും എത്തിക്കാൻ കഴിഞ്ഞതിനെ വലിയൊരു പരിവർത്തനമായാണ് ആന്റണി അൽബനീസി വിശേഷിപ്പിച്ചത്. രാജ്യത്ത് ഊർജ ലഭ്യത പരമാവധി ആളുകളിൽ ഉറപ്പുവരുത്തിയ ഉജ്ജ്വല പദ്ധതി, പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന തുടങ്ങിയ പദ്ധതികളെ അദ്ദേഹം എടുത്തുപറഞ്ഞു. നരേന്ദ്ര മോദിയുമായി ഓസ്‌ട്രേലിയ വളരെ ശക്തമായ സൗഹൃദബന്ധമാണ് കെട്ടിപ്പടുത്തിട്ടുള്ളതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമായി തുടരുമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അന്താരാഷ്ട്രതലത്തിൽ വൻ ഊർജ പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്. അമേരിക്ക, ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾ കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടുകയും ആഗോള ഊർജ വിപണി വലിയ സമ്മർദത്തിലാവുകയും ചെയ്‌തിരുന്നു. ഈ പ്രതിസന്ധി പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽ രാജ്യങ്ങളിലെ ഇന്ധന വിതരണത്തെ രൂക്ഷമായി ബാധിച്ചപ്പോഴും ഇന്ത്യയിൽ കൃത്യമായ ആസൂത്രണത്തിലൂടെ ഇന്ധന ലഭ്യത സ്ഥിരതയോടെ നിലനിർത്താനും വിലവർധനവ് നിയന്ത്രിക്കാനും മോദി സർക്കാരിന് സാധിച്ചതായി വിലയിരുത്തപ്പെടുന്നു.
ഇന്ധന ഇറക്കുമതിക്കായി ആശ്രയിക്കുന്ന രാജ്യങ്ങളുടെ എണ്ണം 27 ൽ നിന്ന് 41 ആയി ഉയർത്തി ഊർജ സ്രോതസുകൾ വൈവിധ്യവൽകരിച്ചതാണ് പ്രതിസന്ധികൾക്കിടയിലും രാജ്യത്ത് വിതരണ സ്ഥിരത ഉറപ്പാക്കാൻ സഹായിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. കൃത്യമായ പ്ലാനിങിലൂടെയും തന്ത്രപരമായ നയങ്ങളിലൂടെയും ഊർജ മേഖലയിൽ ഇന്ത്യ കൈവരിച്ച ഈ നേട്ടത്തിനുള്ള അംഗീകാരമാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ.

