കേരളീയരുടെ സമകാലീന സർഗ്ഗപൈതൃകത്തിലും സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിലും അവിഭാജ്യഘടകമായി മാറിയ മുത്തശ്ശി പത്രത്തിൻ്റെ നൂറ്റി നാല്‌പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് കേരള മുഖ്യ പറഞ്ഞത് ‘വിപ്ലവകരമായ തുടക്കം കുറിച്ച പത്രം, ദീപികയുടെ പ്രസക്തി വിശ്വാസ്യത യാണ്, സെൻസേഷണൽ വാർത്തകളുണ്ടാക്കി റേറ്റിങ് കൂട്ടുന്ന പത്രമല്ല’. ഈ മുത്തശ്ശി പത്രത്തെയോർക്കുമ്പോൾ മലയാള പത്രപ്രവർത്തനത്തിൻ്റെ പിതാവ് ചെങ്കുളത്തു് കുഞ്ഞിരാമ മേനോനെയും ഓർക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകൾ മുഖവിലക്കെടുക്കുമ്പോൾ ഒരു ചോദ്യമുയരുന്നു. ദീപികപോലെ സ്വാർത്ഥ താല്പര്യങ്ങളില്ലാത്ത, പ്രതിച്ഛായയുള്ള എത്ര പത്രങ്ങൾ കേരളത്തിലുണ്ട്?
മത രാഷ്ട്രീയ പ്രമാണിമാരുടെ അഭിപ്രായത്തേക്കാൾ പൊതുജനങ്ങളുടെ, കർഷകരുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ദീപിക ഇന്നും പ്രകാശം പൊഴിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ ധാരാളം മത രാഷ്ട്രീയ പത്രങ്ങൾ ജന്മമെടുത്തു. സമൂഹത്തിൽ വിജ്ഞാന തീക്ഷ്‌ണത വർധിപ്പിക്കേണ്ട, ഉത്കൃഷ്ടതയുടെ ഉയരങ്ങളിൽ സഞ്ചരിക്കേണ്ടവർ സോഷ്യൽ മീഡിയ യു ട്യൂബ് കാർ എണ്ണം കൂട്ടനായി അതിരുകടക്കുന്നതു പോലെ വാർത്താ പ്രാധാന്യത്തിനായി സാഹസിക പത്രപ്രവർത്തനമാക്കി മാറ്റിയിരിക്കുന്നത് സ്ത്രീപീഡനം, സെലിബ്രിറ്റികളുടെ അംഗചലനങ്ങൾ (ആടിപാടുന്നവർക്ക് ആരാണീ പേരിട്ടത്), ലൈംഗികത, മത രാഷ്ട്രീയക്കാരുടെ ഇഷ്ടതോഴരായി രാഷ്ട്രീയ നേതാക്കന്മാരെപോലെ ശുദ്ധ നുണകൾ പ്രചരിപ്പിക്കുക, അധികാരത്തി ലിരിക്കുന്നവരുടെ അഴിമതി മൂടിവെച്ചു് അവരെ വാഴ്ത്തിപ്പാടുക തുടങ്ങിയ കലാപരിപാടികളാണ് നടത്തി ക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ മാധ്യമ സംസ്‌കാരം തൊടുത്ത അമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാൻ കഴിയാത്തവിധമായിരിക്കുന്നു.
പരമ്പരാഗത അന്ധവിശ്വാസികളെപോലെ ഇവരുടെ പത്രങ്ങൾ വായിച്ചു് ദോഷകരമായി ബാധിക്കുന്നത് അറിവോ ബോധ്യമോ ഇല്ലാത്ത സാധാരണ മനുഷ്യരെയാണ്. അവരാകട്ടെ ഈ ജാതി മത രാഷ്ട്രീയ പത്രങ്ങളും, ചാനലുകളുമാണ് വായിക്കുന്നത് കാണുന്നത്. എല്ലാം ധാർമ്മികബോധത്തെയും തിരസ്കരിക്കുന്ന ഈ മാധ്യമങ്ങൾ സമൂഹത്തിൽ പക, പ്രതികാരം, വെറുപ്പ് തുടങ്ങിയ സംസ്‌കാരമാണ് വളർത്തുന്നത്. ഇന്ന് സത്യത്തെ മുൻനിർത്തി മാധ്യമ പ്രവർത്തനം നടത്തുന്നവർക്ക് ഈ കൂട്ടർ ഒരു ഭീഷണിയായി മാറുന്നു. സോഷ്യൽ മീഡിയ അടക്കമുള്ള ഈ മഞ്ഞപ്പത്ര പാപ്പരത്വ സംസ്‌കാരത്തെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകുമോ?
മുഖ്യമന്ത്രി പറഞ്ഞതുപോലെ ഏതൊരു പത്രത്തിന്റെയും മുഖമുദ്ര വിശ്വാസ്യതയാണ്. എല്ലാം ആശയങ്ങളോട് വിശ്വാസങ്ങളോട് എല്ലാവർക്കും യോജിക്കണമെന്നില്ല. പൊതുവിൽ കാണുന്നത് ആശയത്തെയല്ല എതിർക്കുന്നത് വ്യക്തിയെയാണ്. ഇതിന് ചൂട്ടുപിടിക്കുന്ന സോഷ്യൽ മീഡിയ കൂലി വാങ്ങുന്നവർ, മാധ്യമങ്ങളുണ്ട്. ഇവിടെ ദീപിക പത്രം ഒരാളുടെ ആശയത്തെ അമിതമായി വിലമതിക്കുന്നു. ലോകത്തു് ആത്മീയതയും ഭൗതികതയും തമ്മിൽ ഏറ്റുമുട്ടുമ്പോഴും സ്നേഹവും കരുണയും ചൊരിയുന്നു. മറ്റുള്ളവരെപ്പോലെ ആരെയും ആക്രമിക്കുന്നില്ല. ഇതിനൊപ്പം കൂട്ടിവായിക്കേണ്ടത് നിരാലംബരെയും, ആലംബഹീനരെയും പാവങ്ങളെയും സഹായിക്കുന്നതിൽ ദീപികയുടെ പങ്ക് വളരെ വലുതാണ്.
കേരളത്തിന്റെ സാമൂഹ്യ- വിദ്യാഭ്യാസ – സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്ക്, പൗരാവകാശങ്ങൾക്കായി പൊരുതിയ വലിയ ചരിത്രമാണ് ദീപികയ്ക്കുള്ളത്. ദീപികയിൽ എഴുതാത്ത ഒരെഴുത്തുകാരനും കേരളത്തിൽ കാണില്ല. കേരളവർമ്മ വലിയകോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ്മ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കട്ടക്കയത്തു് ചെറിയാൻ മാപ്പിള, ഒ.എം. ചെറിയാൻ, തകഴി, കെ.പി.കേശവമേനോൻ തുടങ്ങി പല മഹാരഥന്മാരും ദീപികയിൽ എഴുതി നമ്മുടെ ഭാഷയെ സമ്പന്നമാക്കിയിട്ടുണ്ട്. 1998- മുതൽ എനിക്കും ദീപികയുടെ ഓണപ്പതിപ്പിലും, വരാന്ത്യപ്പതിപ്പിലും, ഓൺലൈനിലും എഴുതാൻ അവസരം ലഭിച്ചിട്ടുണ്ട്. ഭരണഭാഷ മലയാളത്തിലാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ദീപികയാണ്.
1887-ൽ മാന്നാനം സെൻ്റ് ജോസഫ് പ്രെസ്സിൽ നിന്ന് മാസികയായി തുടങ്ങിയ ‘നസ്രാണി ദീപിക’ പിന്നീട് ദീപിക, രാഷ്ട്ര ദീപിക പത്രമായി. 1936 – ലാണ് പ്രസിദ്ധികരണം കോട്ടയത്തേക്ക് മാറ്റിയത്. ദീപികയുടെ നടത്തിപ്പുകാരൻ പണ്ഡിതനും സാഹിത്യകാരനുമായിരുന്ന മാണി കത്തനാർ, ആദ്യ പത്രാധിപർ സി.കുര്യൻ, പത്രാധിപസമിതിയിലുണ്ടായിരുന്നവർ കണ്ടത്തിൽ വർഗീസ് മാപ്പിള, ഇ.ജെ.ജോൺ.
യേശുക്രിസ്തുവിലുള്ള വിശ്വാസം പ്രവർത്തിയാണ്, പ്രതിബദ്ധതയാണ്. ആഡംബര ജീവിതമല്ല. ക്രിസ്‌ത്യൻ ജീവിതത്തിന്റെ അടിസ്ഥാന ശിലയും രക്ഷയിലേക്കുള്ള യാത്രയാണ്. യഥാർത്ഥ വിശ്വാസ സമർപ്പണം ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. അവിടെ സ്നേഹത്തിൻ്റെ അനുകമ്പയുടെ മാർദ്ദവമുണ്ട്. അവർക്ക് മാത്രമേ നിർവ്യാജമായ വാത്സല്യത്തോടെ ഒരാളെ കാണാൻ കഴിയു അതിന് കഴിയാത്തവർ ജീർണ്ണമായ സങ്കുചിതമനസ്‌കർ തന്നെയാണ്. എങ്ങും മൂല്യബോധം നഷ്ടപ്പെടുന്ന ഈ കാലത്തു് ദീപികയുടെ മാധ്യമ സംസ്കാരം മാനവരാശിയുടെ പുരോഗതിക്കായി പ്രകാശം ചൊരിയട്ടെ.
കാരൂർ സോമൻ, (ചാരുംമൂടൻ)

