ഇസ്ലമാബാദ്: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പാർട്ടിയായ പിടിഐ (PTI) പ്രഖ്യാപിച്ച വൻ പ്രതിഷേധ റാലി നേരിടാൻ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലമാബാദിൽ കടുത്ത നിയന്ത്രണങ്ങളും അടിയന്തര ജാഗ്രതയും ഏർപ്പെടുത്തി. പിടിഐ പ്രഖ്യാപിച്ച വൻ പ്രതിഷേധ മാർച്ചിൽ പതിനായിരക്കണക്കിന് ആളുകൾ അണിനിരക്കുമെന്ന വിവരത്തെ തുടർന്ന് നഗരത്തെ പൂർണമായും ഒറ്റപ്പെടുത്തിയ നിലയിലാണ് ഷെഹ്ബാസ് ഷെരീഫ് സർക്കാർ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
പ്രതിഷേധക്കാർ നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ ഇസ്ലാമാബാദിലേക്കുള്ള പ്രധാന റോഡുകളും ഹൈവേകളും അതിർത്തികളും വൻതോതിൽ ഷിപ്പിംഗ് കണ്ടെയ്നറുകൾ വെച്ച് പാകിസ്ഥാൻ സർക്കാർ പൂർണ്ണമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. നഗരത്തിൽ അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നതും പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതും വിലക്കിക്കൊണ്ട് രണ്ട് മാസത്തേക്ക് സെക്ഷൻ 144 (നിരോധനാജ്ഞ) പ്രകാരമുള്ള അടിയന്തര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ, ഖൈബർ പഖ്‌തുൻഖ്വയെയും പഞ്ചാബിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ അറ്റക്ക് പാലത്തിൽ ഗതാഗതം തടയുന്നതിനായി ലോഹ ആണികൾ തറച്ചുറപ്പിച്ചു. സർക്കാരിൻ്റെ ഈ കടുത്ത നടപടികൾ ഇസ്ലമാബാദിനെ യാതൊരുവിധ ഗതാഗതവും സാധ്യമല്ലാത്ത ഒരു കോട്ടയാക്കി മാറ്റിയിരിക്കുകയാണ്.
ക്രമസമാധാന പാലനത്തിനായി ഇസ്ലാമാബാദിലുടനീളം ഇരുപതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ചിലയിടങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കാനും അർദ്ധസൈനിക വിഭാഗത്തെ (റെയ്ഞ്ചേഴ്സ്) വിന്യസിക്കാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള ഏത് അടിയന്തര സാഹചര്യവും നേരിടാൻ സെപ്റ്റംബർ 30 വരെ ഇസ്ലാമാബാദിലെ പ്രധാന ആശുപത്രികൾക്ക് അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മാർച്ചിന് മുന്നോടിയായി വിപുലമായ അടിച്ചമർത്തൽ നടപടികളാണ് ഭരണകൂടം സ്വീകരിച്ച് വരുന്നത്. ഇമ്രാൻ ഖാന്റെ സഹോദരിമാരായ ഉസ്‌മ, നൂറിൻ എന്നിവരെ പൊതുസമാധാനത്തിന് ഭീഷണിയാണെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു. ഇതിനൊപ്പം മുതിർന്ന പിടിഐ നേതാക്കളെയും നിരവധി പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിഐ നേതാക്കളെ ആയുധധാരികളായ സംഘം തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനില വശളാണെന്നും അദ്ദേഹത്തിന് നേരെ ജയിലിൽ വച്ച് അനീതികൾ നടക്കുന്നുണ്ടെന്നും ആരോപിച്ചാണ് പാർട്ടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ആറ് മുതൽ എട്ട് മാസത്തിനകം പൊതുതിരഞ്ഞെടുപ്പ് നടത്തുക, ഇമ്രാൻ ഖാനെയും മറ്റ് രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക എന്നി ആവശ്യങ്ങളാണ് പിടിഐ മുന്നോട്ടുവെക്കുന്നത്.
നേരത്തെ സെപ്റ്റംബർ 27-ന് നടത്താനിരുന്ന പ്രതിഷേധ മാർച്ച് സർക്കാരിന്റെ ശക്തമായ നീക്കങ്ങളെ തുടർന്ന് ഒക്ടോബർ നാലിലേക്ക് മാറ്റിവെച്ചിരുന്നു. എന്നാൽ നിലവിൽ ഉയർന്ന വൻ രാഷ്ട്രീയ അസ്ഥിരതയ്ക്കും സർക്കാരുമായി നടക്കുന്ന രഹസ്യ ചർച്ചകൾക്കും ഇടയിൽ മാർച്ച് വീണ്ടും നീണ്ടുപോകുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. അതേസമയം തടസങ്ങൾ എന്തൊക്കെ ഉണ്ടായാലും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് പിടിഐ നേതൃത്വം.

