Wednesday, August 12, 2026
Home » പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് ചിന്തകനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു
പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് ചിന്തകനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു

പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് ചിന്തകനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു

by Editor

തൃശൂർ: പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് ചിന്തകനുമായ ഡോ. എം.പി. പരമേശ്വരൻ (92) അന്തരിച്ചു. 2026 ഓഗസ്റ്റ് 11 ചൊവ്വാഴ്ച തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പായിരുന്നു തൊണ്ണൂറ്റി രണ്ടാം പിറന്നാൾ. ഭാരതീയ ആണവ ഗവേഷണ കേന്ദ്രത്തിലെ (BARC) മുൻ ശാസ്ത്രജ്ഞനായ അദ്ദേഹം, ശാസ്ത്രപ്രചാരണ രംഗത്തും ജനകീയ പ്രസ്ഥാനങ്ങളിലും സജീവമായി പ്രവർത്തിച്ച വ്യക്തിയാണ്.

തൃശൂർ ജില്ലയിലെ കിരാലൂരിൽ 1935 ജനുവരി 18 നായിരുന്നു ജനനം. പിതാവ് മടങ്ങർളി പരമേശ്വരൻ നമ്പൂതിരി. അമ്മ മാടമ്പ് സാവിത്രി അന്തർജ്ജനം. തൃശൂർ നമ്പൂതിരി വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സിഎംഎസ് ഹൈസ്‌കൂൾ, സെൻ്റ് തോമസ് കോളജ് എന്നിവിടങ്ങളിൽ തുടർ വിദ്യാഭ്യാസം നേടി. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദവും മോസ്കോ പവർ ഇൻസ്റ്റിറ്റിയൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച്.ഡിയും നേടി. 1957 മുതൽ 1975 വരെ ഭാഭആറ്റോമിക് റിസർച്ച് സെൻ്ററിൽ ശാസ്ത്രജ്ഞനായിരുന്നു. പിന്നീട് ശാസ്ത്രം ജനങ്ങളിലേക്ക് എത്തിക്കാനായി ജോലി രാജിവെച്ച് പൂർണ്ണസമയ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് ഇറങ്ങി.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ (KSSP) വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം, അതിന്റെ മുൻ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. കേരളത്തിലെ സമ്പൂർണ്ണ സാക്ഷരതാ പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു. ദേശീയ തലത്തിൽ ഭാരത് ഗ്യാൻ വിജ്ഞാൻ സമിതിയുടെ (BGVS) രൂപീകരണത്തിനും നേതൃത്വം നൽകി. അറിയപ്പെടുന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ പരമേശ്വരൻ അവതരിപ്പിച്ച ‘നാലാം ലോക സിദ്ധാന്തം’ സിപിഎമ്മിലും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കിടയിലും ഒരു കാലത്ത് വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. ഈ ആശയത്തെ തള്ളിയ സിപിഎം, 2004-ൽ അദ്ദേഹത്തെ പുറത്താക്കി. ഇതോടെ പാർട്ടിയുമായുണ്ടായിരുന്ന 33 വർഷത്തെ ബന്ധം അദ്ദേഹം അവസാനിച്ചു.

ശാസ്ത്രം, പരിസ്ഥിതി, വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലായി നൂറോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധേയ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1982 ൽ ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചു. എകെജിയെക്കുറിച്ചുള്ള സിനിമയിൽ ഇഎംഎസിന്റെ വേഷം ചെയ്തത് ഡോ. എം.പി പരമേശ്വരനായിരുന്നു. കേരളത്തിന്റെ സാമൂഹിക-ശാസ്ത്ര-സാംസ്കാരിക മണ്ഡലങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ ഒരു പ്രതിഭയെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!