Friday, September 25, 2026
Home » റഷ്യക്കെതിരെ രൂക്ഷ വിമർശനവും ഇന്ത്യക്ക് മുന്നറിയിപ്പുമായി യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി.
റഷ്യക്കെതിരെ രൂക്ഷ വിമർശനവും ഇന്ത്യക്ക് മുന്നറിയിപ്പുമായി യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി.

റഷ്യക്കെതിരെ രൂക്ഷ വിമർശനവും ഇന്ത്യക്ക് മുന്നറിയിപ്പുമായി യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി.

ഐക്യരാഷ്ട്രസഭയിൽ വൊളോഡിമിർ സെലെൻസ്കി സംസാരിക്കുന്നതിനിടയിലും യുക്രെയ്നിൽ റഷ്യൻ ആക്രമണം.

by Editor

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ റഷ്യക്കെതിരെ രൂക്ഷ വിമർശനവും ഇന്ത്യക്ക് മുന്നറിയിപ്പുമായി യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച യുക്രെയ്ൻ പ്രസിഡന്റ്, ഇന്ത്യ ഉൾപ്പെടെയുള്ള 47 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ റഷ്യ യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തി.

ഇന്ത്യ ഉൾപ്പെടെ 47 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ വഞ്ചനയിലൂടെയും തട്ടിപ്പിലൂടെയും റഷ്യ തങ്ങളുടെ യുദ്ധമുഖത്തേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഉത്തരകൊറിയ, ചൈന, ഘാന, നേപ്പാൾ, ഇന്ത്യ, യെമൻ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. റഷ്യക്കാരല്ലാത്ത നിരവധി മനുഷ്യർ യുദ്ധക്കളത്തിൽ കൊല്ലപ്പെടുന്നത് ഞങ്ങൾ കാണുന്നുണ്ട്. കബളിപ്പിക്കലുകളിലൂടെയും വ്യാജ വാഗ്ദാനങ്ങളിലൂടെയും റഷ്യയിലെത്തിപ്പെട്ട നിങ്ങളുടെ പൗരന്മാരാണ് അവർ. നിങ്ങളുടെ പൗരന്മാരോട് റഷ്യ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാം. തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കണമെന്നും മറ്റൊരു മുന്നണിയിൽ അവർ ചെന്ന് പെടാൻ അനുവദിക്കരുതെന്നും സെലെൻസ്കി ബന്ധപ്പെട്ട രാജ്യങ്ങളോട് അഭ്യർഥിച്ചു.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ‘പേഷ്യന്റ് സീറോ’ എന്ന് സെലെൻസ്കി വിശേഷിപ്പിച്ചു. ലോകമെമ്പാടും യുദ്ധവും അസ്ഥിരതയും പടർത്തുന്ന പ്രധാന ഉറവിടം പുട്ടിനാണെന്നും, ഈ യുദ്ധം യുക്രെയ്നിന്റെ അതിർത്തികളിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

റഷ്യയുമായുള്ള വ്യാപാരം പരിമിതപ്പെടുത്താൻ അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യൻ എണ്ണയുടെയും ഊർജത്തിന്റെയും പ്രധാന വാങ്ങലുകാരായ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ വ്യാപാരം നിർത്തിയാൽ റഷ്യക്ക് യുദ്ധം അവസാനിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യക്ക് ലഭിക്കുന്ന ഓരോ പണവും യുദ്ധത്തിന്റെ ആയുസ്സ് കൂട്ടുകയേ ഉള്ളൂ. ഈ വർഷം മാത്രം റഷ്യ യുക്രെയ്നെതിരെ 63,000-ത്തിലധികം ഡ്രോണുകൾ ഉപയോഗിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. വരാനിരിക്കുന്ന ശൈത്യകാലത്ത് യുക്രെയ്നിന്റെ ഊർജ സംവിധാനങ്ങളെ റഷ്യ ലക്ഷ്യമിട്ടാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യൻ സൈന്യത്തിൽ ഏകദേശം 227 ഇന്ത്യൻ പൗരന്മാർ റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിൽ 139 പേരെ മോചിപ്പിച്ചു. എന്നാൽ, യുദ്ധത്തിൽ ഇതുവരെ 51 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചിരുന്നു. ബാക്കിയുള്ള മുഴുവൻ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി റഷ്യൻ അധികൃതരുമായി നിരന്തരം ചർച്ചകൾ നടത്തിവരികയാണെന്നും നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ് ഏജന്റുമാർക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

ഐക്യരാഷ്ട്രസഭയിൽ വൊളോഡിമിർ സെലെൻസ്കി സംസാരിക്കുന്നതിനിടയിലും യുക്രെയ്നിൽ റഷ്യൻ ആക്രമണം.

യുക്രെയ്ൻ തലസ്ഥാനമായ കീവിലും വടക്കുകിഴക്കൻ മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ റഷ്യ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഐക്യരാഷ്ട്രസഭയിൽ വൊളോഡിമിർ സെലെൻസ്കി സംസാരിക്കുന്നതിനിടയിലാണ് യുക്രെയ്നെ നടുക്കിയ പുതിയ ആക്രമണ പരമ്പരകൾ റഷ്യ നടത്തിയത്. റഷ്യൻ ആക്രമണങ്ങളിൽ എട്ടിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കുകിഴക്കൻ ഖാർകീവ് (Kharkiv) മേഖലയിൽ ഉണ്ടായ ആക്രമണത്തിൽ ആറ് കാർഷിക തൊഴിലാളികൾ കൊല്ലപ്പെട്ടു.

തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരു ആശുപത്രിയുടെ (Maternity Hospital) മുഖപ്പും സമീപത്തെ ക്ലിനിക്കും തകർന്നു. രണ്ട് പേർ ഇവിടെ കൊല്ലപ്പെടുകയും മൂന്ന് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കീവിലുടനീളം 20-ലധികം ശക്തമായ സ്ഫോടനങ്ങളാണ് ഉണ്ടായത്. റെയിൽവേ ലൈനുകൾ, ഇന്ധന സംഭരണശാലകൾ, ഡാറ്റാ സെന്ററുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഈ റഷ്യൻ ആക്രമണം. ഇത് മൂലം കീവിലെ ലക്ഷക്കണക്കിന് വീടുകളിൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു.

റഷ്യ തങ്ങളുടെ അത്യാധുനിക ജെറ്റ് എഞ്ചിൻ ഘടിപ്പിച്ച ഷഹീദ് (Shahid) ഡ്രോണുകൾ ഉൾപ്പെടെ 161-ലധികം ഡ്രോണുകളാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തിനായി ഉപയോഗിച്ചത്. ഇതിൽ 122 ഡ്രോണുകളെ പ്രതിരോധിക്കാൻ യുക്രെയ്ൻ വ്യോമസേനയ്ക്ക് കഴിഞ്ഞു. റഷ്യൻ ആക്രമണങ്ങൾക്ക് മറുപടിയായി യുക്രെയ്നും റഷ്യയിലെ ബെൽഗൊറോഡ്, പെർം, റോസ്തോവ് തുടങ്ങിയ മേഖലകളിലെ എണ്ണശുദ്ധീകരണ ശാലകൾക്ക് (Oil Refineries) നേരെ ശക്തമായ ഡ്രോൺ ആക്രമണങ്ങൾ നടത്തി തിരിച്ചടിച്ചിട്ടുണ്ട്.

യു.എൻ പൊതുസഭയിൽ ഇറാൻ പ്രസിഡന്റിന്റെ പ്രസംഗത്തിനിടെ യു. എസ് പ്രതിനിധി സംഘം ഇറങ്ങിപ്പോയി.

Send your news and Advertisements

You may also like

error: Content is protected !!