ഇസ്ലാമബാദ് /കാബൂൾ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലും, അഫ്ഘാൻ അതിർത്തിയിലും ഉണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ 39 മരണം. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലുള്ള ദേര ഇസ്മായിൽ ഖാൻ ജില്ലയിൽ ഒരു പോലീസ് ചെക്ക് പോസ്റ്റിനു നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു.
സ്ഫോടകവസ്തുക്കൾ നിറച്ച ഒരു വാഹനം തീവ്രവാദികൾ ചെക്ക് പോസ്റ്റിന്റെ പുറംമതിലിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശവാസികളായ സാധാരണക്കാരും ഉൾപ്പെടെ 11 പേർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. നിരോധിത സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (TTP) ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ അഫ്ഗാൻ പ്രവിശ്യയായ നൂറിസ്ഥാനിലെ (Nuristan) കാംദേശ് (Kamdesh) ജില്ലയിലേക്ക് പാക്കിസ്ഥാനിൽ നിന്ന് അതിർത്തി കടന്നെത്തിയ സംഘവുമായുള്ള ഏറ്റുമുട്ടലിൽ 28 പോരാളികൾ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു എന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ ഇസ്ലാമിക് സ്റ്റേറ്റ് (IS) ഭീകരരും ഉൾപ്പെടുന്നുണ്ടെന്നും, ഇവർക്ക് പാക്കിസ്ഥാൻ മിലിഷ്യയുടെയും ഇന്റലിജൻസിന്റെയും പിന്തുണയുണ്ടായിരുന്നു എന്നും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നു. മാത്രമല്ല, മുൻപ് അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പാക്കിസ്ഥാൻ പരിശീലനം നൽകി ഇങ്ങോട്ട് തിരിച്ചുവിട്ടതാണെന്നും അഫ്ഗാൻ ഭരണകൂടം പറയുന്നു.
പാക്കിസ്ഥാനിലെ നിലവിലെ സാഹചര്യം സുരക്ഷാപരമായും രാഷ്ട്രീയമായും അതീവ സങ്കീർണ്ണവും വരിമുറുകിയതുമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ആഴ്ച (സെപ്റ്റംബർ 21-ന്) പാക്കിസ്ഥാൻ വ്യോമസേന അഫ്ഗാനിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. അതിന് കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് ഇപ്പോൾ പാക്കിസ്ഥാനിൽ നിന്ന് വന്ന 28 പേരെ വധിച്ചതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെടുന്നത്.
തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (TTP) പോലുള്ള സംഘടനകൾ പാക് സൈന്യത്തിനും പോലീസിനും നേരെ വലിയ തോതിലുള്ള ചാവേർ ആക്രമണങ്ങളാണ് നടത്തുന്നത്. കൊഹാട്ടിലെ പള്ളിയിലുണ്ടായ ആക്രമണവും (31 മരണം) കഴിഞ്ഞ ദിവസങ്ങളിൽ ദേര ഇസ്മായിൽ ഖാനിലുണ്ടായ ആക്രമണവും ഇതിന് ഉദാഹരണങ്ങളാണ്.

