ടെൽ അവീവ്: ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച 15 ഇന ഗാസ സമാധാന പദ്ധതി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി തള്ളി. കൂടാതെ, താൻ അധികാരത്തിൽ ഇരിക്കുന്നിടത്തോളം കാലം ഇറാന് ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഇസ്രയേൽ മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. ഹമാസിനെ പൂർണമായി നിരായുധരാക്കുന്നതുവരെ ഗാസയിൽ നിന്ന് സൈന്യം പിൻവാങ്ങില്ല. രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് മുൻഗണന നൽകും. ആവശ്യമെങ്കിൽ അടുത്ത സഖ്യകക്ഷികളെപ്പോലും എതിർക്കാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതി തള്ളുന്നതായി നെതന്യാഹു പ്രഖ്യാപിച്ചത്.
ഗാസയിലെ ഹമാസിൻ്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും സമ്പൂർണ നിരായുധീകരണം ലക്ഷ്യമിട്ടുള്ള കരാറിൽ എത്തിയിട്ടുണ്ടെന്ന് ട്രംപിൻ്റെ ബോർഡ് ഓഫ് പീസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ എല്ലാത്തരം ആക്രമണങ്ങളും അവസാനിപ്പിക്കുകയും ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയും ചെയ്താൽ മാത്രമേ ആയുധങ്ങൾ കൈമാറുകയുള്ളൂവെന്ന് ഹമാസും വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ ഇസ്രയേൽ തുടർന്നുവന്ന മൗനത്തിനൊപ്പമാണ് ഇപ്പോൾ നെതന്യാഹുവിൻ്റെ ഭാഗത്ത് നിന്ന് കർശന നിലപാടുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ വെടിനിർത്തൽ കരാറിലെത്തിയതിന് ശേഷവും ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണങ്ങൾ തുടരുകയാണ്. ഹമാസിനെ യഥാർഥത്തിൽ നിരായുധീകരിക്കുന്നതുവരെ ഇസ്രയേൽ സൈന്യം യാതൊരു പിന്മാറ്റവും നടത്തില്ലെന്നും സേനയ്ക്കും പൗരന്മാർക്കുമെതിരെയുള്ള ഭീഷണികൾ തടയുന്നത് തുടരുമെന്നും നെതന്യാഹു മന്ത്രിസഭാ യോഗത്തിൽ ആവർത്തിച്ചു. ഇറാനുമായുള്ള യുദ്ധത്തിൽ ട്രംപിനെ പ്രശംസിക്കുമ്പോൾ തന്നെയാണ് ഗാസയിലെ അദ്ദേഹത്തിൻ്റെ നീക്കങ്ങളെ നെതന്യാഹു തള്ളിപ്പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇസ്രയേലിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നെതന്യാഹുവിൻ്റെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപ് പറയുന്നത് മാത്രമാണ് നെതന്യാഹു അനുസരിക്കുന്നതെന്ന് അദ്ദേഹത്തിനെതിരെ പ്രചാരണം നടക്കുന്ന വേളയിൽ കൂടിയാണ് ഈ ശക്തമായ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. പ്രസിഡന്റ് ട്രംപിനോട് വലിയ ആദരവുണ്ടെന്നും അദ്ദേഹം രാജ്യത്തിന്റെ വലിയ സുഹൃത്താണെന്നും നെതന്യാഹു യോഗത്തിൽ പറഞ്ഞു.
ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിൽ അമേരിക്കയുമായുള്ള ചരിത്രപരമായ പങ്കാളിത്തത്തെ വിലമതിക്കുന്നുവെന്നും എന്നാൽ കരാറുണ്ടായാലും ഇല്ലെങ്കിലും താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാന് ആണവായുധങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിൻ്റെ സുരക്ഷയ്ക്കായി എന്ത് ചെയ്യണമോ അത് ചെയ്യുന്നുണ്ടെന്നും ആവശ്യമുള്ളപ്പോൾ അടുത്ത സുഹൃത്തുക്കളെ പോലും എതിർത്ത് നിൽക്കാനുള്ള കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി പരസ്യമായി തള്ളിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ രാജ്യത്തിന്റെ സുരക്ഷയ്ക്കായി സുഹൃത്തുക്കളുടെ നിലപാടുകളെപ്പോലും എതിർക്കാൻ തയ്യാറാണെന്നാണ് നെതന്യാഹുവിന്റെ പക്ഷം.
മുൻപ് ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ ധാരണകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഗാസ സിറ്റി, ഖാൻ യൂനിസ്, ദെയ്ർ അൽ-ബലാഹ് എന്നിവിടങ്ങളിൽ ഉണ്ടായ ഇസ്രായേൽ ആക്രമണങ്ങളിൽ നിരവധി പലസ്തീനികൾ കൊല്ലപ്പെട്ടു. 2023 ഒക്ടോബറിന് ശേഷം ഇതുവരെ ഗാസയിൽ 73,300-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ.
മക്ക പ്രതിരോധ ഉടമ്പടിയിൽ ഈജിപ്റ്റും അംഗമായേക്കുമെന്ന് തുർക്കി

