Monday, August 10, 2026
Home » മഹാബലിക്കും റൊമ്പ കഷ്ടം.
മഹാബലിക്കും റൊമ്പ കഷ്ടം.

മഹാബലിക്കും റൊമ്പ കഷ്ടം.

നർമ്മം

by Editor

മഹാബലി രാവിലെ പാതാളപമ്പയിൽ ഒരു നീരാട്ടു ഒക്കെ കഴിഞ്ഞ് കരയ്ക്ക് കയറി.
ഒതുക്കുകല്ലുകൾക്ക് അരികിൽ ഉള്ള അലക്കുകല്ലിൽ തൻ്റെ കൗപീനവും കുത്തിപ്പിഴിഞ്ഞെടുത്തു.
നദിക്കരയിലുള്ള രണ്ട് തെങ്ങുകൾ തമ്മിൽ ബന്ധിച്ചരുന്ന അയയിൽ അത് തൂക്കിയിട്ടു ഈറൻ മാറാനായി പാതാള കൊട്ടാരത്തിലേക്ക് അലസ ഗമനം ചെയ്യുകയായിരുന്നു.
ഇള വെയിലിൽ ഈറൻ തുവർന്നുകൊണ്ടിരുന്ന ഉടമുണ്ടിന്റെ കോന്തല മന്ദ മാരുതനിൽ ഇളക്കികൊണ്ടിരുന്നു.

അദ്ദേഹം കൊട്ടാരത്തിന്റെ ഇളം തിണ്ണയിലേക്ക് കാലെടുത്തു വച്ചപ്പോഴേ
ഭ്രുത്യൻ ശേഷാദ്രി എന്ന വൃദ്ധ ബ്രാഹ്മണൻ ആയാസപ്പെട്ടു ഓടിവന്നിട്ടു പറഞ്ഞു.
“തിരുമേനീ, പടിപ്പുരയിൽ ഒരാൾ അങ്ങയെ മുഖം കാണിക്കാൻ കാത്തു നിൽക്കുന്നു.”
അയ്യാളെന്തിനാ എന്നേ മുഖം കാണിക്കുന്നത് ?
ഞാൻ എന്താ ഡോക്ടർ ആണോ അയാളുടെ മുഖം നോക്കി അസുഖം നിശ്ചയിക്കാൻ ?

ശ്ശോ, തിരുമേനിയുടെ ഒരു തമാശ, അയ്യാൾ അങ്ങേ കാണാൻ വന്നു നിൽക്കുന്നെന്ന്.
ഒരു തുണിസഞ്ചിയും കൈയിൽ ഉണ്ട്.

തുണി സഞ്ചി തൂക്കി താടിയും വച്ച് നടക്കുന്നെങ്കിൽ ശേഷാദ്രി, അത് വല്ല സാഹിത്യകാരന്മാരും ആയിരിക്കും. ഒന്നുകിൽ അവരുടെ മാസികയുടെ ഓണപ്പതിപ്പിലേക്ക് മഹാബലിയുടെ ഒരു ഇന്റർവ്യൂ. അല്ലെങ്കിൽ അയാൾ ഓണത്തിന് പുറത്തിറക്കുന്ന ഏതെങ്കിലും പുസ്തകത്തിനു എന്റെ ഒരു അവതാരിക. നമുക്ക് എന്തെങ്കിലും കിട്ടപ്പോരുണ്ടെങ്കിൽ ഞാൻ ചെയ്തു കൊടുക്കാം.
അല്ലെങ്കിൽ നഹീ.നഹീ.

തനിക്കറിയാവല്ലോ ഇപ്പോൾ നമുക്കും പാതാളത്തിൽ പണത്തിനു വറുതി ഉണ്ട്.
ഓണം ആയിട്ട് ഒരുത്തരേം കണ്ടില്ലല്ലോ എന്ന് നോം വിചാരിച്ചിരിക്കുവായിരുന്നു.
താൻ ഒരു കാര്യം ചെയ്യ്. ഞാൻ ചെന്ന് തുണി മാറി കസവു നേരിയത് ഒക്കെ ഉടുത്ത് അകത്തളത്തിൽ ഇരിക്കുമ്പോഴേയ്ക്ക് താൻ അയാളെ അകത്തോട്ടു കൂട്ടിക്കൊണ്ടുവാ.
താമസിയാതെ എനിക്ക് യാത്ര പോകണമല്ലോ, ഓണത്തിന് പ്രജകളെ കാണാൻ.

മഹാബലി കിടപ്പ് മുറിയിലോട്ട് ചെന്ന് തടിപ്പെട്ടിയിൽ ഇരുന്ന കസവു നേരിയതു കുടഞ്ഞെടുത്തു തറ്റുടുത്തു.
എന്നിട്ട് മേശയിൽ ഇരുന്ന ചെപ്പെടുത്തു ദേഹത്ത് കളഭക്കുറികൾ അണിഞ്ഞു.
അതിന് ശേഷം ഇപ്പോൾ കൈവശം ഉള്ള മെയ്യാഭരണങ്ങൾ, മുത്തുമാല, കടുക്കൻ, കാപ്പുകൾ എല്ലാം എടുത്തണിഞ്ഞു. എന്തേരെ ആഭരണങ്ങൾ ഉണ്ടായിരുന്നതാ. പാതാളത്തിൽ പണത്തിനു ബുദ്ധിമുട്ടിയപ്പോൾ വിറ്റുപോയതല്ലേ.

ഒരുക്കം കഴിഞ്ഞ് അദ്ദേഹം രാജാകീയ പ്രൗഡിയിൽ ഈട്ടി തടിയിൽ കൊത്തിയ തന്റെ പഴഞ്ചൻ സിംഹസനത്തിൽ ആഗതനെ വരവേൽക്കാൻ ചെന്ന് ഇരുന്നു.
കാര്യം രാജസിംഹാസനം ആണെങ്കിലും പഴക്കം കൊണ്ട് ഇരിപ്പിടത്തിന്റെ അലക് ആണികൾ ഇളകിക്കിടക്കുകയാണ്.
അത് മുള ആണി വച്ചെങ്കിലും ഒരു മുറുക്കി എടുക്കാൻ വക ഇല്ലാത്തതുകൊണ്ട് ഇളകിക്കിടക്കുന്ന സിംഹാസനത്തിൽ നിന്നും ഉരുണ്ടു വീഴുമോ എന്ന് പേടിച്ചാണ് മൂപ്പീന്നിന്റെ ഇരുപ്പ്.

അപ്പോഴേയ്ക്കും ശേഷാദ്രി പടിപ്പുരയിൽ എത്തി പടി തുറന്നു.
“ദേ, നിങ്ങളെ മഹബലി അങ്ങുന്ന് വിളിക്കുന്നു, അകത്തൊട്ട് വരൂ.”

ആഗതൻ കൊട്ടാരത്തിന്റെ ഇടനാഴിയിലൂടെ ശേഷദ്രി ബ്രാഹ്മണന്റെ പുറകെ അകത്തേയ്ക്ക് നടന്നു.
അയാൾ നടക്കുന്ന വഴി ചുറ്റും ഒന്ന് കണ്ണോടിച്ചു.
പാതാള കൊട്ടാരം ദാരിദ്ര്യം കൊണ്ട് പൊളിഞ്ഞ ഒരു ഇല്ലം പോലെയുണ്ട്.
മേൽക്കൂരയുടെ ഓട് പോയിട്ട് ചുവർന്നു ഒലിച്ചപാടുകൾ ഉള്ള ഭിത്തികൾ,
ചിതലരിച്ച മച്ചുകൾ. ഇളകിപ്പൊട്ടിയ തറയോടുകൾ, ഓടി മറയുന്ന പാറ്റാ കൂട്ടങ്ങൾ. എല്ലാം അവശതയുടെ അടയാളങ്ങൾ തന്നെ.
മൈന്റ്അനെൻസ് നടത്താൻ മഹാബലി അങ്ങത്തിന്റെ കയ്യിൽ പണമുണ്ടാവില്ല.
പണ്ട് മാവേലിനാട് അടക്കി വാണിരുന്ന ഒരു മഹാരാജാവ് ശുദ്ധഗതിക്കാരൻ ആയിപ്പോയതിന്റെ കുഴപ്പം അല്ലേ ഇതെല്ലാം. ആഗതൻ ഓർത്തു പോയി.

അവർ നടന്ന് മഹാബലിയുടെ സ്വീകരണ മുറിയിൽ എത്തി.
ഒരു പഴഞ്ചൻ സിംഹാസനത്തിൽ ഇരിപ്പുണ്ട് മഹാബലി.
പടങ്ങളിൽ ഒക്കെ കാണുന്നപോലെ നല്ല കുടവയറൻ. വേഷഭൂഷാദികൾ കണ്ടാൽ അറിയാം പണ്ടെങ്ങോ വല്ല്യ ആളായിരുന്നെന്ന്.

കുറച്ച് ആഭരണങ്ങൾ ഒക്കെ അണിഞ്ഞിട്ടുണ്ട്.
കണ്ടിട്ട് സ്വർണ്ണം ആണെന്ന് തോന്നുന്നു.
ഉടയാടകൾ ഒക്കെ പഴക്കം കൊണ്ടു നരച്ചിരിക്കുന്നു. പൊളിയാറായ ഒരു ഓലക്കുട മുറിയുടെ ഒരു മൂലയിൽ ഇരിക്കുന്നുണ്ട്.
ആഗതൻ മഹാബലിയുടെ മുൻപിൽ ചെന്ന് അകലം പാലിച്ചു നിന്ന് അദ്ദേഹത്തെ ശിരസ്സ് കുനിച്ചു ഒന്ന് വണങ്ങി.

താനാരാ, എവിടുന്നു വരുന്നു? മുഖത്തെ ഗൗരവം വിടാതെ മഹാബലി ചോദിച്ചു.
മഹാബലി തിരുമേനീ എന്റെ പേര് വിജയൻ. ഞാൻ അങ്ങയുടെ പഴയ മാവേലിനാട് കേരളത്തിൽ നിന്നും വരുന്നു. അയാൾ വിനയം വിടാതെ പറഞ്ഞു.

ങ്ഹാ. വിജയനോ ? താനാണല്ലേ ഇപ്പോൾ കേരളം ഭരിക്കുന്നത്‌ ?

അയ്യോ, അല്ല അങ്ങുന്നേ. അത് വേറെ വിജയനായിരുന്നു.
ഭരണം മാറിയതൊന്നും ഇവിടെ അറിഞ്ഞില്ലേ തിരുമേനീ?
ഞാൻ ഒരു സാധാരണക്കാരൻ ആണേ.

അതുശരി, താൻ എന്താ വല്ല സാഹിത്യകാരനോ മറ്റോ ആണോ?
തുണിസഞ്ചിയും തൂക്കി താടിയും വച്ച് നടക്കുന്നെ.

എന്താ ഓണം വരുന്നത് പ്രമാണിച്ച് ഞാനുമായിട്ട് എന്റെ പ്രതാപ കാലത്തേക്കുറിച്ച് വല്ല അഭിമുഖവും വേണോ തനിക്ക്?
അതിനൊക്കെ അപ്പോയ്ന്റ്മെന്റ് ഇല്ലാതെ ഇവിടെ വലിഞ്ഞു കേറി വരരുത് എന്ന് തനിക്കറിഞ്ഞുകൂടെ വിജയാ?

മഹാബലിയുടെ സ്വരം കടുക്കുന്നത് കണ്ടപ്പോൾ വിജയൻ ഒന്ന് പരുങ്ങി.
ഇതിയാൻ ഇത്രന്നാള് പാതാളത്തിൽ കിടന്നിട്ടും ശവ്വര്യത്തിന് ഒരു കുറവും ഇല്ലല്ലോ.
പൊന്നു തിരുമേനി കോപിക്കരുത്.
ഞാൻ വന്നത് അവിടുത്തേയ്ക്ക് ഒരു തിരുമുൽ കാഴ്ച്ചയുമായിട്ടാണ്.
അതാണ് ഈ സഞ്ചിയിൽ.

എന്ത്? മഹാരാജാവിനുള്ള തിരുമുൽ കാഴ്ച്ച സഞ്ചിയിലോ ? താൻ നമ്മെ അപമാനിക്കാണോ പുറപ്പാട്?
മഹാബലിക്ക് അങ്ങോട്ട് പിടികിട്ടുന്നില്ല.
കേട്ടുകൊണ്ട് നിൽക്കുന്ന ശേഷദ്രിയ്ക്കും അങ്ങനെ തന്നെ.
എന്തിനാണ് ഇവന്റെ പുറപ്പാട്?

തിരുമേനി ഇതൊരു ഓണ സമ്മാനമാ.
ഇത് ഞങ്ങൾ എല്ലാവർക്കും കൊടുക്കുന്നുണ്ട്.
പണ്ട് അങ്ങ് നാടുവാണിരുന്ന കാലത്ത് മനുഷ്യർ എല്ലാവരും ഒന്നുപോലെ അല്ലാരുന്നോ?
അതിന്റെ ഓർമ്മയ്ക്കായിട്ട് കുടിൽ മുതൽ കൊട്ടാരം വരെ ഒരേ സമ്മാനം.
ഇതിന്റെ പേരാണ് കിറ്റ്.

എങ്ങനുണ്ട് തിരുമേനി ഈ സമഭാവന?

ആട്ടെ ഈ സഞ്ചിയിൽ എന്തൊക്ക്യാടോ ഉള്ളത് ?

അത് വന്നിട്ട്, 100 ഗ്രാം മുളക്,100 പരിപ്പ് 100 പയറ്, 100 മഞ്ഞൾ.അങ്ങനെ ഓരോന്ന്.

ശ്ശേ,എന്നാൽ പിന്നെ 100 കറുപ്പും കൂടി ആകരുന്നല്ലോ . നമ്മുക്ക് കുറെ നാളായി ഉറക്കം തീരെ കമ്മിയാ.

തിരുമേനീ, അതിന് കറുപ്പിനെക്കാൾ പറ്റിയ നല്ല ഒന്നാംതരം സാധനം വേണെങ്കിൽ സംഘടിപ്പിച്ച് തരാം. ഈ ഓണത്തിന് കഴിച്ച്ചേച്ചു കിടന്നാൽ അടുത്ത ഓണത്തിന് പോലും കണ്ണുതുറക്കത്തില്ല.
പക്ഷെ, വില ഇത്തിരി കൂടും. അതിന്റെ പേര്.. MD..

ടോ, നിർത്തഡോ, മനസ്സിലായി.
മഹാബലിക്ക് ഐറ്റം പിടികിട്ടി.
ശേഷാദ്രിക്കും ഐറ്റം മനസ്സിലായി.
ഇപ്പോൾ മാവേലി നാട്ടിൽ ഇതിനൊക്കെ നല്ല ചിലവാ അല്ലേ?
എന്നാൽ ഈ വക കച്ചവടം ഒന്നും ഇവിടെ വേണ്ട. തന്നെ ഞാൻ ഇവിടെ തന്നെ പൂട്ടേണ്ടതാണ്.

ക്ഷമിക്കണം പ്രഭോ. എന്നാൽ അങ്ങേയ്ക്ക് ഇഷ്ടം ഉള്ള ഒരു സാധനം കൂടി സ്പെഷ്യൽ ആയിട്ട് ഈ കിറ്റിൽ വച്ചിട്ടുണ്ട്.
എന്നും പറഞ്ഞു വിജയൻ കിറ്റ് സഞ്ചി തറയിൽ കുടഞ്ഞിട്ട് അതിൽ നിന്നും ചുവന്ന റാപ്പർ ഉള്ള ഒരു സാധനം കയ്യിൽ പൊക്കിക്കാണിച്ചു.

സാധനം കണ്ട മഹാബെലി സന്തോഷം സഹിക്കാതെ കൈ നീട്ടിക്കൊണ്ട് വിളിച്ചു പറഞ്ഞു.
ഹായ്, കിറ്റിന്റെ കൂടെയുള്ള അതിങ്ങു വേഗം തരൂ.

ഇക്കുറി മഹാബലിയുടെ മുഖമണ്ഡലം വല്ലാതെ തെളിഞ്ഞു. പാതാള വാസം തുടങ്ങിയതിനു ശേഷം ആദ്യമാണല്ലോ നോം ഈ സാധനം വീണ്ടും കാണുന്നത്.

തിരുമേനി ആക്രാന്തം കാണിക്കുന്ന ഈ സാധനം എന്തായിരിക്കും എന്ന് വിചാരിച്ചുകൊണ്ട് ശേഷദ്രി മുന്നോട്ട് വന്ന് ചുവന്ന റാപ്പർ ഉള്ള ആ സാധനം വിജയന്റെ കയ്യിൽ നിന്നും മേടിച്ച് നോക്കി.

ങ്ഹാ, ഹാ, കിറ്റ് കാറ്റ്!!
വെറുതെയല്ല തിരുമേനി കയറുപൊട്ടിക്കുന്നത്.
കിറ്റിന്റെ കൂടെ കിറ്റ് കാറ്റ്, കൊള്ളാം. അയാൾ അത് കൊണ്ടുപോയി ബഹുമാന പുരസ്സരം മഹാബലിയുടെ കയ്യിൽ വച്ചു കൊടുത്തു.
ഹോ, പാതാളത്തിൽ വന്നശേഷം മഹാബലിയുടെ മുഖം ഇത്ര മേൽ പ്രസാദിച്ചു കണ്ടിട്ടില്ല!

പണ്ട് മാവേലി നാട്ടിൽ അദ്ദേഹത്തിന്റെ ഭരണകാലത്തു രാജ്യം സന്ദർശിച്ചിരുന്ന വെള്ളക്കാര് മഹാബലിക്ക് കൊടുത്ത് പഠിപ്പിച്ച ശീലമാണ് കിറ്റ് കാറ്റ്.
അന്ന് ഇംഗ്ലണ്ടിൽ സമ്പന്നരുടെ ഇടയിൽ മാത്രം കിട്ടുന്ന ഡെലിക്കസ്സി ആയിരുന്നല്ലോ ആ ചോക്കോലേറ്റ്.

മഹാബലിക്ക് കിറ്റ് കാറ്റ് കൊടുത്തു, കൊടുത്ത് രാജ്യം എഴുതി മേടിക്കാം എന്ന് വെള്ളക്കാര് കരുതി ഇരിക്കുമ്പോഴല്ലേ വാമനൻ വന്ന് പണി ഒപ്പിച്ചത്.

സന്തോഷ ചിത്തനായി കിറ്റ് കറ്റ് നുണഞ്ഞുകൊണ്ടിരുന്നപ്പോൾ മഹാബലി വീണ്ടും ചോദിച്ചു.
അപ്പോൾ എന്തോവാടോ വിജയാ ആ വലിയ രണ്ട് പൊതികൾ ?

അതുവന്നിട്ടു തിരുമേനി, ഒരുകിലോ ഉപ്പും ഒരുകിലോ പഞ്ചസാരയും.

ഉപ്പോ, എന്നേ നിങ്ങള് ഇത്രേം കാലം വെള്ളം കുടിപ്പിച്ചതു മതിയായില്ലേ?
അതു രണ്ടും ഇവിടെ വേണ്ട.

താൻ ആ രണ്ട് പായ്ക്കറ്റ് ഉപ്പും പഞ്ചാരയും പോകുന്നവഴി ആ തെങ്ങിൻ ചുവട്ടിൽ ഇട്ടേരെ. മഹാബലി വിജയനോട് പറഞ്ഞു.
എന്നിട്ട് ആദ്ദേഹം കൊട്ടാരം ഖജനാവിലേയ്ക്ക് മുഖം തിരിച്ച് കല്പിച്ചു.

“ആരവിടെ?”
“അതിനിപ്പോ, ഞാൻ അല്ലാതെ ഇവിടെ ആരിരിക്കുന്നു ?”
ശേഷാദ്രി അതുകേട്ടു മുഖം കോട്ടിക്കൊണ്ട് പ്രതിവചിച്ചു.

ഓഹോ, എന്നാൽ എടോ ശേഷാദ്രി, താൻ ചെന്ന് പട്ടും വളയും എടുത്തോണ്ടുവാ, ഇയ്യാൾക്ക് കൊടുക്കാൻ.

വിജയനിൽ പ്രസാദിച്ച അങ്ങത്തിന്റെ ഉത്തരവ് കേട്ട് ശേഷാദ്രി അമ്പരന്നു.
അയ്യോ ഈ തിരുമേനിക്ക് എന്തിന്റെ കേടാ.
പണ്ട് കാലത്തെ ഓർമ്മ വച്ച് ഓരോന്ന് തട്ടി വിടുകാ. പട്ടും വളേം എടുത്തോണ്ടുവരാൻ.

എവിടിരുന്നിട്ടാ എടുത്തോണ്ടുവരാൻ ?

ശ്ശോ, ഭ്രുത്യാ ഞാൻ ഓർത്തില്ല. ഒരാവേശത്തിൽ അങ്ങ് കല്പ്പിച്ചു പോയതാ.
അതൊക്കെ പഴേകാലം.
മഹാബലിക്ക് പെട്ടന്ന് സ്ഥലകാല ബോധം വന്നു.

ടോ,വിജയാ,
ഇപ്പോൾ ഇവിടെ “പട്ടും വളേം” ഒന്നും തരാനില്ലടോ . ഉള്ളത് “പുട്ടും കടലേമാ.”

താൻ അപ്പുറത്തക്കൂടി ചെന്ന് നമ്മുടെ കുശ്ശിനിയിൽ നിന്ന് അത് മേടിച്ചു കഴിച്ചോണ്ട് തിരിച്ചു വിട്ടോ.

MD കുതിരപ്പുറം.

Send your news and Advertisements

You may also like

error: Content is protected !!